ഏറെ നാളത്തെ പ്രണത്തിനൊടുവിൽ ഗോവയിൽ വെച്ച് ഡിസംബർ 12നാണ് നടി കീർത്തി സുരേഷ് വിവാഹിതയായത്. ബിസിനസുകാരനും ബാല്യകാല സുഹൃത്തുമായ ആൻറണി തട്ടിലിനെ ആണ് നടി വിവാഹം ചെയ്തത്. കീർത്തിയുടെ ഹിന്ദു ബ്രൈഡൽ വെഡിങ്ങിന്റെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്കു. തമിഴ് ബ്രാഹ്മണാചാരപ്രകാരം നടന്ന വിവാഹത്തിൽ പരമ്പരാഗത മഡിസാർ സാരി ധരിച്ചാണ് കീർത്തിയെത്തിയത്. പ്രശസ്ത ഫാഷൻ ഡിസൈനർ അനിത ഡോംഗ്രെയാണ് കീർത്തിയുടെ വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്.
മഞ്ഞയും പച്ചയും ചേർന്ന കാഞ്ചിപുരം സാരി ഗോൾഡ് സെറി വർക്കുകളാൽ മനോഹരമായിരുന്നു. വൈര ഊസി എന്ന പരമ്പരാഗത രീതിയിലൂടെയാണ് സാരി നെയ്‌തെടുത്തിരിക്കുന്നത്. സാരിയിൽ ആൻറണിക്കായി ഒരു സർപ്രൈസും കീർത്തി ഒരുക്കിയിരുന്നു. താൻ എഴുതിയ പ്രണയകവിത സാരിയിൽ തുന്നിച്ചേർത്താണ് വിവാഹസാരിയെ കീർത്തി സ്പെഷ്യലാക്കിയത്. 405 മണിക്കൂറെടുത്താണ് ഈ വിവാഹസാരി നെയ്തെടുത്തത്. സാരി ഡിസൈൻ ചെയ്യുന്ന വീഡിയോ അനിത ഡോംഗ്രെ തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം താരത്തിൻറെ ക്രിസ്ത്യൻ ആചാര പ്രകാരമുള്ള വിവാഹ ചിത്രങ്ങളും പുറത്തുവന്നിരുന്നു. വെള്ള ഗൗണിൽ അതീവ സുന്ദരിയായാണ് കീർത്തി സുരേഷ് വിവാഹത്തിനെത്തിയത്. പരസ്പരം ചുംബിക്കുന്ന കീർത്തിയുടെയും ആൻറണിയുടെയും ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
അടുത്തിടെയായിരുന്നു ആന്റണിയുമായുള്ള പ്രണയം കീർത്തി സുരേഷ് തന്നെ വെളിപ്പെടുത്തിയത്. പ്രണയം പൂവണിയാൻ പോകുന്നുവെന്ന വിവരം കീർത്തി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അറിയിച്ചത്. ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടി ഇക്കാര്യം ആരാധകരെ അറിയിച്ചത്. കഴിഞ്ഞ പതിനഞ്ച് വർഷമായി ആൻറണിയും കീർത്തിയും തമ്മിലുള്ള ബന്ധമാണ് വിവാഹത്തിൽ കലാശിച്ചത്. എഞ്ചിനീയറും ബിസിനസുകാരനുമാണ് കൊച്ചി സ്വദേശിയായ ആൻറണി. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസ്സിന്റെ ഉടമ കൂടിയാണ് ആൻറണി.