ഋഷഭ് ഷെട്ടി നായകനായെത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രം ദ് പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജിന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് അണിയറപ്രവര്‍ത്തകര്‍. ഛത്രപതി ശിവാജി മഹാരാജിന്റെ 395-ാം ജന്മ വാര്‍ഷികദിനത്തില്‍ ആണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.
സംവിധായകന്‍ സന്ദീപ് സിങ് തന്നെയാണ് രണ്ടാമത്തെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ഭീമാകാരമായ ദേവി വിഗ്രഹത്തിന് മുന്നില്‍ കൈയില്‍ വാളുമായി നില്‍ക്കുന്ന ഋഷഭിനെയാണ് സെക്കന്റ് ലുക്ക് പോസ്റ്ററില്‍ കാണാനാവുക. ‘ഛത്രപതി ശിവാജി മഹാരാജിന്റെ ജന്മവാര്‍ഷികം വളരെയധികം അഭിമാനത്തിന്റെയും ആത്മപരിശോധനയുടെയും നിമിഷമാണ്.
ഈ ചിത്രം അദ്ദേഹത്തിന്റെ അജയ്യമായ ആത്മാവിനുള്ള ഞങ്ങളുടെ ഹൃദയംഗമമായ ആദരാഞ്ജലിയാണ്, ഇന്ത്യയുടെ ചരിത്രത്തിന്റെ ഗതി പുനര്‍നിര്‍മിച്ച ആ യോദ്ധാവിനുള്ള ഒരു സിനിമാറ്റിക് ആദരാഞ്ജലിയാണ്’- എന്നാണ് സെക്കന്റ് ലുക്ക് പുറത്തുവിട്ട് സംവിധായകന്‍ കുറിച്ചിരിക്കുന്നത്. ശിവാജി മഹാരാജ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഋഷഭ് എത്തുക.
പ്രീതം ആണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കുന്നത്. സിദ്ധാര്‍ത്ഥ് ഗരിമ ആണ് തിരക്കഥയൊരുക്കുന്നത്. രവി വര്‍മന്റേതാണ് ഛായാഗ്രഹണം. 2027 ജനുവരി 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതേസമയം ചിത്രത്തില്‍ ഛത്രപതി ശിവാജിയായി എത്തുന്നതിനെക്കുറിച്ച് ഋഷഭ് ഷെട്ടി പ്രസ്താവനയിലൂടെ മുന്‍പ് പ്രതികരിച്ചിരുന്നു.
‘ദ് പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ് എന്ന ചിത്രം സന്ദീപിന്റെ കാഴ്ചപ്പാടില്‍ വളരെ ഗംഭീരമായിരുന്നു, ഈ സിനിമ കേള്‍ക്കുമ്പോള്‍ ഞാന്‍ കണ്ണിമ ചിമ്മാതെ ഇരുന്നു, അവസാനം യെസ് പറഞ്ഞു. ഭാരതത്തിന്റെ അഭിമാനമായ ഛത്രപതി ശിവജി മഹാരാജ് വാക്കുകള്‍ക്ക് അതീതമാണ്.
ചരിത്രത്തെ മറികടക്കുന്ന ഒരു ദേശീയ നായകനാണ് അദ്ദേഹം, അദ്ദേഹത്തിന്റെ കഥ സ്‌ക്രീനില്‍ കൊണ്ടുവരുന്നതില്‍ എനിക്ക് അതിയായ അഭിമാനം തോന്നുന്നു’ എന്നാണ് ഋഷഭ് പറഞ്ഞത്. ഇപ്പോള്‍ കാന്താര പ്രീക്വലിന്റെ തിരക്കുകളിലാണ് ഋഷഭ് ഷെട്ടി.