കെജിഎഫ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെയിടയില്‍ ഹിറ്റായ കന്നഡ സൂപ്പര്‍ താരം യഷിന്റെ പുതിയ ചിത്രം ‘ടോക്‌സിക്’ വിവാദത്തില്‍. ബെംഗളുരുവിലെ പീന്യയിലുള്ള എച്ച്എംടി കോംപൗണ്ടിലെ നൂറുകണക്കിന് മരങ്ങള്‍ സിനിമയുടെ ചിത്രീകരണത്തിനായി വെട്ടിമാറ്റിയതായാണ് വിവാദത്തിന് കാരണം. വനംവകുപ്പിന്റെ അധീനതയിലുള്ള എച്ച്എംടിയിലെ സംരക്ഷിതവനഭൂമിയില്‍ നിന്നാണ് 100 ലേറെ മരങ്ങള്‍ വെട്ടിമാറ്റിയത്. സ്ഥലത്തെ മരങ്ങള്‍ വെട്ടി നശിപ്പിച്ചതിന്റെ തെളിവായി സാറ്റലൈറ്റ് ചിത്രങ്ങളും വനംവകുപ്പ് പുറത്ത് വിട്ടു. മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി. സിനിമാ നിര്‍മാതാക്കളോട് അടിയന്തരമായി വിശദീകരണം തേടിയതായും മന്ത്രി അറിയിച്ചു.
എന്നാല്‍ മരങ്ങള്‍ വെട്ടിയിട്ടില്ലെന്ന വാദവുമായി സിനിമാ നിര്‍മാണക്കമ്പനി കെവിഎന്‍ പ്രൊഡക്ഷന്‍സ് രംഗത്തെത്തി. വനംവകുപ്പിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും നിര്‍മാതാവായ സുപ്രീത് വ്യക്തമാക്കി.