കൊച്ചി: മലയാളത്തിന്റെ സ്വന്തം ഹാസ്യ ചക്രവര്‍ത്തി ജഗതി ശ്രീകുമാര്‍ വീണ്ടും ചലച്ചിത്ര മേഖലയിലേക്ക് മടങ്ങിയെത്തുന്നു. ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു വേഷത്തിലാണ് ജഗതി ശ്രീകുമാര്‍ വെള്ളിത്തിരയില്‍ മടങ്ങിയെത്തുന്നത്. 2012-ല്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് സിനിമകളില്‍ സജീവമല്ലാത്ത അദ്ദേഹം ‘വല’ എന്ന സിനിമയിലെ ‘പ്രൊഫസര്‍ അമ്പിളി’ എന്ന മുഴുനീള വേഷത്തിലൂടെ സിനിമാലോകത്തേക്ക് 2025-ല്‍ അതിഗംഭീര തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്.
അദ്ദേഹത്തിന്റെ 73-ാം പിറന്നാള്‍ ദിനത്തിലാണ് ‘വല’ അണിയറപ്രവര്‍ത്തകര്‍ സിനിമയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ സ്റ്റീഫന്‍ ഹോക്കിംഗിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ചക്രകസേരയിലിരിക്കുന്ന രീതിയിലാണ് അദ്ദേഹം ചിത്രത്തില്‍ എത്തുന്നതെന്ന് പോസ്റ്റര്‍ കാണിക്കുന്നു. പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍ എന്നാണ് ചിത്രത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. ലോകത്തെ തന്റെ കൈവെള്ളയില്‍ നിയന്ത്രിക്കുന്ന ഒരു മാസ്റ്റര്‍ മൈന്‍ഡ് ശാസ്ത്രജ്ഞന്റെ റോളാണ് അദ്ദേഹത്തിന് എന്ന് തോന്നിപ്പിക്കും വിധമാണ് പോസ്റ്റര്‍. നിമിഷ നേരം കൊണ്ടാണ് പോസ്റ്റര്‍ വൈറലായിരിക്കുന്നത്.
‘ഗഗനചാരി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ പുത്തന്‍ ജോണര്‍ തുറന്നുകൊടുത്ത യുവ സംവിധായകന്‍ അരുണ്‍ ചന്തുവിന്റെ അടുത്ത ചിത്രമാണ് ‘വല’. സയന്‍സ് ഫിക്ഷന്‍ മോക്യുമെന്ററിയായ ‘ഗഗനചാരി’ക്ക് ശേഷം എത്തുന്ന ചിത്രവും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലുമാണ് വരുന്നത്. സോംബികളുമായാണ് ‘വല’ എന്ന പുതിയ ചിത്രമെത്തുന്നത്. ‘വല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏവരും ഏറ്റെടുത്തിരുന്നു. സിനിമയുടെ അനൗണ്‍സ്‌മെന്റ് വീഡിയോയും രസകരമായിരുന്നു.
ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം ഗഗനചാരിയിലെ അനാര്‍ക്കലി മരിക്കാര്‍, കെ. ബി. ഗണേശ്കുമാര്‍, ജോണ്‍ കൈപ്പള്ളില്‍, അര്‍ജുന്‍ നന്ദകുമാര്‍ എന്നിവരും വലയില്‍ ഭാഗമാണ്. മാധവ് സുരേഷും ഭഗത് മാനുവലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ മക്കളായ ഗോകുല്‍ സുരേഷും മാധവ് സുരേഷും ആദ്യമായി ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ‘വല’യ്ക്ക് ഉണ്ട്.