സൂപ്പര്‍ ഹീറോ ആകാന്‍ നിവിന്‍ പോളി. താരത്തിന്റെ പുതിയ ചിത്രം മള്‍ട്ടിവേഴ്‌സ് മന്മഥന്റെ പോസ്റ്ററില്‍ ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടിവേഴ്‌സ് സൂപ്പര്‍ഹീറോ ചിത്രം എന്ന ക്യാപ്ഷനാണ് അണിയറപ്രവര്‍ത്തകര്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ആദിത്യ ചന്ദ്രശേഖറാണ് സംവിധാനം. അനന്ദുവും നിഥിന്‍ രാജുമാണ് രചന. മള്‍ട്ടിവേഴ്‌സ് മന്മഥന്‍ എന്ന സൂപ്പര്‍ ഹീറോയായാണ് നിവിന്‍ പോളിയെത്തുന്നത്. ഒരു പുതിയ ഹീറോ അവതരിക്കുന്നു എന്ന് ചിത്രത്തിന്റെ അപ്‌ഡേഷനെപ്പറ്റി കഴിഞ്ഞ ദിവസം നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അനീഷ് രാജശേഖരനാണ് ക്രിയേറ്റീവ് കൊളാബറേഷന്‍. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്.
പേരന്‍പിനു ശേഷം റാമിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏഴു കടല്‍ ഏഴു മലൈയാണ് നിവിന്‍പോളിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഡിജോ ജോസ് സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യയാണ് ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിന്റെയും കരിക്കിന്റെ വെബ് സീരീസുകളായ ആവറേജ് അമ്പിളി, റോക്ക് പേപ്പര്‍ സിസര്‍ എന്നിവയുടെയും സംവിധായകനാണ് ആദിത്യ ചന്ദ്രശേഖര്‍. പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.