പ്രതിനായക സങ്കല്‍പ്പങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് പകര്‍ന്ന നരേന്ദ്ര പ്രസാദ് വിട വാങ്ങിയിട്ട് ഇന്ന് ഇരുപത്തിയൊന്ന് വര്‍ഷം

Advertisement

തനത് ശൈലിയിലെ വില്ലന്‍ ഭാവങ്ങളില്‍ നിന്നും വേറിട്ട തരത്തില്‍ വില്ലനിസം മലയാള സിനിമയില്‍ പകര്‍ന്നാടിയ നടനായിരുന്നു നരേന്ദ്രപ്രസാദ്‌. മാറ്റത്തിന്റെ വഴിയിലൂടെ മലയാള സിനിമ നീങ്ങുമ്പോഴും പ്രതിനായക സങ്കല്‍പ്പങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് പകര്‍ന്ന നടനായിരുന്നു അദ്ദേഹം. മലയാളികളുടെ മനസ്സില്‍ നിന്നും ഒരിക്കലും മായാത്ത ഈഅതുല്യ പ്രതിഭ മറഞ്ഞിട്ട് ഇന്ന് ഇരുപത്തിയൊന്ന് വര്‍ഷം തികയുകയാണ്.
നാടകത്തിലൂടെയായിരുന്നു നരേന്ദ്രപ്രസാദിന്റെ കലാജീവിതം ആരംഭിച്ചത്. കേരളത്തിലെ നാടകചരിത്രത്തിലെ നാഴികല്ലായ ‘നാട്യഗ്രഹം’ രൂപപ്പെടുത്തിയത് നരേന്ദ്ര പ്രസാദായിരുന്നു. അറുപതുകളുടെ തുടക്കം മുതല്‍ നാടകരംഗത്ത് സജീവമായിരുന്ന നരേന്ദ്രപ്രസാദ് വളരെ വൈകിയാണ് മലയാള സിനിമാലോകത്തേക്ക് ചുവടുറപ്പിക്കുന്നത്.
തൊണ്ണൂറുകളുടെ തുടക്കം മുതല്‍ മലയാള സിനിമയില്‍ സജീവ സാന്നിദ്ധ്യമായിരുന്ന നരേന്ദ്രപ്രസാദ്‌ ചെറുതും,വലുതുമായ നിരവധി വേഷങ്ങളാണ് വെള്ളിത്തിരയില്‍ പകര്‍ന്നാടിയത്. ‘മേലെപറമ്പില്‍ ആണ്‍വീട്’, ‘ആറാം തമ്പുരാന്‍’, ‘ഏകലവ്യന്‍’, ‘തലസ്ഥാനം’, ‘ഭീഷ്മാചര്യ’ തുടങ്ങിയ നിരവധി സിനിമകളില്‍ അദ്ദേഹത്തിന്റെ കരുത്തുറ്റ അഭിനയം പ്രേക്ഷകര്‍ കണ്ടറിഞ്ഞതാണ്. ‘ആറാം തമ്പുരാനി’ലെ കൊളപ്പുള്ളി അപ്പന്‍ തമ്പുരാന്‍റെ ഭാവചേഷ്ടകള്‍ ഓരോ പ്രേക്ഷകനും അത്ഭുതമാര്‍ന്ന വിധമാണ് നോക്കിയിരുന്നത്. പ്രതിനായകനില്‍ കത്തി നിന്ന വേറിട്ട അഭിനയ മികവിന്റെ പ്രകടനം നരേന്ദ്രപ്രസാദ് എന്ന പ്രതിഭയുള്ള നടനില്‍ അസാധ്യമായി നിലകൊണ്ടു. ‘മേലെപറമ്പില്‍ ആണ്‍വീട്’ പോലെയുള്ള നര്‍മ സിനിമകളിലും സ്വഭാവിക രീതിയിലുള്ള അഭിനയം നിറയ്ക്കാന്‍ നരേന്ദ്രപ്രസാദിലെ നടന് അനായാസം കഴിഞ്ഞിട്ടുണ്ട്.

Advertisement