കാത്തിരിപ്പുകൾക്ക് ഒടുവിൽ മോഹൻലാൽ ചിത്രം എമ്പുരാന്റെ ടീസർ പുറത്തിറങ്ങി.
സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തുടർച്ചയായെത്തുന്ന എൽ2: എമ്പുരാന്റെ ടീസർ റിപ്പബ്ലിക് ദിനത്തിലാണ് പുറത്തിറക്കിയത്. പ്രത്യേക പരിപാടിയിൽ മമ്മൂട്ടിയാണ് ടീസർ പുറത്തിറക്കിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ടീസർ റിലീസ് ചെയ്തു. മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ മാർച്ച് 27-നാണ് തിയേറ്ററുകളിലെത്തുക.
ചിത്രത്തിന്റെ നിർമ്മാതാക്കളായ ആശീർവാദ് സിനിമാസിന്റെയും ലെയ്ക്ക പ്രൊഡക്ഷൻസിന്റേയും ഔദ്യോഗിക യൂട്യൂബ് ചാനലുകളിലൂടെയാണ് ടീസർ സോഷ്യൽ മീഡിയയിലേക്ക് എത്തിയത്. മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയവർ ടീസർ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു. സോഷ്യൽ മീഡിയയിൽ വൻവരവേൽപ്പാണ് എമ്പുരാന്റെ ടീസറിന് ആരാധകർ നൽകിയത്.
എട്ട് സംസ്ഥാനങ്ങളിലും നാല് രാജ്യങ്ങളിലുമായി 14 മാസം കൊണ്ടാണ് എമ്പുരാൻ ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിൽ മഞ്ജു വാര്യർ, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്, ഫാസിൽ, സാനിയ ഇയ്യപ്പൻ, പൃഥ്വിരാജ്, നൈല ഉഷ, അർജുൻ ദാസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഫ്രഞ്ച് നടൻ എറിക് എബൗനി, ബ്രിട്ടീഷ് നടി ആൻഡ്രിയ തിവദാർ എന്നിവർ ഉൾപ്പെടെയുള്ള വിദേശതാരങ്ങളും ചിത്രത്തിൽ എത്തുന്നുവെന്നാണ് വിവരം.
ചിത്രത്തിൽ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിൻ രാംദാസ് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ നേരത്തേ പുറത്തുവന്നിരുന്നു. ടൊവിനോയുടെ ജന്മദിനമായ ജനുവരി 21-നാണ് ‘പവർ…ഇസ് ആൻ ഇല്യൂഷൻ!’ (അധികാരമെന്നതൊരു മിഥ്യയാണ്) എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. കേരളത്തിന്റെ മുഖ്യമന്ത്രിയായി ചിത്രത്തിൽ മുഴുനീള വേഷമാണ് ടൊവിനോയ്ക്ക് എന്നാണ് വിവരം.
കഴിഞ്ഞവർഷം മോഹൻലാലിന്റെ ജന്മദിനമായ മേയ് 21-നാണ് എമ്പുരാനിലെ മോഹൻലാലിന്റെ കഥാപാത്രമായ എബ്രാം ഖുറേഷിയുടെ ആദ്യ പോസ്റ്റർ പുറത്തുവന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള അബ്രാം ഖുറേഷിയ്ക്ക് വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്.