സിനിമാപ്രേമികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. ചിത്രത്തിന്റെ മൂന്നാം ഭാഗം എന്ന് എന്നത് എപ്പോഴും ആരാധകര്‍ ആവേശത്തോടെ ഉറ്റുനോക്കുകയായിരുന്നു. ഇപ്പോഴിത മോഹന്‍ലാല്‍ സിനിമയുടെ മൂന്നാം ഭാഗം ഉറപ്പെന്ന് ഫെയ്‌സ് ബുക്കിലൂടെ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ജിത്തു ജോസഫിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും കൂടെ മോഹന്‍ലാല്‍ നില്‍ക്കുന്ന ഫോട്ടോ സഹിതമാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ്.
ദൃശ്യം 2 സൂപ്പര്‍ഹിറ്റായതിനുശേഷം ഏറ്റവും കൂടുതല്‍ തവണ പ്രേക്ഷകര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടുള്ള കാര്യമാണ് സിനിമയ്ക്ക് ഒരു മൂന്നാം ഭാഗം ഉണ്ടാകുമോ എന്നത്. സംവിധായകന്‍ ജിത്തു ജോസഫ് അക്കാര്യം ആലോചനയിലുണ്ടെന്ന് പറഞ്ഞെങ്കിലും എപ്പോഴുണ്ടാകും എന്നതില്‍ വ്യക്തത ഉണ്ടായിരുന്നില്ല.
ആശിര്‍വാദ് സിനിമാസ് നിര്‍മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം-3ന്റെ ചിത്രീകരണത്തെ കുറിച്ചോ മറ്റു അഭിനേതാക്കളെ കുറിച്ചോ ഔദ്യോ?ഗിക പ്രഖ്യാപനം വന്നിട്ടില്ല.
‘ഭൂതകാലത്തെ നിശബ്ദമാക്കാനാകില്ല’ എന്ന ക്യാപ്ഷനോടെയാണ് മോഹന്‍ലാല്‍ പോസ്റ്റ് പങ്കുവെച്ചത്. നിമിഷ നേരങ്ങള്‍ കൊണ്ട് മോഹന്‍ലാലിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ആദ്യ രണ്ടു ഭാഗങ്ങളെപ്പോലെ ഈ മൂന്നാം ഭാഗവും പ്രേക്ഷകരെ ഞെട്ടിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. 2013 ഡിസംബര്‍ 19 ന് പുറത്തിറങ്ങിയ ചിത്രം അന്നുവരെയുള്ള എല്ലാ റെക്കോര്‍ഡുകളുമാണ് തകര്‍ത്തെറിഞ്ഞത്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററില്‍ നിന്നും നേടിയത്.