ഗ്ലാമറസോ അല്ലാത്തതോ, എന്തിനും തയാർ! തുറന്നു പറഞ്ഞ് ആരാധ്യ

Advertisement

ഗ്ലാമറസ് റോളുകൾ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോൾ തന്റെ കാഴ്ചപ്പാടുകൾ മാറിയെന്ന് നടി ആരാധ്യ ദേവി. ഗ്ലാമറസ് ആയതോ അല്ലാത്തതോ ആയ ‍ഏതു കഥാപാത്രത്തിനും താൻ തയാറാണെന്നും ആവേശത്തോടെ അത്തരം സിനിമകൾക്കായി കാത്തിരിക്കുകയാണെന്നും ആരാധ്യ സമൂഹമാധ്യമത്തിൽ പങ്കു വച്ച് കുറിപ്പിൽ പറഞ്ഞു.

‘ഗ്ലാമർ റോളുകൾ ചെയ്യില്ലെന്ന് ഞാൻ പണ്ട് തീരുമാനമെടുത്തിരുന്നു. 22–ാം വയസ്സിൽ ഞാനെടുത്ത ആ തീരുമാനത്തെയും പറഞ്ഞ വാക്കുകളെയുമോർത്ത് ഇന്ന് ഞാൻ പശ്ചാത്തപിക്കുന്നില്ല. കാലം മാറുന്നതിനനുസരിച്ച് നമ്മുടെ വീക്ഷണങ്ങൾ മാറും ഒപ്പം ജീവിതാനുഭവങ്ങൾ നമ്മുടെ കാഴ്ചപ്പാടുകൾ മാറ്റുകയും ചെയ്യും. ആളുകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമുള്ള എന്റെ ധാരണകൾ മാറി. അന്നു ഞാൻ പറഞ്ഞതിനെക്കുറിച്ച് ഇപ്പോൾ ദു:ഖമില്ല, കാരണം അത് അന്നത്തെ എന്റെ മാനസികനില വച്ചു ഞാൻ പറഞ്ഞതാണ്. ഗ്ലാമർ എന്നത് വളരെ വ്യക്തിപരമാണ്. എന്നെ സംബന്ധിച്ച് അത് ശാക്തീകരണമാണ്. ഒരു നടിയെന്ന നിലയിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളാണ് നിർണായകമെന്ന് ഞാൻ കരുതുന്നു. ഗ്ലാമറസ് ആയതോ അല്ലാത്തതോ ആയ ഏതു റോളിനും ഞാൻ‍ തയാറാണ്. അതെക്കുറിച്ച് എനിക്ക് പശ്ചാത്താപമില്ല. മികച്ച റോളുകൾക്കായി ആവേശത്തോടെ കാത്തിരിക്കുന്നു.’ ആരാധ്യ കുറിച്ചു.

‘നേരത്തെ വിവിധ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന് നെഗറ്റീവ് കമന്റുകൾ ഉണ്ടായപ്പോൾ അതിനെതിരെ പ്രതികരിച്ചിട്ടുള്ളയാളാണ് ആരാധ്യ. ‘നെഗറ്റീവ് കമന്റുകൾ തന്റെ സ്വകാര്യ ജീവിതത്തിലും ബാധിച്ചിട്ടുണ്ട്. വിഡിയോകൾക്ക് കമന്റ് ചെയ്യുന്നതോ അത് ഷെയർ ചെയ്യുന്നതോ എനിക്ക് പ്രശ്നമില്ല. പക്ഷേ, എന്റെ സ്വകാര്യ ജീവിതത്തിന് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുണ്ടാകുന്ന കാര്യങ്ങൾ ചെയ്യരുത്. എന്റെ അഭ്യർഥനയാണിത്. ഞാൻ ഒരു സാധാരണ കുടുംബത്തിൽ പെട്ടയാളാണ്. മോഡലിങ്ങും അഭിനയവുമെല്ലാം എന്റെ പാഷനാണ്. 60 സെക്കന്റിൽ നിങ്ങൾ കാണുന്നൊരു റീൽ ഒരുപാട് ദിവസത്തെ കഷ്ടപ്പാടിന്റയും പ്ലാനിങ്ങിന്റെയുമെല്ലാം ഫലമായുണ്ടാകുന്നതാണ്. എനിക്ക് ഇഷ്ടമുള്ളതുകൊണ്ട് മാത്രമാണ് മോഡലിങ്ങിലേക്ക് എത്തിയത്. പക്ഷേ, മോഡൽ ആകുമെന്നോ നടിയാകുമെന്നോ ഒന്നും ചിന്തിച്ചിട്ടില്ല. എനിക്ക് ഇഷ്ടമുള്ളതുകൊണ്ട് മാത്രമാണ് ഫോട്ടോഷൂട്ടുകൾ ചെയ്തത്. സാരിയാണ് എനിക്ക് ധരിക്കാൻ ഇഷ്ടം. അത് കൂടുതൽ കംഫർട്ടാണ്. ചെയ്ത ഫോട്ടോഷൂട്ടുകളൊക്കെ അങ്ങനെയാണ്. ഇനിയും അതെല്ലാം ചെയ്യാനാണ് താൽപര്യവും.’ അന്ന് ആരാധ്യ പറഞ്ഞ് ഇങ്ങനെയാണ്.

മലയാളിയായ ആരാധ്യ ഇൻസ്റ്റഗ്രാം റീൽസ് വിഡിയോയിലൂടെയാണ് വൈറലായത്. ശ്രീലക്ഷ്മി സതീഷ് എന്ന പേര് സംവിധായകൻ രാംഗോപാൽ വർമയാണ് ആരാധ്യ ദേവി എന്നാക്കി മാറ്റിയത്. അദ്ദേഹം അവതരിപ്പിക്കുന്ന സാരി എന്ന സിനിമയിലാണ് ആരാധ്യ അഭിനയിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരം ഇൗ സിനിമയിൽ എത്തുന്നത്. രവി വർമ നിർമിച്ച് ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രം സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് പറയുന്നത്.

അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.സത്യാ യാദു അവതരിപ്പിക്കുന്ന കഥാപാത്രം സാരി ചുറ്റിയ ഒരു യുവതിയെ കാണുന്നു. ആരാധ്യ ദേവി അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തെ അയാൾ പിൻതുടരുകയും അയാളുട അവളോടുള്ള വികാരം അപകടകരമായി മാറുന്നതുമാണ് “സാരി” എന്ന ചിത്രം പറയുന്നത്. നേരത്തെ ശ്രീലക്ഷ്മി എന്നായിരുന്നു ആരാധ്യ ദേവിയുടെ പേര്. ആർജിവി ഡെൻ നടത്തിയ കോർപ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യ ദേവി ഈ ചിത്രത്തിലേക്ക് എത്തുന്നത്. ഏകകണ്ഠേനയാണ് ഈ കഥാപാത്രത്തിലേക്ക് ആരാധ്യ ദേവിയെ തെരഞ്ഞെടുത്തത്. ഇതുപോലെ തന്നെയായിരുന്നു സത്യ യാദുവിന്റേയും തെരഞ്ഞെടുപ്പ്.