നയന്‍താരയുടെ ആദ്യ പ്രണയം…ബിയോണ്ട് ദി ഫെയറി ടെയിലില്‍ നാഗാര്‍ജുന

Advertisement

നടി നയന്‍താരയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മിച്ചിട്ടുള്ള ബിയോണ്ട് ദി ഫെയറി ടെയിലില്‍ എന്ന ഡോക്യുമെന്ററി നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് തുടങ്ങിയിരിക്കുകയാണ്. ഇതില്‍ നിരവധി സംവിധായകരും അഭിനേതാക്കളും നയന്‍താരയ്‌ക്കൊപ്പമുള്ള അനുഭവങ്ങളും പങ്കുവച്ചിരുന്നു. ഡോക്യുമെന്ററിയില്‍ നാഗാര്‍ജുന പങ്കുവച്ചിരിക്കുന്ന ഓര്‍മ്മകള്‍ 2006 ല്‍ പുറത്തിറങ്ങിയ ബോസ് എന്ന ചിത്രത്തില്‍ നയന്‍താരയ്‌ക്കൊപ്പം ഒന്നിച്ച് പ്രവര്‍ത്തിച്ചതിനെ കുറിച്ചാണ്. നയന്‍താരയുടെ ആദ്യ പ്രണയങ്ങളിലൊന്നിനെക്കുറിച്ചായിരുന്നു നാഗാര്‍ജുന സംസാരിച്ചത്.
അന്നത്തെ നയന്‍താരയുടെ കാമുകന്റെ പേര് പറയാതെ ആ ബന്ധം പ്രക്ഷുബ്ധമായിരുന്നുവെന്നാണ് നാഗാര്‍ജുന പറഞ്ഞത്. ‘നയന്‍ സെറ്റിലേക്ക് വരുമ്പോള്‍, തീര്‍ച്ചയായും അവള്‍ സുന്ദരിയാണ്… പക്ഷേ അവളുടെ വരവ് തന്നെ രാജകീയമായിരുന്നു. അവരുടെ ചിരി വളരെ ആത്മാര്‍ഥത നിറഞ്ഞതായിരുന്നു. ഇത് ഞങ്ങള്‍ക്കിടയില്‍ പെട്ടെന്ന് തന്നെ അടുപ്പമുണ്ടാകാന്‍ കാരണമായി.
സുഹൃത്തായി ഞാന്‍ ആഗ്രഹിക്കുന്നതും ഇത്തരം ആളുകളെയാണ്. സ്വിറ്റ്സര്‍ലന്‍ഡില്‍ വച്ചൊരു പാട്ടിന്റെ ഷൂട്ടിങ്ങിലായിരുന്നു ഞങ്ങള്‍. റിലേഷന്‍ഷിപ്പില്‍ അവര്‍ വളരെ പ്രക്ഷുബ്ധമായ ഒരു സമയത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് എനിക്കന്ന് മനസിലായി. അവരുടെ ഫോണ്‍ റിങ് ചെയ്യുന്നത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും പേടിയാണ്.
കാരണം ആ ഫോണ്‍കോള്‍ വന്നാല്‍ ആ പെണ്‍കുട്ടിയുടെ മൂഡ് മുഴുവന്‍ പോകും. അവള്‍ അന്നേരം ഫോണ്‍ ഓഫ് ചെയ്യും.’- നാഗാര്‍ജുന പറഞ്ഞു. താന്‍ ഇതേക്കുറിച്ച് നയന്‍താരയോട് ചോദിച്ചിരുന്നുവെന്നും നാഗാര്‍ജുന പറഞ്ഞു. നിങ്ങളൊരു വിജയിച്ച സ്ത്രീയാണ്, എന്തിനാണ് സ്വയം ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചെന്നും നാഗാര്‍ജുന കൂട്ടിച്ചേര്‍ത്തു.

Advertisement