നടി സ്വാസികയും ഭര്‍ത്താവ് പ്രേം ജേക്കബും വീണ്ടും വിവാഹിതരായി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു ഇരുവരുടെയും വിവാഹം. ഒന്നാം വിവാഹ വാര്‍ഷികത്തില്‍ വീണ്ടും വിവാഹിതരായിരിക്കുകയാണ് താരദമ്പതികളിപ്പോള്‍. തമിഴ് ആചാരപ്രകാരമുള്ള ചടങ്ങുകൾ ഉൾക്കൊള്ളിച്ച വെഡ്ഡിങ് ഫോട്ടോഷൂട്ട് നടത്തിയാണ് ഒന്നാം വിവാഹവാർഷികം ആഘോഷമാക്കിയത്.
‘‘ഒരു വര്‍ഷം വളരെപ്പെട്ടെന്ന് കടന്നുപോയി. തമിഴ് ആചാരത്തില്‍ വീണ്ടും വിവാഹിതരാകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇത് മനോഹരമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും നന്ദി. ഷൂട്ട് ആണെങ്കിലും ഞങ്ങള്‍ രണ്ടുപേര്‍ക്കും ഇതൊരു യഥാർഥ കല്യാണമായി തോന്നി. എല്ലാവരോടും സ്നേഹം.”–പ്രേം ജേക്കബിന്റെ വാക്കുകൾ.
‘മനംപോലെ മംഗല്യം’ എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക മൂവാറ്റുപുഴ സ്വദേശിയാണ്. പൂജ വിജയ് എന്നാണ് യഥാർഥ പേര്.
2009ൽ വൈഗൈ എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് സ്വാസിക സിനിമാലോകത്തേക്കെത്തുന്നത്. 2010ൽ ഫിഡിൽ എന്ന സിനിമയിലൂടെ സ്വാസിക മലയാളത്തിലും തുടക്കമിട്ടു. ആ വർഷം തന്നെ ഗോരിപാളയം എന്ന തമിഴ് ചിത്രത്തിലും നായികയായി. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്.
ടെലിവിഷൻ സീരിയലുകളിലും സജീവമാണ് സ്വാസിക. 2014 മുതലാണ് സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങിയത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലാണ് സ്വാസിക ആദ്യമായി അഭിനയിക്കുന്നത്. പല ചാനലുകളിലായി വിവിധ ടെലിവിഷൻ റിയാലിറ്റിഷോകളിലും സാന്നിധ്യമറിയിച്ചു. വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചിരുന്നു.