‘ആനി മോനെ സ്നേഹിക്കുന്നത് പോലെ മാഗിക്ക് എന്നെ സ്നേഹിക്കാമോ’…. അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച ‘ദശരഥം’ 35 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു

Advertisement

ആനി മോനെ സ്നേഹിക്കുന്നത് പോലെ മാഗിക്ക് എന്നെ സ്നേഹിക്കാമോ’ എന്ന് ചിരിച്ചുകൊണ്ട് ചോദിച്ച് മലയാളി പ്രേക്ഷകരെ ഒന്നടങ്കം കരയിപ്പിച്ച രാജീവ് മേനോന്‍ വന്നിട്ട് 35 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. ലോഹിതദാസ്-സിബി മലയില്‍ കൂട്ടുക്കെട്ടില്‍ പിറന്ന ‘ദശരഥം’. മലയാളത്തിലെ എക്കാലെത്തെയും മികച്ച ചിത്രങ്ങളിലൊന്ന്.
വാടക ഗര്‍ഭധാരണം എന്ന ആശയത്തെക്കുറിച്ച് സംസാരിച്ച സിനിമ റിലീസ് ചെയ്തിട്ട് 35 വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസത്തില്‍ സിനിമയുടെ ഭാഗമായിരുന്ന, പിന്നീട് വിടപറഞ്ഞവരുടെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ സിബി മലയില്‍.
ചിത്രത്തിന്റെ തിരക്കഥാകൃത്ത് ലോഹിതദാസ്, സംഗീത സംവിധായകന്‍ ജോണ്‍സന്‍, ഗാനരചയിതാവ് പൂവച്ചാല്‍ ഖാദര്‍, അഭിനേതാക്കളായ നെടുമുടി വേണു, മുരളി, സുകുമാരന്‍, കരമന ജനാര്‍ദ്ദനന്‍, സുകുമാരി, കെപിഎസി ലളിത, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരുടെ ഓര്‍മ്മകളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
‘മുപ്പത്തഞ്ചു ‘ദശരഥ’വര്‍ഷങ്ങള്‍… രാജീവ് മേനോനും മാഗിയും പിന്നെ ഞാനും… കൂടെയുണ്ടായിരുന്ന കടന്നുപോയവരെ ഓര്‍ക്കുന്നു… ലോഹി, ജോണ്‍സന്‍, പൂവച്ചല്‍, മുരളി, വേണുച്ചേട്ടന്‍, സുകുവേട്ടന്‍, കരമനച്ചേട്ടന്‍, സുകുമാരിച്ചേച്ചി, ലളിതച്ചേച്ചി, എം എസ് തൃപ്പൂണിത്തറ ചേട്ടന്‍, ബോബി കൊട്ടാരക്കര, ഷന്മുഖണ്ണന്‍, വേലപ്പണ്ണന്‍, സി കെ സുരേഷ്… ഒടുവിലായി പൊന്നമ്മച്ചേച്ചിയും… വേദനിപ്പിച്ച വേര്‍പാടുകളുടെ ഓര്‍മ്മകള്‍ മാത്രം ബാക്കി,’ എന്ന് സിബി മലയില്‍ കുറിച്ചു.
അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച ‘ദശരഥം’ ഇന്നും മലയാളി പ്രേകഷകരുടെ ഉള്ളില്‍ നീറുന്ന ഓര്‍മ്മയായി കിടപ്പുണ്ടാവും. രാജീവ് മേനോന്റെ അനാഥത്വത്തിന്റെയും ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും നൊമ്പരങ്ങളുടെയും കഥയാണ് ലോഹിതദാസിന്റെ ശക്തമായ തൂലികയിലൂടെയും സിബിമലയിലിന്റെ മികച്ച സംവിധാനത്തിലൂടെയും പ്രേക്ഷകര്‍ കണ്ടത്. മാത്രമല്ല മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ദശരഥത്തിലെ രാജീവ് മേനോന്‍.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here