പാന്‍ ഇന്ത്യന്‍ ചിത്രം ‘കണ്ണപ്പ’യിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്ത്. മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘കണ്ണപ്പ’. കിരാതയെന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. വിഷ്ണു മഞ്ചു നായകനാകുന്ന ചിത്രത്തില്‍ കാമിയോ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തില്‍ അക്ഷയ് കുമാര്‍, പ്രഭാസ് തുടങ്ങിയവര്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസറില്‍ ഒരു നിമിഷത്തില്‍ മിന്നിമറയുന്നതായി മാത്രമേ മോഹന്‍ലാലിനെ കാണിച്ചിരുന്നുള്ളു. മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പാശുപതാസ്ത്രത്തിന്റെ ആചാര്യന്‍, വിജയികളില്‍ വിജയി, ഐതിഹാസികനായ കിരാതന്‍’ എന്നീ വരികളോടെയാണ് കിരാത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ശിവഭഗവാന്റെ ഒരു അവതാരമാണ് കിരാതന്‍. പാണ്ഡവനായ അര്‍ജുനന് പാശുപാസ്ത്രം സമ്മാനിക്കാനായാണ് ശിവന്‍ കിരാത രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്. ‘ഏറ്റവും ധീരനായ പോരാളി, പരമഭക്തന്‍’ എന്ന ടാഗ് ലൈനോടെയാണ് ക്യാരക്ടര്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഗംഭീര റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത് എന്നാണ് പോസ്റ്റര്‍ വ്യക്തമാക്കുന്നത്.
100 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം യഥാര്‍ഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള സമര്‍പ്പണം എന്ന നിലയിലാണ് ഒരുങ്ങുന്നത്. വിഷ്ണു മഞ്ചുവിന്റെ ഏഴുവര്‍ഷത്തെ മുന്നൊരുക്കങ്ങള്‍ക്കൊടുവിലാണ് കണ്ണപ്പ റിലീസിനൊരുങ്ങുന്നത്.
ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. ചിത്രം അടുത്ത വര്‍ഷം ഏപ്രില്‍ 25ന് തിയറ്ററുകളിലെത്തും. കന്നഡ , തെലുങ്ക് , തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.