ആര്യയും മഞ്ജു വാരിയറും പ്രധാന വേഷത്തിലെത്തുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ ‘മിസ്റ്റര്‍ എക്സ്’ ടീസര്‍ എത്തി. അസുരന്‍, തുനിവ് എന്നീ ചിത്രങ്ങള്‍ക്കുശേഷം മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് മിസ്റ്റര്‍ എക്സ്. മനു ആന്ദ് ആണ് സംവിധാനം. ആര്യയ്ക്കൊപ്പം ഗൗതം കാര്‍ത്തിക്, ശരത്കുമാര്‍, അനഘ, അതുല്യ രവി, റെയ്സ വില്‍സണ്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. പ്രിന്‍സ് പിക്ചേഴ്സ് ആണ് നിര്‍മാണം. വിഷ്ണു വിശാലിനെ നായകനാക്കി ഒരുക്കിയ എഫ്ഐആറിനു ശേഷം മനു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വന്‍ ബജറ്റിലൊരുങ്ങുന്ന സിനിമ ഇന്ത്യ, ഉഗാണ്ട, ജോര്‍ജിയ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. സ്റ്റണ്ട് സില്‍വയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍

മോഹന്‍ലാല്‍ താരപരിവേഷമില്ലാത്ത സാധാരണക്കാരനായി അഭിനയിക്കുന്ന ചിത്രമാണ് ‘തുടരും’. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. ഇതോട് അനുബന്ധിച്ച് രണ്ട് ദിവസം മുന്‍പ് പുറത്തുവിട്ട ആദ്യ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലിന് വേണ്ടി എംജി ശ്രീകുമാര്‍ പാടി എന്നതാണ് ഗാനത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ഈ ഗാനം ഇപ്പോള്‍ ട്രെന്റിങ്ങില്‍ ഇടം നേടിയിരിക്കുകയാണ്. യുട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാമതാണ് കണ്‍മണിപ്പൂവേ എന്ന ഗാനം. റിലീസ് ചെയ്ത് രണ്ട് ദിവസത്തില്‍ 2 മില്യണ്‍ വ്യൂസും ഗാനം നേടിയിട്ടുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഷണ്‍മുഖം എന്ന കഥാപാത്രത്തിന്റെ കുടുംബത്തെ കാണിച്ചു കൊണ്ടെത്തിയ ഗാനം മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. രജപുത്ര നിര്‍മിക്കുന്ന ചിത്രമാണ് തുടരും. ഒരു റിയലിസ്റ്റിക് നായക കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഷണ്‍മുഖന്‍ എന്നാണ് കഥാപാത്ര പേര്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ലളിത എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിക്കുന്നത്.

ആന്റണി വര്‍ഗീസിനെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ദാവീദ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. ഇടിയൂര് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. ഹരീഷ് ശിവരാമകൃഷ്ണനും ജസ്റ്റിന്‍ വര്‍ഗീസും ചേര്‍ന്നാണ് ആലാപനം. കാര്യമായ മേക്കോവറോടെയാണ് ആന്റണി വര്‍ഗീസ് ഈ ചിത്രത്തിലെ ആഷിക് അബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. സെഞ്ചുറി മാക്സ് ജോണ്‍ മേരി പ്രൊഡക്ഷന്‍സ് എല്‍എല്‍പിയുടെ ബാനറിലെത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അവര്‍ക്കൊപ്പം പനോരമ സ്റ്റുഡിയോസ്, എബി അലക്സ് എബ്രഹാം, ടോം ജോസഫ് എന്നിവരും ചേര്‍ന്നാണ്. ആന്റണി വര്‍ഗീസിനൊപ്പം ലിജോമോള്‍ ജോസ്, വിജയരാഘവന്‍, മോ ഇസ്മയില്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ജെസ് കുക്കു, കിച്ചു ടെല്ലസ്, വിനീത് തട്ടില്‍, അച്ചു ബേബി ജോണ്‍, അന്ന രാജന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

നടന്‍ ഹരീഷ് പേരടി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ദാസേട്ടന്റെ സൈക്കിള്‍’. ഐസ് ഒരതി എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ അഖില്‍ കാവുങ്ങലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഹരീഷ് പേരടിയാണ്. കാതല്‍ സുധി, വൈദി പേരടി, അഞ്ജന അപ്പുക്കുട്ടന്‍, കബനി, എല്‍സി സുകുമാരന്‍, രത്നാകരന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ചിത്രം മാര്‍ച്ച് 14 ന് തിയറ്ററുകളില്‍ എത്തും. ഹരീഷ് പേരടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തോമസ് ഹാന്‍സ് ബെന്നിന്റെ വരികള്‍ക്ക് എ സി ഗിരീശനാണ് സംഗീതം പകരുന്നത്.