അല്ലു അർജുൻ നായകനായെത്തിയ പുഷ്പ 2 ബോക്സോഫീസിൽ പുതിയ റെക്കോർഡുകളുമായി മുന്നേറുകയാണ്. ആദ്യ ദിനം തന്നെ 294 കോടി നേടി ജൈത്രയാത്ര തുടർന്ന ചിത്രം ഇപ്പോൾ 1000 കോടി ക്ലബ്ബെന്ന നേട്ടത്തിലേക്ക് അടുക്കുകയാണ്. ചിത്രം പുറത്തിറങ്ങി ആറാം ദിവസത്തിൽ 950 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ ചിത്രം നേടുമെന്നാണ് അനസിലിസ്റ്റുകളുടെ വിലയിരുത്തൽ. അവധി ദിവസം കൂടിയായ ഞായറാഴ്ച ചിത്രം 800 കോടി തികച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ആറാം ദിവസവും രാവിലത്തെ ഷോകളിൽ നിന്ന് മാത്രം 4.1 കോടി രൂപയാണ് ചിത്രം കളക്ഷൻ നേടിയത്. ഇന്നോ നാളെയോ കൊണ്ട് ചിത്രം ആയിരം കോടി ക്ലബിലെത്തും. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ നിന്നായി ചിത്രം ഇതുവരെ 597 കോടി കളക്ഷനാണ് നേടിയത്. തെലുങ്കിനേക്കാള്‍ ഹിന്ദി പതിപ്പാണ് ആരാധകര്‍ കൂടുതല്‍ സ്വീകരിച്ചത് എന്നതും ശ്രദ്ധേയമാണ്.
രണ്ടാം വാരാന്ത്യത്തിൽ ചിത്രം 1000 കോടി നേടുമെന്ന് വിവിധ ട്രേഡ് അനലിസ്റ്റുകൾ ഉറപ്പിച്ചു പറയുന്നു. ആദ്യ ഭാഗത്തിന്റെ മുഴുവന്‍ കളക്ഷനെയും മറികടന്നുള്ള കുതിപ്പാണ് പുഷ്പ 2വിന്റേത്. ഇതോടെ ഇന്ത്യന്‍ സിനിമയിലെ തന്നെ പല റെക്കോര്‍ഡുകളും പഴങ്കഥയായി മാറിയിരിക്കുകയാണ്. ഡിസംബര്‍ എട്ടിന് (ഞായറാഴ്ച) മാത്രം ഇന്ത്യയില്‍ നിന്ന് ചിത്രം 141.5 കോടി രൂപ നേടിയെന്നാണ് കണക്ക്.
ഇതോടെ ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളിൽ 800 കോടി കടന്ന ഇന്ത്യൻ ചിത്രമായി പുഷ്പ 2.