19–ാം വയസ്സിൽ ആദ്യ വിവാഹം, രണ്ടാം വിവാഹവും പിരിയാൻ കാരണം: തുറന്നു പറഞ്ഞ് ശാന്തികൃഷ്ണ

Advertisement

ഒറ്റയ്ക്കു ജീവിക്കാൻ ആഗ്രഹിച്ച വ്യക്തി ആയിരുന്നില്ലെന്നു തുറന്നു പറഞ്ഞ് ശാന്തികൃഷ്ണ. രണ്ടു തവണ വിവാഹിതയായെങ്കിലും രണ്ടും വിജയിച്ചില്ല. 12ഉം 18ഉം വർഷങ്ങൾ നീണ്ട ദാമ്പത്യത്തിനു ശേഷമാണ് പിരിഞ്ഞത്. ജീവിതത്തിൽ ഒരുപാടു തിരിച്ചടികൾ നേരിട്ടിട്ടും സിനിമ എന്ന ഒറ്റ കാരണം കൊണ്ടു മാത്രമാണ് പ്രേക്ഷകർക്കു മുൻപിൽ ഇപ്പോഴും പുഞ്ചിരിയോടെ നിൽക്കാൻ കഴിയുന്നതെന്ന് ശാന്തികൃഷ്ണ വ്യക്തമാക്കി. ‘ഗലാട്ട പിങ്ക്’ എന്ന തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം വ്യക്തിജീവിതത്തെക്കുറിച്ച് മനസ്സു തുറന്നത്. വ്യക്തിജീവിതത്തെക്കുറിച്ച് പറയുന്നതിടെ അഭിമുഖത്തിനിടയിൽ വച്ച് നടി പൊട്ടിക്കരയുകയുണ്ടായി.

ശാന്തികൃഷ്ണയുടെ വാക്കുകൾ:

വളരെ ചെറിയ പ്രായത്തിൽ തന്നെ ഞാൻ വിവാഹിതയായി. 1984ൽ വിവാഹം കഴിഞ്ഞു. അതോടെ അപ്രതീക്ഷിതമായി സിനിമയിൽ നിന്നും വിട്ടു. അതിനുശേഷം 1991ൽ മമ്മൂട്ടി ചിത്രത്തിലൂടെ തിരിച്ചു വന്നു. അതിനിടയിൽ വിവാഹമോചനം, വ്യക്തിജീവിതത്തിലെ കയറ്റിറക്കങ്ങൾ എല്ലാം സംഭവിച്ചു. എല്ലാത്തിനും ഒടുവിൽ വീണ്ടും വിവാഹിതയായി. യു.എസിലേക്കു പോയി. രണ്ടു കുട്ടികളായി. 23 വർഷങ്ങൾ കടന്നു പോയി. വീണ്ടും വിവാഹമോചനം സംഭവിച്ചു. അതിനിടയിലെല്ലാം സിനിമ ഒരു താങ്ങായി നിന്നു. പല സങ്കടങ്ങളിൽ നിന്നും കൈ പിടിച്ചു കയറ്റി. യു.എസിൽ ഉള്ളപ്പോൾ തന്നെ പല തവണ സിനിമയിലേക്ക് വിളിച്ചിരുന്നു. അപ്പോഴൊക്കെ ഒരു മുഴുവൻ സമയ വീട്ടമ്മ ആയിരിക്കുക എന്നതായിരുന്നു എന്റെ തീരുമാനം. കുട്ടികളുടെ പരിപാലനം, പഠനം അങ്ങനെയുള്ള തിരക്കുകളിൽ ആയിപ്പോയി. ഒരു അഭിനേത്രി ആയിരുന്ന കാര്യം പോലും മറന്നു പോയി. ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്ന സിനിമയിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. ഞാൻ വിധിയിൽ വിശ്വസിക്കുന്നു. ഒരു തിരക്കഥ എഴുതുമ്പോൾ ആ കഥാപാത്രത്തിലേക്ക് ആരെ വിളിക്കണമെന്ന് അവരുടെ തീരുമാനം ആണല്ലോ. ആ വിളിയിലേക്ക് നമ്മുടെ പേര് ഓർക്കണ്ടേ? അതൊരു വിധിയാണ്. എന്റെ ജീവിതത്തിൽ പല ഘട്ടത്തിലും സിനിമ അത്തരത്തിൽ എന്നെ പിന്തുണച്ചിട്ടുണ്ട്.

അധികം ആലോചന ഇല്ലാതെയായിരുന്നു 19–ാം വയസ്സിലെ വിവാഹം. വിവാഹം കഴിക്കേണ്ട പ്രായം ആയിരുന്നില്ല അത്. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ കാൽപനിക ചിന്തകൾ ഏറെയുള്ള പ്രായമാണ്. ആ പ്രായത്തിൽ വിവാഹം വേണോ, എനിക്കു യോജിക്കുന്ന ബന്ധമാണോ എന്നൊക്കെ എന്റെ വീട്ടുകാർ ചോദിച്ചിട്ടുണ്ട്, നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, എന്റെ വാശിയിൽ ഞാനുറച്ചു നിന്നു. ചില ആളുകൾ മറ്റുള്ളവർ പറയുന്നതു കേട്ട് സ്വയം തിരുത്തും. ചിലർക്ക് സ്വന്തം അനുഭവം ഉണ്ടായെങ്കിലേ പഠിക്കൂ. ഞാൻ രണ്ടാമതു പറഞ്ഞ കൂട്ടത്തിൽ പെട്ടതാണ്.

എന്റെ ഇരുപതുകൾ ഞാൻ അങ്ങനെ നഷ്ടപ്പെടുത്തി. മുപ്പതുകളിൽ ഞാൻ വീണ്ടും വിവാഹിതയായി. അതു വേണ്ടിയിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നു. പക്ഷേ, അതിലൂടെ എനിക്കു രണ്ടു മക്കളെ കിട്ടിയെന്നത് ഭാഗ്യമായി കരുതുന്നു. ആ രീതിയിൽ ഞാൻ ഹാപ്പിയാണ്. എന്റെ ഇരുപതുകളും മുപ്പതുകളും നാൽപ്പതുകളും രണ്ടു വിവാഹങ്ങളിലൂടെ കടന്നു പോയി. ഒന്ന് 12 വർഷം നീണ്ട വിവാഹവും മറ്റൊന്ന് 18 വർഷം നീണ്ട വിവാഹവും. ജീവിതത്തിലെ വലിയൊരു കാലഘട്ടമാണ് ഈ വർഷങ്ങളിലൂടെ കടന്നു പോയത്. ഇത്രയൊക്കെ തിരിച്ചടികൾ നേരിട്ടിട്ടും സിനിമ എന്ന ഒറ്റ കാരണം കൊണ്ടു മാത്രമാണ് ഞാനിപ്പോൾ സന്തോഷമായി പ്രേക്ഷകർക്കു മുൻപിൽ ഇരിക്കുന്നത്.

സിനിമ വേണ്ടെന്നു വച്ച് വീട്ടിലിരുന്ന കാലത്ത് സിനിമയെക്കുറിച്ച് ആലോചിച്ചിട്ടേ ഇല്ല. പൂർണമായും വീട്ടമ്മയായി. എനിക്ക് വരുമാനം ഒന്നുമുണ്ടായിരുന്നില്ല. ജീവിതം മൊത്തത്തിൽ വേറെയൊരു ട്രാക്കിലായിരുന്നു. സ്വന്തമായി വരുമാനം ഇല്ലാത്തതിനാൽ മറ്റൊരാളെ എപ്പോഴും ആശ്രയിക്കേണ്ടി വന്നു. എന്റെ വ്യക്തിത്വം തന്നെ നഷ്ടമായി. രണ്ടാം വിവാഹത്തിൽ തുടക്കക്കാലം എല്ലാം ഓക്കെ ആയിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ എനിക്കെന്റെ വ്യക്തിത്വം നഷ്ടമായി. ഒരു പാവ പോലെയായി. അദ്ദേഹം പറയുന്നതെല്ലാം അനുസരിക്കുന്ന ഒരു പാവ. എനിക്കു വേണ്ടി ചിന്തിക്കാൻ പോലും മറന്നു. അതൊരു മോശം കാലം ആയിരുന്നു.

‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്ന സിനിമയിൽ അഭിനയിക്കാൻ വന്നപ്പോഴാണ് ഞാൻ ചില കാര്യങ്ങൾ തിരിച്ചറിഞ്ഞത്. ഇതാണോ സ്വാത്യന്ത്ര്യം? ഇതാണോ ജീവിതം? ഇങ്ങനെ സന്തോഷമായിരിക്കാൻ കഴിയുമോ എന്നൊക്കെ ഞാൻ അദ്ഭുതത്തോടെ തിരിച്ചറിഞ്ഞു. അത്രയും ഫ്രീ ആയിരിക്കാൻ പറ്റുന്ന അവസ്ഥ അപ്പോഴാണ് ഞാൻ അനുഭവിച്ചത്.

ഈയടുത്ത് കുടുംബത്തിൽ ഒരു വിവാഹം നടന്നപ്പോൾ ചേട്ടൻ സുരേഷ് കൃഷ്ണ എന്റെ മക്കളെ അടുത്തു വിളിച്ച് ഒരു കാര്യം പറഞ്ഞു. ഞാനൊട്ടും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു അണ്ണൻ പറഞ്ഞത്. എന്റെ മക്കളെ അടുത്തു വിളിച്ചിരുത്തി അദ്ദേഹം പറഞ്ഞു, ‘നിങ്ങൾ‌ നിങ്ങളുടെ അമ്മയെ കണ്ടു പഠിക്കണം. അവളുടെ ജീവിതത്തിൽ എന്തെല്ലാം സംഭവിച്ചിട്ടുണ്ട് എന്ന് അറിയാമോ? ജീവിതത്തിലെ കയറ്റിറക്കങ്ങൾ എല്ലാം നേരിട്ട് ഇന്ന് അവൾ നമുക്കു മുൻപിൽ ഇതുപോലെ പുഞ്ചിരിച്ച് നിൽക്കുന്നുണ്ടെങ്കിൽ, ആ ചിരി അവളുടെ മുഖത്തു നിന്നു മായാതെ നോക്കേണ്ട ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്.’ അണ്ണൻ അതു പറഞ്ഞതു കേട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയി.

സ്ത്രീകൾ അവരുടെ വ്യക്തിത്വം നഷ്ടപ്പെടുത്തരുത്. സന്തോഷിക്കാൻ അവർക്കും തുല്യ അവകാശം ഉണ്ട്. അവർക്കും ജീവിതമുണ്ട്. ഇതെല്ലാം ഞാൻ വൈകിയാണ് തിരിച്ചറിഞ്ഞത്. ഇപ്പോഴത്തെ കുട്ടികൾ സ്വന്തം അവകാശങ്ങൾക്കു വേണ്ടി സംസാരിക്കുന്നതു കാണുമ്പോൾ ഞാനോർക്കും, എന്തുകൊണ്ട് എനിക്ക് അങ്ങനെ ഒരു ചിന്ത വന്നില്ല? എന്തുകൊണ്ട് ഞാൻ ഈ ചോദ്യം ഉയർത്തിയില്ല. ആദ്യ വിവാഹം വേർപിരിയലിൽ എത്തിയതുകൊണ്ട് രണ്ടാമത്തേതും വിവാഹമോചനത്തിൽ എത്തരുതെന്ന് മനസ്സു കൊണ്ട് ഞാൻ വല്ലാതെ ആഗ്രഹിച്ചതുകൊണ്ടാകും ഒരുപക്ഷേ, ഞാനങ്ങനെ നിശബ്ദയായി ഇരുന്നത്. എല്ലാത്തിൽ നിന്നും പുറത്തു കടന്നു പിന്നീടു ചിന്തിക്കുമ്പോഴാണ് എന്തുകൊണ്ട് ഞാനങ്ങനെ ചെയ്തു എന്നൊക്കെ ആലോചിക്കുന്നത്.

ശരിക്കും ഞാൻ ഒരു പാവയെ പോലെ ആയിരുന്നു. ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്ന സിനിമയിലേക്ക് വിളിക്കുമ്പോൾ എനിക്ക് നിവിൻ പോളി ആരെന്നു പോലും അറിയില്ല എന്നു പറഞ്ഞതു കേട്ട് പലരും അമ്പരന്നിട്ടുണ്ട്. ഒരു നടി ആയിട്ടും ഞാൻ സിനിമ കണ്ടില്ലേ എന്നൊക്കെ ചോദിച്ചവരുണ്ട്. പക്ഷേ, ശരിക്കും അത് സത്യമായിരുന്നു. ഇൻഡസ്ട്രിയുമായി എനിക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. മക്കൾ കണ്ടിരുന്നത് ഇംഗ്ലിഷ്–ഹിന്ദി സിനിമകളായിരുന്നു. അവർക്കൊപ്പം ഞാനും അതു തന്നെയാണ് കണ്ടിരുന്നത്. തമിഴും മലയാളവും ഒന്നും കണ്ടിരുന്നില്ല. കാരണം, ഞാൻ തിരിച്ച് സിനിമയിലേക്ക് വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

എന്റെ മക്കൾക്കു പോലും ഞാൻ നടിയാണെന്ന് അറിയുമായിരുന്നില്ല. മാളിൽ പോകുമ്പോൾ പലരും എന്നെ തിരിച്ചറിയും. വന്ന് ഫോട്ടോ എടുക്കും. അമ്മയെ എങ്ങനെയാണ് അവർ തിരിച്ചറിയുന്നതെന്ന് ചോദിച്ചപ്പോഴാണ് സിനിമാക്കാര്യമൊക്കെ അവർ അറിയുന്നത്. ഒരു ജീവിതപങ്കാളിയെ തിരഞ്ഞെടുക്കേണ്ട കാര്യം വരുമ്പോൾ പരസ്പര ബഹുമാനവും വിശ്വാസവും ഉള്ള ആളെ വേണം തിരഞ്ഞെടുക്കാൻ എന്നാണ് ഞാൻ കുട്ടികളോടു പറയുക. തിരക്കൊന്നും വേണ്ട. സമയമെടുത്ത് എടുക്കേണ്ട തീരുമാനമാണ് അത്.

വിവാഹമോചനം നേടിയാൽ ജീവിതം ഗ്ലാമർ ആകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നല്ല പങ്കാളിയെ ലഭിച്ചാൽ ജീവിതം മനോഹരമാണ്. എനിക്കറിയാവുന്ന ഒരുപാടു പേർ സന്തോഷത്തോടെ വിവാഹജിവിതം നയിക്കുന്നുണ്ട്. അതും സാധ്യമാണ്. എനിക്ക് തീർച്ചയായും ആ ജീവിതം മിസ്സ് ചെയ്യാറുണ്ട്. ചില സമയങ്ങളിൽ ഞാനും ഏകാന്തത അനുഭവിക്കാറുണ്ട്. എല്ലായിടത്തും ഒറ്റയ്ക്കു പോകുമ്പോൾ, എന്തെങ്കിലും വിശേഷം പറയാൻ ആരും ഇല്ലാതെ വരുമ്പോഴൊക്കെ വിഷമം തോന്നും. കാരണം, ഇതൊന്നുമല്ല ഞാൻ ആഗ്രഹിച്ചത്. കുട്ടികൾ യു.എസിലാണ്. ഞാൻ നാട്ടിലും.

വർക്ക് ഇല്ലാതെ വീട്ടിൽ ഇരിക്കുമ്പോൾ ഏകാന്തത അനുഭവപ്പെടും. പുറത്ത് ഒറ്റയ്ക്ക് പോകണം. യാത്ര പോകണമെങ്കിൽ ഒറ്റയ്ക്കു പോകണം. ഒറ്റയ്ക്ക് ജീവിക്കാൻ ആഗ്രഹിച്ച വ്യക്തി ആയിരുന്നില്ല ഞാൻ. സുഹൃത്തുക്കൾക്കൊപ്പം പോകുന്നത് വ്യത്യസ്തമാണ്. രണ്ടു വിവാഹങ്ങളും വർക്കൗട്ട് ആയില്ല. ചിലപ്പോൾ ആലോചിക്കും, എന്റെ തെറ്റായിരുന്നോ? പിന്നീട് ഞാൻ തന്നെ എന്നെ തിരുത്തും, അല്ല… എന്റെ തെറ്റായിരുന്നില്ല. അങ്ങനെ ചിന്തിക്കുമ്പോൾ ഞാൻ സൂപ്പർ ഹാപ്പിയാണ് എന്ന് പറയാൻ കഴിയില്ല. എനിക്കും സങ്കടങ്ങളും വിഷമങ്ങളും ഉള്ള നിമിഷങ്ങൾ ഉണ്ട്. പക്ഷേ, ഞാൻ സ്വയം തിരക്കിലായിരിക്കാൻ ശ്രമിക്കും. അമ്മയും സഹോദരങ്ങളും കൂടെയുണ്ട്. അവർക്കൊപ്പം സമയം ചെലവഴിക്കും. യോഗ ചെയ്യും. അങ്ങനെ ജീവിതം പോയിക്കൊണ്ടിരിക്കുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here