വിജയരാഘവന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഔസേപ്പിന്റെ ഒസ്യത്തി’ന്റെ ആകാംക്ഷ നിറയ്ക്കുന്ന ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ ശരത്ചന്ദ്രന്‍ ആര്‍.ജെ സംവിധാനം ചെയ്യുന്ന ചിത്രം കിഴക്കന്‍മലമുകളില്‍ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ട് വാരിക്കൂട്ടിയ സമ്പത്തിന്റെ ഉടമയും എണ്‍പതുകാരനുമായ ഔസേപ്പിന്റേയും മൂന്നാണ്മക്കളുടെയും കഥയാണ് പറയുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മാര്‍ച്ച് 7നാണ് ചിത്രത്തിന്റെ റിലീസ്. ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ഹേമന്ത് മേനോന്‍ എന്നിവരാണ് ഔസേപ്പിന്റെ മക്കളായെത്തുന്നത്. ലെന, ജോജി മുണ്ടക്കയം, കനി കുസൃതി, ജയിംസ് എല്യാ, അഞ്ജലി കൃഷ്ണന്‍, ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോര്‍ഡി പൂഞ്ഞാര്‍, സെറിന്‍ ഷിഹാബ്, ബ്രിട്ടോ ഡേവീസ്, അജീഷ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ഷെയിന്‍ നിഗം നായകനായെത്തുന്ന, വീര സംവിധാനം ചെയ്യുന്ന ‘ഹാല്‍’ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രങ്ങളില്‍ ഒന്നായെത്തുന്ന ചിത്രം ഏപ്രില്‍ 24നാണ് വേള്‍ഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോണി ആന്റണി, നിഷാന്ത് സാഗര്‍, മധുപാല്‍, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രം ഒരു കംപ്ലീറ്റ് കളര്‍ഫുള്‍ എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്നാണ് സൂചന. സംഗീതത്തിന് പ്രാധാന്യം നല്‍കി എത്തുന്ന ചിത്രം ജെ വി ജെ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ഹാലിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. പ്രമുഖ ബോളിവുഡ് ഗായകന്‍ ആത്തിഫ് അസ്ലം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത കൂടി ഹാലിനുണ്ട്.

ഉണ്ണി മുകുന്ദനെ നായകനാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. ഇക്കഴിഞ്ഞ വാരാന്ത്യത്തിലാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ സോംഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘മനം പെയ്യും’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സാം സി എസിന്റേതാണ് സംഗീതം. കാര്‍ത്തിക്കും ശ്വേത മോഹനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. നിഖില വിമലാണ് ചിത്രത്തില്‍ നായിക.

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഫൂട്ടേജ്’. 2024 ഓഗസ്റ്റില്‍ ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ഇപ്പോഴിതാ ആറ് മാസങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ ഹിന്ദി പതിപ്പ് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. മാര്‍ച്ച് 7 നാണ് റിലീസ്. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ വിശാഖ് നായര്‍, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.