നടന്മാർ സംവിധായകരാകുന്നത് മലയാള സിനിമയ്ക്ക് പുത്തരിയല്ല. വേണു നാഗവളളിയും കൊച്ചിൻ ഹനീഫയുമടക്കം പലരും ആ മേഖലയിൽ വിജയം കണ്ടിട്ടുമുണ്ട്. എന്നാൽ ദിവസത്തിന് ലക്ഷങ്ങൾ വിലയുളള സൂപ്പർതാര സമാനമായ പദവിയിൽ ജ്വലിച്ചു നിൽക്കുന്ന ഒരു ബഹുഭാഷാ നടൻ കോടികൾ പ്രതിഫലം നഷ്ടപെടുത്തിക്കൊണ്ട് നടന്റെ വേഷം അഴിച്ചു വച്ച് സംവിധായകനാവുക. മാസങ്ങളും വർഷങ്ങളും അതിനായി നീക്കി വയ്ക്കുക. എന്നിട്ട് അഭിനയത്തിലും സംവിധാനത്തിലും ഒരു പോലെ വിജയം കൊയ്യുക. പൃഥ്വിരാജിന് മാത്രം അവകാശപ്പെട്ട ട്രാക്ക് റെക്കോർഡാണിത്.
ലൂസിഫർ, ബ്രോ ഡാഡി എന്നിങ്ങനെ അദ്ദേഹം ചെയ്ത രണ്ട് പടങ്ങളും ഹിറ്റ്. എമ്പുരാൻ മറ്റൊരു മെഗാഹിറ്റിനുളള മുന്നൊരുക്കങ്ങളിലും. ഇന്ത്യൻ സിനിമയിൽ അദ്ദേഹത്തിന്റെ ഗണത്തിൽ പെടുത്താവുന്ന ഒരു നടനേയുളളു. സാക്ഷാൽ ആമിർഖാൻ. ഗലാട്ട പ്ലസ് പൃഥ്വിയുമായി നടത്തിയ അഭിമുഖത്തിൽ ഏറ്റവും പുതിയ സംവിധാനസംരംഭമായ എമ്പുരാൻ മുതലുളള വിശേഷങ്ങൾ പങ്ക് വയ്ക്കുന്നുണ്ട് അദ്ദേഹം.അതിന്റെ പ്രസക്ത ഭാഗങ്ങളിലൂടെ ഒരു സഞ്ചാരം.
പല ഭാഷകളിൽ അഭിനയിക്കുന്ന നടൻ എന്ന നിലയിൽ ഇതരഭാഷകളിൽ ജോലി ചെയ്യുമ്പോൾ കുടുതൽ നെർവസാകാറുണ്ടോ?
ഭാഷ അറിഞ്ഞാലും ഇല്ലെങ്കിലും നല്ല നടന്മാർ പലപ്പോഴും നെർവസായിരിക്കും. അത് അവരുടെ ജാഗ്രതയുടെ കൂടി ഭാഗമാണ്. അമിതാഭ് ബച്ചനെ പോലെ ഒരു ലജന്റ് ഷൂട്ടിന് തലേന്ന് രാത്രി ഡയലോഗ്‌സ് എഴുതിയ പേപ്പർ കയ്യിൽ വച്ചുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ട് പഠിക്കുന്നത് കണ്ടിട്ടുണ്ട്. നാളെ പരീക്ഷയ്ക്ക് പഠിക്കുന്ന ഒരു കുട്ടിയുടെ ജാഗ്രതയോടെയാണ് അദ്ദേഹം ഡയലോഗുകൾ മന:പാഠമാക്കുന്നത്. അവർ എവിടെ എത്തി നിൽക്കുന്നു എന്നതൊന്നും അവർക്കൊരു വിഷയമല്ല. തന്നിലെ നടനെ കുടുതൽ തേച്ചു മിനുക്കാനും ചെയ്യുന്ന ഓരോ സീനും കുറ്റമറ്റതാക്കാനും അവർ തീവ്രമായി പരിശ്രമിക്കുന്നു. ഇതേ അർപ്പണബോധം ഞാൻ മമ്മൂട്ടിയിലും കണ്ടിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് പോക്കിരിരാജ ചെയ്യുന്ന സന്ദർഭത്തിൽ അദ്ദേഹം അകലെ എന്നെ കാരവാനിലേക്ക് വിളിപ്പിച്ച് ഒരു സീൻ അഭിനയിച്ച് കാണിച്ചിട്ട് ഇതെങ്ങനെയുണ്ട് വർക്കാകുന്നുണ്ടോ എന്ന് ചോദിച്ചു. അദ്ദേഹത്തെ സംബന്ധിച്ച് ഞാൻ വളരെ ജൂനിയറായ ഒരു നടനാണ്. എന്റെ അഭിപ്രായം ചോദിക്കുന്നതു കണ്ട് എനിക്ക് തന്നെ അത്ഭുതം തോന്നി. സ്വയം മെച്ചപ്പെടുത്തുക എന്നതാണ് ഈ മഹാനടന്മാരൊക്കെ ചെയ്യുന്നത്.
വൻപ്രതിഫലം ലഭിക്കുന്ന ഒരു നടൻ സംവിധാനത്തിന് വേണ്ടി ഇങ്ങനെ സമയം കളയുന്നത് അബദ്ധമല്ലേയെന്ന് ചോദിക്കുന്നവരുണ്ട്. പൃഥ്വി ഇതിനെ എങ്ങനെ കാണുന്നു ?
എന്നോടും പലരും ഇത്തരം ആശങ്കകൾ പങ്ക് വയ്ക്കാറുണ്ട്. കുറഞ്ഞത് എട്ട് മാസം വരെ സംവിധാനം ചെയ്യുന്ന പ്രൊജക്റ്റുകൾക്കായി മാറ്റി വയ്‌ക്കേണ്ടി വരും. ഫെസ്റ്റിവലുകളെ ലക്ഷ്യമാക്കി കുറഞ്ഞ സമയത്തിനുളളിൽ തീരുന്ന ചെറിയ സ്‌കെയിലിലുളള പടങ്ങൾ വേണമെങ്കിൽ ചെയ്യാം. പക്ഷെ എന്റെ ലക്ഷ്യം ജനങ്ങൾ ഇഷ്ടപ്പെടുന്ന തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണം ലഭിക്കുന്ന പടങ്ങളാണ്. തിയറ്ററിൽ വിജയിക്കുന്ന പടങ്ങൾ ചെയ്യുക എന്നത് ഏറെ ശ്രമകരമാണ്. അത്തരം സിനിമകൾ ചെയ്യാൻ കുടുതൽ സമയം ഇൻവെസ്റ്റ് ചെയ്യേണ്ടി വരും. പക്ഷെ അതൊരു നഷ്ടമായി കാണുന്നില്ല. എന്റെ ആക്ടിംഗ് കരിയറിന് ഇടവേള വരുന്നോ ഇല്ലയോ എന്നതിനപ്പുറം എന്നിലെ ക്രിയേറ്റീവ് പേഴ്‌സനെ തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. മൂന്ന് സിനിമകൾ സംവിധാനം ചെയ്യുന്നതിന്റെ ഇടവേളയിൽ ആടുജീവിതം പോലെ ഒരു വലിയ പടവും ഗുരുവായൂർ അമ്പലനടയിൽ എന്ന ഫൺമൂവിയും ചെയ്യാൻ സമയം കണ്ടെത്തി.
ചെറിയ താരത്തെ വച്ച് ചെറിയ സിനിമകൾ ചെയ്യുക എന്നത് റിസ്‌ക് കുറഞ്ഞ ഏർപ്പാടാണ്. എന്നാൽ മോഹൻലാലിനെ പോലെ ഒരു ലജന്റിനെ വച്ച് പടം ചെയ്യുമ്പോൾ ഒരുപാട് കോണുകളിൽ നിന്ന് വിമർശനം ഉയരും. ഇതൊരു വലിയ ഉത്തരവാദിത്തമല്ലേ?
തീർച്ചയായും. 2018–ൽ ഞാൻ ചെയ്ത ലൂസിഫറായിരുന്നു അത് വരെ അറ്റംപ്റ്റ് ചെയ്ത ഏറ്റവും വലിയ മലയാള സിനിമ. അതിന്റെ ബജറ്റും സ്‌കെയിലും വച്ചാണിത് പറയുന്നത്. അതേ സമയം അവിശ്വസനീയമായ ഒരു റിസപ്ഷനും കലക്ഷനും ആ സിനിമയ്ക്ക കിട്ടി. ആ സമയത്ത് 30 കോടി ബജറ്റിൽ ഒരു മലയാളം സിനിമ എന്നത് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു. പക്ഷെ നിർമാതാവ് ആന്റണി പെരുമ്പാവൂർ ഇക്കാര്യത്തിൽ കൂടെ നിന്നു. അവർ എന്നിൽ അർപ്പിച്ച വിശ്വാസം കൊണ്ടാണ് ആ സിനിമ ഇന്ന് കാണുന്ന തലത്തിൽ ചെയ്തു തീർക്കാൻ സാധിച്ചത്. ദുബായ് ടെർമിനലിൽ ചെയ്യേണ്ട ഒരു സീൻ ചില സാങ്കേതിക കാരണങ്ങളാൽ അവിടെ ഷൂട്ട് ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ സമാനമായ ഔട്ട്പുട്ട് ലഭിക്കുന്ന റഷ്യയിൽ ഷൂട്ട് ചെയ്യണമെന്ന് ഞാൻ പറഞ്ഞു. അതിന്റെ ആവശ്യമുണ്ടോ എന്ന് പോലും ചോദിക്കാതെ അടുത്ത ദിവസം തന്നെ അതിനുളള ക്രമീകരണങ്ങൾ ചെയ്തു തന്നു പ്രൊഡ്യൂസർ. ലീഡ് സ്റ്റാറും ഇതിനെല്ലാം ഒപ്പം നിന്നു തന്നു.
എന്തുകൊണ്ട് ലൂസിഫർ ആദ്യ സിനിമയായി ?
യഥാർഥത്തിൽ സിറ്റി ഓഫ് ഗോഡ് ആയിരുന്നു ഞാൻ ആദ്യം ചെയ്യേണ്ടിയിരുന്ന സിനിമ. അതിനുളള മുന്നൊരുക്കങ്ങൾ പൂർത്തിയായതുമാണ്. എന്നാൽ ആ സമയത്ത് മണിരത്‌നം സർ രാവൺ എന്ന സിനിമയ്ക്കായി ക്ഷണിച്ചു. അങ്ങനെ ആ പ്രൊജക്ട് ലിജോ ജോസ് പെല്ലിശ്ശേരിയെ ഏൽപ്പിച്ചു. അദ്ദേഹം വളരെ മനോഹരമായി അത് ചെയ്തു. ഒരു പക്ഷെ ഞാൻ കൺസീവ് ചെയ്തതിലും നന്നായി ആ പടം വന്നു. പിന്നീട് ഒരു പടം ചെയ്തശേഷം അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കരുതിയാണ് ലൂസിഫറുമായി മുന്നോട്ട് പോയത്. എന്നാൽ സംവിധാനം എന്ന പ്രക്രിയ ഞാൻ വല്ലാതെ ആസ്വദിച്ചപ്പോൾ വീണ്ടും അടുത്തതിനെക്കുറിച്ച് ആലോചിച്ചു. അങ്ങനെയാണ് ബ്രോ ഡാഡി സംഭവിക്കുന്നത്. ഇപ്പോൾ ലൂസിഫറിന് രണ്ടാം ഭാഗവും.
ലൂസിഫർ ഒരു ബോക്‌സാഫീസ് വിജയമാകുമെന്ന് താങ്കൾ എങ്ങനെ വിലയിരുത്തി ?
അത് വളരെ സത്യസന്ധമായ ഒരു സിനിമയായിരുന്നു. തീയറ്ററിൽ വിജയമായതിന് പുറമെ ഒ.ടി.ടിയിലും പടം ചർച്ചയായി. അതിന്റെ ഷോട്ടുകളെക്കുറിച്ചും പല പല ലയറുകളെക്കുറിച്ചുമെല്ലാം ആളുകൾ ചർച്ച ചെയ്യാൻ തുടങ്ങി. പ്രാഥമികമായി ഒരു പോപ്പ് കോൺ എന്റർടെയിനർ എന്ന നിലയിലാണ് ഞാൻ ആ സിനിമയെ കണ്ടത്. മറ്റുളള അടരുകളെല്ലാം വളരെ പാക്ക്ഡായി അതിനുളളിൽ കൊണ്ടുവരികയായിരുന്നു. സംവിധാനരംഗത്തെ എന്റെ ഗുരുക്കന്മാരെല്ലാം ഇക്കാര്യത്തിൽ എനിക്ക് തുണയായി. മൻമോഹൻ ദേശായ്, ഐ.വി ശശി, ജോഷി സർ , ഷാജി കൈലാസ്. അവരെല്ലാം സിനിമകൾ ചെയ്ത രീതി എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കാപ്‌സ്യൂളുകളൂടെ കോട്ടിങ് പോലെയാണ് പല പടങ്ങളും. അതിന്റെ പുറമെയുളള ആകർഷകത്വം അതിന്റെ പാക്കിങ്ങിലും കോട്ടിംഗുമൊക്കെയിലാണ്. പക്ഷെ മരുന്നിന്റെ ഗുണഗണങ്ങൾ അറിയാൻ ഉളളിലേക്ക് ചെല്ലണം. ഒരേ സമയം ഇതെല്ലാം അതിൽ നിന്നും ലഭിക്കും. പണം മുടക്കി തീയറ്ററിൽ കയറിയിരിക്കുന്ന പ്രേക്ഷകന് പ്രാഥമികമായി രസിക്കാനും ആസ്വദിക്കാനും കഴിയണം. അത് കഴിഞ്ഞ് ചിന്തിക്കുമ്പോൾ ഇതിനുളളിൽ ഇങ്ങനെ ചില കാര്യങ്ങളുണ്ടായിരുന്നല്ലോ എന്ന് തോന്നണം.
ലുക്ക് ബുക്ക് ഒക്കെ ഫോളോ ചെയ്യുന്ന സംവിധായകരുണ്ട്. ഒരു ഫിലിം മേക്കർ എന്ന നിലയിലെ മുന്നൊരുക്കങ്ങൾ?
എന്റെ സിനിമകൾക്കും ഷോട്ടുകൾക്കും റഫറൻസുകളില്ല. സ്‌റ്റോറി ബോർഡുമായി ലൊക്കേഷനിലേക്ക് പോകുന്ന ഫിലിം മേക്കറല്ല ഞാൻ. സ്‌ക്രിപ്റ്റിനെ മാത്രം ആശ്രയിച്ചാണ് ഞാൻ സിനിമ നിർമ്മിക്കുന്നത്. സ്‌ക്രിപ്റ്റിൽ പറയുന്ന കാര്യങ്ങൾക്ക് അനുസൃതമായ ഒരു ഷോട്ട് പാറ്റേൺ എന്റെ മനസിലുണ്ടാവും. അതുമായി ലൊക്കേഷനിൽ വന്ന് അവിടത്തെ സാഹചര്യങ്ങൾ കൂടി പരിഗണിച്ചാവും ഷൂട്ട് ചെയ്യുക. മുരളി ഗോപി ഒരു സ്‌ക്രിപ്റ്റ് എഴുതി തന്നു കഴിഞ്ഞാൽ ഞാൻ കുറഞ്ഞത് ആറു മാസം അതുമായി ഇരിക്കും. എന്റേതായ ഒരു വിഷ്വൽ പാറ്റേൺ രൂപപ്പെടുത്തും. ചിലപ്പോൾ സ്‌ക്രിപ്റ്റിന്റെ ഘടന തന്നെ പൊളിച്ചെന്നിരിക്കും. ചില സീനുകൾ മാറ്റിമറിച്ചെന്ന് വരാം. ഇതെല്ലാം വച്ച് റൈറ്ററുമായി ചർച്ച ചെയ്യും. തർക്കിക്കും. ചില കാര്യങ്ങളിൽ അദ്ദേഹം എന്നോട് യോജിക്കാം. വിയോജിച്ചെന്നും വരാം. ഏറ്റവും ഒടുവിൽ ഇതാണ് നമ്മുടെ ഫൈനൽ സ്‌ക്രിപ്റ്റ് എന്ന ധാരണയിൽ ഞങ്ങൾ ഇരുവരും എത്തിച്ചേരുന്ന സമയത്താണ് ഞാൻ എന്റെ പ്രൊഡ്യൂസറെയും ആർട്ടിസ്റ്റുകളെയുമെല്ലാം വിളിക്കുന്നത്.
ചില സംവിധായകർ ഛായാഗ്രഹകനെ വിളിച്ച് ഗോഡ്ഫാദർ പോലൊരു സിനിമ വേണം. ഇന്ന തരം ഷോട്ട് വേണം എന്നൊക്കെ പറയാറുണ്ട്.?
ഞാനൊരിക്കലും അത്തരമൊരു സമീപനം പിൻതുടരാറില്ല. നമ്മുടേതായ ഒരു സിനിമ സൃഷ്ടിക്കുക എന്നതാണ് എന്റെ ലക്ഷ്യം. പക്ഷെ ഷൂട്ട് സമയത്ത് ചില പർട്ടിക്കുലർ ലൈറ്റിംഗ് പാറ്റേണിനെക്കുറിച്ച് ഒക്കെ വിശദീകരിക്കുമ്പോൾ ഇന്ന സിനിമയിലേതു പോലുളള ബാക്ക്‌ലൈറ്റ് വേണം എന്ന് പറയാറുണ്ട്. പക്ഷെ ഷോട്ടുകൾ കോപ്പി ചെയ്യുന്നതും മറ്റ് സിനിമകൾ റഫറൻസായി വയ്ക്കുന്നതിനോടും തീരെ യോജിപ്പില്ല.
മോഹൻലാൽ എന്ന മഹാനടനൊപ്പം അഭിനയിക്കുകയും അദ്ദേഹത്തെ സംവിധാനം ചെയ്യുന്നതുമായ പ്രക്രിയയെക്കുറിച്ച്?
ലാലേട്ടൻ അടക്കമുളള മഹാപ്രതിഭകൾക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചതുകൊണ്ട് എന്നിലെ നടനെ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്ന് കരുതുന്നു. അതേ സമയം ഡയറക്ടർ എന്ന നിലയിൽ പല കാരണങ്ങളൂടെ പേരിൽ ഞാൻ അദ്ദേഹത്തിൽ നിന്നും റീടേക്ക് ചോദിച്ചു വാങ്ങിയിട്ടുണ്ട്. ചിലപ്പോൾ ക്യാമറാ ഫോക്കസ് ഔട്ട് ആയതു കൊണ്ടാവാം. പക്ഷെ അപ്പോഴൊക്കെയും അദ്ദേഹം ആദ്യം തന്ന ടേക്ക് തന്നെയാവും കൂടുതൽ ബെറ്റർ. അങ്ങനെ പല ഫോക്കസ് ഔട്ട് ഷോട്ടുകളും ഞങ്ങൾ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്.
താരങ്ങളെ മുന്നിൽ കണ്ടാവുമോ സിനിമ ഒരുക്കുക ?
ഒരിക്കലുമില്ല. കഥയും കഥാപാത്രവും സ്‌ക്രിപ്റ്റും മാത്രമാണ് ആദ്യപരിഗണനയിൽ വരിക. മുരളിയുടെ തിരക്കഥയിലെ സ്റ്റീഫൻ നെടുമ്പളളി ലാലേട്ടന് യോജിക്കുന്ന വേഷമാണെന്ന് തോന്നി അദ്ദേഹത്തെ സമീപിക്കുകയും അദ്ദേഹത്തിന് അത് ഇഷ്ടമാവുകയും ചെയ്തതു കൊണ്ടാണ് ആ സിനിമ സംഭവിച്ചത്. ബ്രോ ഡാഡിയുടെ സ്‌ക്രിപ്റ്റുമായി രണ്ട് ചെറുപ്പക്കാർ എന്നെ തേടി വരികയായിരുന്നു. സംഭവം രസകരമാണെന്ന് തോന്നിയപ്പോൾ ചെയ്യാൻ തീരുമാനിച്ചു. മമ്മൂക്കയെ ആണ് ആദ്യം സമീപിച്ചത്. അദ്ദേഹം കുറച്ച് കഴിഞ്ഞ് ചെയ്യാമെന്ന് പറഞ്ഞപ്പോൾ ലാലേട്ടനിലേക്ക് പോയി. എനിക്ക് ഈ പടം എത്രയും വേഗം ചെയ്യണമെന്നുണ്ടായിരുന്നു. ആ കഥ പ്ലാൻ ചെയ്തത് തന്നെ കൊവിഡ് സമയത്ത് ചെയ്യാൻ പറ്റിയ സബ്ജക്ട് എന്ന നിലയിലായിരുന്നു. പക്ഷെ മമ്മൂക്കയ്ക്ക് വേണ്ടി ആലോചിച്ച സമയത്ത് ക്യാരക്ടർ കോൺസപ്റ്റ് വ്യത്യസ്തമായിരുന്നു. കോട്ടയം കുഞ്ഞച്ചൻ സ്‌റ്റൈലിലുളള സമ്പന്നനായ ഒരു പ്ലാന്റർ എന്ന നിലയിലായിരുന്നു. പക്ഷെ രണ്ടുപേരും ആ കഥയ്ക്ക് ആപ്റ്റായിരുന്നു.
ലൂസിഫറിന് പിന്നാലെ എമ്പുരാൻ- ഒരു സീക്വൽ ചെയ്യുമ്പോൾ നേരിടുന്ന പ്രശ്‌നങ്ങൾ ?
അതിൽ ഗുണവും ദോഷവുമുണ്ട്. ദോഷം എന്ന് പറയുന്നത് അമിതപ്രതീക്ഷകളാണ്. ആദ്യഭാഗത്തേക്കാൾ ഒന്നുകിൽ മികച്ചു നിൽക്കും അല്ലെങ്കിൽ അതിനൊപ്പമെങ്കിലും നിൽക്കും എന്നൊക്കെ ആളുകൾ മനസിൽ വിചാരിക്കും.. ഗുണപരമായ വശം എന്തെന്നാൽ വലിയ വിജയം നേടിയ സിനിമയുടെ രണ്ടാം ഭാഗം എന്ന നിലയിൽ ഈ സിനിമ കാണാൻ ആളുകൾ താത്പര്യപ്പെടും. ലൂസിഫറിന്റെ നേരിട്ടുളള തുടർച്ച എന്ന നിലയിലല്ല എമ്പുരാൻ കൺസീവ് ചെയ്തിട്ടുളളത്. ആ സിനിമയ്ക്ക് തനത് അസ്തിത്വമുണ്ട്. ലൂസിഫർ കണ്ടിട്ടില്ലാത്ത ഒരാൾക്ക് പോലും എമ്പുരാനിൽ എൻഗേജ്ഡാകാൻ കഴിയും. അതേ സമയം ഒരു സിനിമാത്രയത്തിന്റെ മിഡിൽപീസായും എമ്പുരാനെ കാണാം.
ലൂസിഫറും എമ്പുരാനും പോലുളള വലിയ സിനിമകളൂടെ എഴുത്ത് ഘട്ടങ്ങൾ?
മുരളിഗോപി വലിയ തുക പ്രതിഫലം വാങ്ങൂന്ന ഒരു നടനാണ്. അദ്ദേഹം അഭിനയം അടക്കമുളള കാര്യങ്ങൾ മാറ്റിവച്ചിട്ടാണ് ഒന്നര വർഷത്തോളം ഈ സിനിമയ്ക്കായി സമയം കണ്ടെത്തിയത്. വാസ്തവത്തിൽ അദ്ദേഹം ഈ സിനിമയുടെ എഴുത്ത് പൂർത്തിയാക്കിയത് മൂന്നോ നാലോ ദിവസങ്ങൾ കൊണ്ടാണ്. പക്ഷെ അതിന്റെ തയ്യാറെടുപ്പുകൾക്ക് ഒന്നര വർഷം വേണ്ടി വന്നു. വലിയ സിനിമയുടെ തിരക്കഥ എഴുതാൻ വലിയ ഇടങ്ങൾ വേണമെന്ന് നിർബന്ധമുളള ആളല്ല മുരളി. അദ്ദേഹം വീട്ടിലിരുന്നാണ് എഴുതാറുളളത്. ചിലർ വിദേശത്തും വില കൂടിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പോകുന്ന പതിവുണ്ട്. സച്ചിയാവട്ടെ ഒരു പ്ലോട്ട് കൈയിൽ വന്നാൽ നേരെ മൂകാംബികയിലേക്ക് വച്ചു പിടിക്കും. മൂന്ന് മാസം കഴിഞ്ഞ് ഒരു ഫുൾ സ്‌ക്രിപ്റ്റുമായി മടങ്ങി വരും. മുരളിക്ക് ഇത്തരം രീതികളൊന്നുമില്ല.
വയലൻസിന്റെ അതിപ്രസരമുളള സിനിമകൾ സമൂഹത്തിൽ തെറ്റായ സ്വാധീനം ചെലുത്തുമെന്ന് വിമർശനം ഉയരുന്നു?
ഞാൻ ആകെ ചെയ്തിട്ടുളളത് മൂന്നേ മൂന്ന് സിനിമകളാണ്. വയലൻസിന് പ്രാധാന്യമുളള കഥാസന്ദർഭങ്ങൾ താരതമ്യേന കുറവായിരുന്നു. പിന്നെ കണ്ടുകൊണ്ടിരിക്കുന്ന സമയത്തെ എന്റർടെയിൻമെന്റിനപ്പുറം സിനിമ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് വ്യക്തിപരമായി ഞാൻ വിശ്വസിക്കുന്നില്ല. ഓരോ സിനിമയും തുടങ്ങും മുൻപും ഇന്റർവെല്ലിന് ശേഷവും ഫിലിംസ് ഡിവിഷന്റെ ഒന്നര മിനിറ്റുളള ഒരു പൊതുതാൽപര്യ വിഡിയോ പ്രദർശിപ്പിക്കുന്നുണ്ട് പുകവലിക്ക് എതിരായിട്ട്. അതുകണ്ടിട്ട് ആരെങ്കിലും പുകവലി നിർത്തിയതായി അറിയില്ല. എന്നാൽ പണം മുടക്കി തീയറ്ററിൽ കയറുന്ന ആൾ ഇത് കാണാൻ ബാധ്യസ്ഥനാണ്. അതേ സമയം ഏതെങ്കിലും ചാനലിന്റെ പ്രൈംടൈം പ്രോഗ്രാമുകൾക്കിടയിൽ ഇത്തരമൊരു വീഡിയോ കൊടുക്കാൻ നിർബന്ധിക്കുന്നുണ്ടോ? എത്ര ലക്ഷം ആളുകൾ കാണുന്ന ചാനലുകളാണിത്. ഒരുപക്ഷെ സിനിമ കാണാത്തവർ പോലും വാർത്തകൾ കാണുന്നുണ്ടാവാം. യൂട്യൂബിൽ വരുന്ന വലിയ റീച്ചുളള വീഡിയോസിന് ഇത്തരം നിബന്ധനകളുണ്ടോ? അപ്പോൾ സിനിമയ്ക്ക് മാത്രമേ ആളുകളിൽ സ്വാധീനം ചെലുത്താൻ കഴിയുന്നുളളു എന്നത് തെറ്റായ ധാരണയാണ്.
ചില താരങ്ങൾ സിഗരറ്റുകളുടെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. പുകവലിയെ പ്രമോട്ട് ചെയ്യുന്നു. സിംഗിൾ സിഗരറ്റിന്റെ പോലും വിൽപ്പന അവസാനിപ്പിക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. എങ്ങനെ കാണുന്നു.?
ഇത്തരം പരസ്യങ്ങൾ ആളുകളിൽ സ്വാധീനം ചെലുത്തുമോയെന്ന് എനിക്കറിയില്ല. എന്നെ സംബന്ധിച്ച് ഞാൻ വ്യക്തിജീവിതത്തിൽ പുകവലിക്കുന്ന ആളല്ല. ഇത്തരം പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടാറുമില്ല. പുകവലിക്കില്ലെന്ന് മാത്രമല്ല പുകവലിയെ വെറുക്കുന്ന ഒരാളാണ് ഞാൻ. അച്ഛൻ പുകവലിക്കുന്നത് പോലും എനിക്കിഷ്ടമായിരുന്നില്ല.
എത്രയധികം സമയവും അദ്ധ്വാനവും ചെലവഴിച്ച് വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് ആടുജീവിതം. എന്നിട്ടും അർഹിക്കുന്ന അവാർഡുകൾ അതിന് ലഭിച്ചില്ല എന്ന് തോന്നുന്നുണ്ടോ?
വേറിട്ട കഥാപാത്രങ്ങൾ ചെയ്യാനുളള ഉൾപ്രേരണയാണ് അതിന് പിന്നിൽ. അതിന് ഏതൊക്കെ പുരസ്‌കാരങ്ങൾ ലഭിച്ചു ലഭിച്ചില്ല എന്നത് എന്റെ വിഷയമല്ല. അതേ സമയം പുരസ്‌കാരം ലഭിക്കുന്നത് സന്തോഷകരവുമാണ്. അവാർഡ് കിട്ടിയാൽ ആ ദിവസം പത്രങ്ങളിൽ വലിയ വാർത്ത വരും. ന്യൂസ് ചാനലുകൾ ബൈറ്റിനായി നമ്മളെ തേടി വരും. അവിടം കൊണ്ട് കാര്യങ്ങൾ അവസാനിച്ചു. അതേസമയം വലിയ വെല്ലുവിളികൾ ഉയർത്തുന്ന ഒരു കഥാപാത്രം ചെയ്താൽ കൂടുതൽ ആളുകൾ അത് കാണാനായി തിയറ്ററുകളിലേക്ക് വരും. അവർ അതിനെക്കുറിച്ച് ചർച്ച ചെയ്യും.അഭിനന്ദിക്കും. കാലങ്ങളോളം അതേക്കുറിച്ച് ഓർത്തിരിക്കും. ലജന്റുകളായി നമ്മൾ പരിഗണിക്കുന്ന പല നടൻമാരും ഇന്നും ആളുകളുടെ മനസിൽ നിൽക്കുന്നത് ഒരു കാലത്ത് അവർ ചെയ്ത വലിയ കഥാപാത്രങ്ങളൂടെ പേരിലാണ്. ആടുജീവിതം പോലുളള സിനിമകൾ കരിയറിൽ അപൂർവമായി മാത്രം ലഭിക്കുന്നതാണ്. അതിന് അതിന്റേതായ പ്രസക്തിയുണ്ട്. അവാർഡുകൾ അതിൽ ഒരു ഘടകം മാത്രമാണ്. അത് കിട്ടിയില്ലെങ്കിലും സിനിമയുടെയോ കഥാപാത്രത്തിന്റെയോ പ്രസക്തി നഷ്ടമാവുന്നില്ല. മറിച്ച് നമ്മൾ ഇത്രയും കഷ്ടപ്പെട്ട് ചെയ്ത പടം കാണാൻ ആളുകൾ തിയറ്ററിൽ കയറിയില്ലെങ്കിൽ നിരാശയുണ്ടാകും. ആടുജീവിതം വലിയ തോതിൽ ആളുകൾ ഏറ്റെടുത്ത പടമാണ്. പിന്നെ ഞാനടക്കമുളളവരെ എന്നും പ്രചോദിപ്പിക്കുന്ന രണ്ട് അഭിനേതാക്കളുണ്ട്. മോഹൻലാലും മമ്മൂട്ടിയും. അവരെ അറിയാത്തവരായി ആരും തന്നെയില്ല. അത്രയ്ക്ക് പ്രശസ്തിയുണ്ട്. ഒരു മൂന്ന് തലമുറയ്ക്ക് ജീവിക്കാനുളള സമ്പത്തും അവർ ഉണ്ടാക്കിയിട്ടുണ്ട്. കിട്ടാത്ത അവാർഡുകളില്ല. എന്നിട്ടും അവർ ഇന്നും അനവതരം പ്രയത്‌നിക്കുന്നത് എന്തിനു വേണ്ടിയാണ് ? ഇതുവരെ ചെയ്യാത്ത പുതിയ എന്തോ ഒന്നിനു വേണ്ടിയാണ്. ഇതേ കൗതുകവും ആകാംക്ഷയും ആഗ്രഹവുമൊക്കെയാണ് എന്നിലെ നടനെയും നയിക്കുന്നത്. ആടുജീവിതം സംഭവിച്ചതും ഇതിന്റെ ഫലമായാണ്.
പക്ഷെ എല്ലാ സിനിമകളും പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നുണ്ടോ?
ഒരിക്കലുമില്ല. ചില സിനിമകളൂടെ ആശയവും കഥാപാത്രവും കേൾക്കുമ്പോൾ നമ്മൾ ഭയങ്കര എക്‌സൈറ്റഡാകും. പക്ഷെ സെറ്റിൽ ചെല്ലുമ്പോൾ കാര്യങ്ങൾ നേർവിപരീതമായാവും സംഭവിക്കുക. നമ്മൾ മനസിൽ കണ്ട തലത്തിലൊന്നുമായിരിക്കില്ല സ്‌ക്രിപ്റ്റും ഷൂട്ടും നടക്കുന്നത്. നമ്മൾ വിചാരിക്കുന്ന രീതിയിലൊന്നും ഈ സിനിമ വരില്ലെന്നും എവിടെയും എത്തില്ലെന്നും ബോധ്യമാകും. എന്നാലും അസ്വസ്ഥനാകാതെ ഒരു പ്രൊഫഷനൽ എന്ന നിലയിൽ ആ പടവുമായി സഹകരിക്കും. 100 ദിവസം ഒക്കെ നീളുന്ന ഷൂട്ടിംഗ് ഷെഡ്യൂളിൽ പങ്കെടുക്കും. ഇത്തരം പ്രൊജക്ടുകളിൽ പോലും ഞാൻ വളരെ സമർപ്പണബുദ്ധിയോടെ കൂടെ നിൽക്കും. ആ സമയത്ത് ഞാൻ എഡിറ്റർക്കൊപ്പം ഇരിക്കും. സിനിമാറ്റോഗ്രാഫർ ചെയ്യുന്നത് നിരീക്ഷിക്കും. സിനിമയുടെ സാങ്കേതികമായ സൂക്ഷ്മവിശദാംശങ്ങൾ പഠിക്കാൻ ശ്രമിക്കും. ചിലപ്പോൾ സെക്കൻഡ് ക്യാമറ ഓപ്പറേറ്റ് ചെയ്യും.
രണ്ട് പതിറ്റാണ്ടുകാലത്തെ അനുഭവ പരിചയമുളള നടൻ എന്ന നിലയിൽ താങ്കളുടെ സിനിമകളിൽ മറ്റ് അഭിനേതാക്കളെ സംവിധാനം ചെയ്യുമ്പോൾ ഇത് പ്രയോജനപ്പെടാറുണ്ടോ ?
ഞാൻ സംവിധാനം ചെയ്യുന്ന സിനിമകളുടെ തിരക്കഥയിലുടെ കടന്നു പോകുമ്പോൾ 20 കഥാപാത്രങ്ങളുണ്ടെങ്കിൽ ഇരുപത് പേരായും ഞാൻ മനസിൽ അഭിനയിച്ച് നോക്കാറുണ്ട്. അവരുടെ ഇമോഷൻസിലുടെ ഒരു വിഷ്വലൈസർ എന്ന നിലയിൽ കടന്നു പോകാറുണ്ട്. സ്റ്റീഫൻ നെടുമ്പളളിയും ബിമൽ നായരും എങ്ങനെ സംസാരിക്കണം എങ്ങനെ പെരുമാറണം എന്നത് സംബന്ധിച്ച് എനിക്ക് ഒരു അടിസ്ഥാന ധാരണയുണ്ടാവും. എന്നാൽ സെറ്റിൽ ചെന്ന് 20 പേരോടും 20 പൃഥ്വിരാജായി മാറാൻ പറയാറില്ല. കഥാപാത്രത്തെക്കുറിച്ച് നമുക്കുളള സങ്കൽപ്പങ്ങൾ അവരോട് വിശദീകരിച്ചും അവരുമായി ചർച്ച ചെയ്തും അവരിൽ നിന്ന് തന്നെ ഏറ്റവും മികച്ച ഔട്ട്പുട്ട് ഉണ്ടാക്കിയെടുക്കാനാണ് സംവിധായകൻ എന്ന നിലയിൽ ശ്രമിക്കാറുളളത്. ഷൂട്ട് സമയത്ത് ചില അഭിനേതാക്കൾ നമ്മൾ മനസിൽ കണ്ടതിന് നേർവിപരീതമായി ചെയ്യുന്നത് കാണാം. ചിലപ്പോൾ ഞാൻ കട്ട് പറഞ്ഞിട്ടുമുണ്ട്. പക്ഷെ പുനർവിചിന്തനത്തിൽ ഞാൻ വിഭാവനം ചെയ്തതിനേക്കാൾ എത്രയോ മനോഹരമായാണ് അവർ ചെയ്യുന്നതെന്ന് ബോധ്യപ്പെട്ട് ഏറെ സന്തോഷത്തോടെ അവരെ തുടരാൻ അനുവദിച്ചിട്ടുമുണ്ട്. അത്തരം ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഭാഗ്യവശാൽ എനിക്ക് ലഭിച്ച അഭിനേതാക്കളിൽ ഏറെയും എന്റെ പ്രതീക്ഷകൾക്കപ്പുറം പെർഫോം ചെയ്യാൻ കഴിവുളളവരാണ്. എന്റെ ചേട്ടൻ ഇന്ദ്രജിത്ത് ഉൾപ്പെടെ.
മറ്റ് സംസ്ഥാനങ്ങളിലെ ഫിലിം ഇൻഡസ്ട്രിയുമായി തട്ടിച്ചു നോക്കുമ്പോൾ മലയാളത്തിൽ താരങ്ങൾ തമ്മിൽ ഈഗോയും മറ്റും ഇല്ലെന്ന് തോന്നുന്നു?
ബാംഗ്ലൂർ ഡെയ്‌സ്, അമർ അക്ബർ ആന്റണി..പോലുളള സിനിമകൾ താരമൂല്യമുളള ഒട്ടനവധി താരങ്ങൾ ഒന്നിച്ച് സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യുന്ന തരത്തിലുളളതാണ്. അതെല്ലാം വൻവിജയവുമായിരുന്നു. എന്നിട്ടും അത്തരം സിനിമകൾ പിന്നീട് അധികം സംഭവിച്ചില്ല. ഇപ്പോൾ മഹേഷ് നാരായണൻ ചെയ്യുന്ന പുതിയ പടം അത്തരത്തിലുളള ഒന്നാണ്. മമ്മൂട്ടി, മോഹൻലാൽ, ഫഹദ്, കുഞ്ചാക്കോ, നയൻതാര എന്നിങ്ങനെ ഒറ്റയ്ക്ക് ഒരു പടം വിജയിപ്പിക്കാൻ കഴിവുളള താരങ്ങൾ ഈക്വൽ സ്‌പേസ് ഷെയർ ചെയ്യുകയാണ്. മലയാളത്തിലെ താരങ്ങൾ തമ്മിൽ ആ വിധത്തിലുളള സൗഹൃദമുണ്ട്. പലരും താമസിക്കുന്നത് കൊച്ചിയിലാണ്. ഒഴിവുസമയങ്ങളിൽ അവർ ഒന്നിച്ച് കൂടാറുണ്ട്. കുടുംബമായി വീടുകളിൽ പോകാറുണ്ട്. രണ്ടാഴ്ച ഒഴിവു കിട്ടിയാൽ ഞാൻ ഉറപ്പായും ദുൽക്കറിനെയും ഫഹദിനെയും വിളിച്ച് എവിടെയാണെന്ന് അന്വേഷിക്കും. അടുത്തിടെ ഞാൻ ഫഹദിനെയും നസ്രിയയെയും കണ്ടിരുന്നു.
പരാജയത്തേക്കാൾ നേരിടാൻ ബുദ്ധിമുട്ടേറിയത് വിജയമാണെന്ന് പറയുന്നവരുണ്ട്?
വാസ്തവമാണ്. ഒരു പരാജയം സംഭവിച്ചാൽ കൂടുതൽ മെച്ചപ്പെട്ട ഒന്നിന് വേണ്ടി ശ്രമിക്കാം. കൂടുതൽ അധ്വാനിച്ച് വിജയത്തിനായി നിലകൊളളാം. എന്നാൽ വിജയം ഒട്ടും എളുപ്പമല്ല. പ്രത്യേകിച്ചും അതിന് ശേഷമുളള അവസ്ഥ. ഒരുപാട് വ്യത്യസ്ത ഓഫറുകളും സാധ്യതകളും നമുക്ക് മുന്നിൽ വരാം. അതിൽ നിന്ന് ഏത് തെരഞ്ഞെടുക്കണം ഏത് ഒഴിവാക്കണം എന്ന ആശയക്കുഴപ്പങ്ങളുണ്ടാകാം. ചില തീരുമാനങ്ങൾ തെറ്റായി പോകാം. അങ്ങനെ ഒരുപാട് പ്രശ്‌നങ്ങൾ. വിജയം നമ്മെ വലിയ തിരക്കുകളിലേക്കും ആൾക്കൂട്ടങ്ങളിലേക്കും നയിക്കും. അതിനിടയിൽ സമാനമായ മറ്റൊരു വിജയം ഉണ്ടാക്കിയെടുക്കുക എളുപ്പമല്ല. പരാജയങ്ങളിൽ നാം തനിച്ചാണ്. ആരും നമ്മെ തേടിവരില്ല. നമ്മൾ ഒറ്റയ്ക്ക് ആലോചിച്ചുറപ്പിച്ച് നന്നായി പരിശ്രമിച്ച് വിജയത്തിലേക്ക് എത്തിപ്പെടുകയാണ്. ചിലർ വിജയങ്ങൾ ദീർഘകാലം ആഘോഷിക്കുകയും അതിന്റെ ഹാംഗ് ഓവറിൽ നിന്ന് വിമുക്തരാകാൻ കഴിയാതിരിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. എന്റെ രീതി അതല്ല. എമ്പുരാൻ വിജയകരമായി പുർത്തിയാക്കി റിലീസ് ചെയ്യുന്നതിന്റെ ആഘോഷം എന്ന നിലയിൽ കൂടെ ജോലി ചെയ്തവരെ വിളിച്ചു കൂട്ടി ഒരു ലഞ്ച് കൊടുത്തു കഴിഞ്ഞാൽ പിന്നെ നേരെ അടുത്ത പടത്തിൽ ജോയിൻ ചെയ്യും.
ഏറെക്കാലമായി താങ്കൾ പലതരം വിമർശനങ്ങൾ നേരിടുന്നു. വലിയ വാക്കുകൾ പറയുന്നു, കടുത്ത ഇം ഗ്ലീഷ് സംസാരിക്കുന്നു, തലക്കനം കാണിക്കുന്നു എന്നിങ്ങനെ. എങ്ങനെ കാണുന്നു ഇതൊക്കെ?
എന്റെ തലമുറയിൽ പെട്ട എത്ര ആളുകൾ മാതൃഭാഷയായ മലയാളം നന്നായി വായിക്കുകയും എഴുതുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെന്ന് എനിക്കറിയില്ല. അകാരണമായ വിമർശനം എന്നത് പത്ത് പൈസ ചിലവില്ലാത്ത കാര്യമാണ്. ആർക്കും ആരെക്കുറിച്ചും എന്തും പറയാനുളള സ്വാതന്ത്ര്യമുണ്ട്. എന്റെ ഭാഷയോ സംസാര രീതിയോ പെരുമാറ്റമോ ഒന്നും മറ്റുളളവരെ ഒരു തരത്തിലും ദോഷകരമായി ബാധിക്കുന്നില്ല. എന്നിട്ടും ഇവർ എന്തിനാണ് എന്നെ തൊട്ടതിനും പിടിച്ചതിനുമെല്ലാം വിമർശിക്കുന്നതെന്ന് ആരംഭകാലത്ത് ഞാൻ ആലോചിച്ചിട്ടുണ്ട്. പിന്നെ എനിക്ക് ബോധ്യമായി. അതൊന്നും അത്ര ശ്രദ്ധ കൊടുക്കേണ്ട കാര്യങ്ങളല്ല. ഇത്തരം കാര്യങ്ങളിൽ നമുക്കൊന്നും ചെയ്യാനുമില്ല. എന്റെ ഭാഗത്തു നിന്നു ആരോടെങ്കിലും മോശമായ ഒരു വാക്കോ പെരുമാറ്റമോ ഉണ്ടായാൽ ആ നിമിഷം സോറി പറയുന്ന രീതിയാണ് എനിക്കുളളത്. ഒരു പടം ഷൂട്ട് ചെയ്യുമ്പോൾ ഡയറക്ടർ എന്ന നിലയിൽ പല തരം ടെൻഷൻ ഉണ്ടാവും. കൂടെ ജോലി ചെയ്യുന്ന ഒരാളൂടെ ഭാഗത്ത് എന്തെങ്കിലും പാളിച്ച സംഭവിച്ചാൽ ചിലപ്പോൾ നമ്മൾ പൊട്ടിത്തെറിച്ചെന്ന് വരാം. പക്ഷെ അന്ന് ഷൂട്ടിങ് അവസാനിക്കും മുൻപ് ഞാൻ അയാളൂടെ അടുത്തു ചെന്ന് ‘സോറി ഞാനങ്ങനെ പറയാൻ പാടില്ലായിരുന്നു’ എന്ന് പറഞ്ഞ് അയാളെ സമാധാനിപ്പിക്കാറുണ്ട്.
വ്യക്തിപരമായി ഞാൻ എങ്ങനെയുളള ആളാണെന്ന് മനസിലാക്കാതെ പൊതുവേദികളിലൂം അഭിമുഖങ്ങളിലും പറയുന്ന വാക്കുകൾ കേട്ട് ഇവൻ ഒരു ജാഡക്കാരനാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നവരെ എനിക്കെന്ത് ചെയ്യാൻ കഴിയും? ഒരുപക്ഷെ നാളെ എന്റെ കാഴ്ചപ്പാടുകളിലും സംസാരത്തിലും പെരുമാറ്റ രീതികളിലുമൊക്കെ മാറ്റങ്ങൾ വന്നേക്കാം. അല്ലെങ്കിൽ പ്രായമാകുമ്പോൾ ഒരുപക്ഷെ ഞാനിങ്ങനെയാവില്ലായിരിക്കാം പ്രതികരിക്കുന്നത്. പക്ഷെ ഇപ്പോൾ ഇതാണ് ഞാൻ.
ഒരു സിനിമയുടെ വിജയം നിർണ്ണയിക്കുന്ന മാനദണ്ഡം എന്താണ്?
അതിന്റെ ഗുണമേന്മ തന്നെ. പലരും പറഞ്ഞു കേട്ടിട്ടുണ്ട്. വെളളിയാഴ്ച നമ്മുടെ സിനിമയ്‌ക്കൊപ്പം ആ പടം റിലീസ് ചെയ്തതു കൊണ്ടാണ് നമുക്ക് വിചാരിച്ച കളക്ഷൻ കിട്ടാതെ പോയത്. തെറ്റാണത്. നമ്മുടെ പടം മെച്ചമാണെങ്കിൽ മറ്റൊരാളുടെ ചിത്രം ഒരു തരത്തിലും അതിനെ ദോഷകരമായി ബാധിക്കില്ല. മറിച്ച് ആ സിനിമയാണ് നല്ലതെങ്കിൽ വിചാരിച്ച വിജയം നമുക്ക് നേടാനായെന്നും വരില്ല. മുഖം മോശമായതുകൊണ്ട് കണ്ണാടിയെ കുറ്റം പറയും പോലേയുളളു. സിനിമയിൽ ഞാൻ ആരുമായും മത്സരിക്കാറില്ല. ഞാൻ എന്നോട് തന്നെയാണ് മത്സരിക്കുന്നത്. കഴിഞ്ഞ പടത്തേക്കാൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ അടുത്ത പടം ചെയ്യാനാണ് ശ്രമം. എനിക്ക് ഒരു വീഴ്ച സംഭവിച്ചാൽ അതിന്റെ കാരണം മറ്റൊരാളാണെന്ന് പറയാൻ ഇഷ്ടപ്പെടുന്നില്ല. അതിന്റെ ഉത്തരവാദിത്തം പൂർണ്ണമായും ഞാൻ ഏറ്റെടുക്കും.
വലിയ മത്സരം നേരിടുന്ന മേഖലയാണ് സിനിമ. നമ്മുടെ തലമുറയിൽപെട്ട താരങ്ങൾക്കൊപ്പം ധാരാളം നവാഗതരും കടന്നു വരുന്നു. ഈ മത്സരത്തെ എങ്ങനെ അതിജീവിക്കും?
ഒരു നായകനടന് ഒരു വർഷം പരമാവധി എത്ര സിനിമകളിൽ അഭിനയിക്കാൻ സാധിക്കും. പരമാവധി അഞ്ച് പടം. ഞാൻ ഓരോ വർഷവും 100 സ്‌ക്രിപ്റ്റുകൾ കേട്ടിട്ടാണ് ഈ അഞ്ച് പടങ്ങൾ കമ്മിറ്റ് ചെയ്യുന്നത്. പല സ്‌ക്രിപ്റ്റുകളും എനിക്ക് ഇഷ്ടപ്പെട്ടിട്ടും മറ്റ് പടങ്ങൾ ഏറ്റുപോയതുകൊണ്ട് ചെയ്യാൻ സാധിക്കാതെ വരാറുണ്ട്. ആ സന്ദർഭങ്ങളിൽ ഞാൻ മറ്റ് താരങ്ങളെ ഫോണിൽ വിളിച്ച് ഇങ്ങനെയൊരു സ്‌ക്രിപ്റ്റ് കേട്ടു. ഗംഭീരമായിരിക്കുന്നു തീർച്ചയായും ഇതൊരു ബ്ലോക്ക്ബസ്റ്ററായിരിക്കുമെന്ന് പറഞ്ഞ് അവിടേക്ക് അയക്കും. മത്സരം എന്നൊരു കാര്യത്തെക്കുറിച്ച് ചിന്തിക്കാറേയില്ല. കാരണം ഇരുനൂറിലധികം പടങ്ങൾ ഇറങ്ങുന്ന മലയാളത്തിൽ എല്ലാ പടത്തിലും എനിക്ക് അഭിനയിക്കാൻ പറ്റുമോ ? അഞ്ചെണ്ണം പോലും പലപ്പോഴും സാധിക്കാറില്ല. അപ്പോൾ പിന്നെ മറ്റുളളവരുടെ കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നതിൽ എന്താണ് അർത്ഥം ? ഞാൻ എന്റെ സിനിമകളും കുടുംബവും സുഹൃത്തുക്കളുമായി വളരെ ഹാപ്പിയായി ഇരിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഫിലിം ഇൻഡസ്ട്രി വളരെ സജീവമായിരിക്കണം എന്നതിനാണ് മുഖ്യപരിഗണന. പിന്നെ അടുത്തതായി എനിക്കെന്ത് ചെയ്യാൻ കഴിയുമെന്ന് ആലോചിക്കാറില്ല. പകരം മറ്റുളളവർ എന്ത് ചെയ്യുന്നു എന്ന് ആലോചിച്ച് അസ്വസ്ഥതപ്പെടാറുമില്ല. കുടുംബത്തിനൊപ്പം വൈകുന്നേരങ്ങളിൽ ഒന്ന് ബീച്ചിൽ കറങ്ങുന്നതിൽ സന്തോഷം കണ്ടെത്താം. മകൾ മാളിൽ പോയി പ്ലേ ഏരിയയിൽ പോയി കളിക്കണമെന്ന് പറയൂമ്പോൾ ഒപ്പം പോകുന്നതിൽ സന്തോഷിക്കാം.ഇതെല്ലാം ജീവിതത്തിലെ വിലമതിക്കാനാവാത്ത സന്തോഷങ്ങളാണ്. തിരക്ക് മൂലം ഇതൊന്നും പലപ്പോഴും കഴിയാറില്ലെന്ന് മാത്രം.
താങ്കളുടെ വിജയിച്ച സിനിമകൾ അടക്കം കടുത്ത വിമർശനങ്ങൾ നേരിടുന്ന ഘട്ടത്തെ മാനസികമായി എങ്ങനെ നേരിടും?
താങ്കൾ അടക്കമുളള മാധ്യമങ്ങളും നിരൂപകരും മറ്റ് സഹപ്രവർത്തകരുമെല്ലാം എന്റെ ഒരു സിനിമ കണ്ട് അതിഗംഭീരം, മനോഹരം, ക്ലാസിക്ക് എന്നെല്ലാം പറയുകയും ഇതേ ചിത്രം തീയറ്ററിൽ വൻപരാജയം ഏറ്റുവാങ്ങുന്നു എന്ന് വയ്ക്കുക. അതേ സമയം നിങ്ങളെല്ലാം വളരെ മോശമെന്ന് വിമർശിക്കുകയും എഴുതിതളളുകയും ചെയ്യുന്ന ഒരു പടം സൂപ്പർ ഡ്യൂപ്പർഹിറ്റായി മാറുകയും ചെയ്തു എന്ന് കരുതുക. രണ്ടാമത്തെ സിനിമയ്‌ക്കൊപ്പമാവും ഞാൻ നിൽക്കുക. കാരണം അന്നന്നത്തെ അധ്വാനഫലത്തിന്റെ ഒരംശം കൊടുത്ത് തീയറ്ററിൽ കയറി എൻജോയ് ചെയ്യാനായി വരുന്ന പ്രേക്ഷകർക്കുളളതാണ് സിനിമ. അവർക്ക് ഇഷ്ടപ്പെടാത്ത ഒരു പ്രൊഡക്റ്റ് എത്ര മനോഹരമായിരുന്നാലും അതുകൊണ്ട് കാര്യമില്ല. നമ്മൾ എന്തിനുവേണ്ടിയാണ് സിനിമകൾ നിർമിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ തീയറ്ററിൽ വന്ന് അത് കാണണം. കയ്യടിക്കണം. നല്ല അഭിപ്രായം പറയണം എന്ന ആഗ്രഹത്തോട് കൂടിയാണ്. അതുപോലെ തന്നെ വൻമുതൽമുടക്കിൽ പടം നിർമ്മിക്കുന്നവർക്ക് അത് തിരിച്ചു കിട്ടുകയും വേണം. ബാക്കിയുളളതെല്ലാം ബോണസായി മാത്രം കാണുന്നു. ആടുജീവിതത്തിന് ഒരു അവാർഡ് ലഭിച്ചാൽ സുന്ദരമായ ഒരു കേക്കിന് മുകളിലെ ചെറി എന്ന പോലെയാണ് ഞാനതിനെ കാണുന്നത്. അതിനും അതിന്റേതായ മൂല്യമുണ്ട്. അതുപോലെ വിമർശനങ്ങളെ നിരാകരിക്കുന്ന ആളല്ല ഞാൻ. അതുകേട്ട് അസ്വസ്ഥനാകാറുമില്ല. മിക്കവാറും റിവ്യുസ് ശ്രദ്ധിക്കാറുണ്ട്. അവർ പറയുന്ന പോരായ്മകളെക്കുറിച്ച് ചിന്തിക്കാറുമുണ്ട്. വരും പ്രൊജക്റ്റുകളിൽ അത് തിരുത്താനും ശ്രമിക്കാറുണ്ട്.
സിനിമയിൽ വന്നിട്ട് കാൽനൂറ്റാണ്ടോട് അടുക്കുന്നു. 18 -ാം വയസിലാണ് ആദ്യചിത്രമായ നന്ദനം ചെയ്യുന്നത്. ആ കാലത്തേക്ക് മനസുകൊണ്ട് മടങ്ങുമ്പോൾ ?
ഞാൻ അങ്ങേയറ്റം സന്തുഷ്ടനാണ്. കാരണം എന്റെ അമ്മ ഒരുപാട് പണം ചെലവഴിച്ച് എന്നെ ഓസ്‌ട്രേലിയയിൽ പഠിക്കാൻ അയയ്ക്കുന്നു. ഒരു സമ്മർ വെക്കേഷന് നാട്ടിൽ വന്ന സന്ദർഭത്തിലാണ് നന്ദനത്തിന്റെ ഓഫർ ലഭിക്കുന്നത്. ഈ സിനിമ കഴിഞ്ഞ് മടങ്ങി പോകാം എന്ന ധാരണയിലാണ് അത് ചെയ്തത്. പക്ഷെ കഴിഞ്ഞ 24 വർഷമായി ഞാൻ സിനിമയിൽ സജീവമായി നിൽക്കുന്നു. ഒരിക്കലും ഇടവേളകളുണ്ടായിട്ടില്ല. അതിൽപരം ആഹ്ലാദകരമായി മറ്റെന്താണുളളത്. ആദ്യചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചു തന്നെ ഏഴ് സിനിമകളുടെ ഓഫർ ലഭിച്ച ഒരാളാണ് ഞാൻ. അതും വലിയ നിർമാതാക്കളുടെയും വലിയ സംവിധായകരുടെയും ചിത്രങ്ങളിൽ. നിർണ്ണായകമായ ഒരു ഘട്ടമായിരുന്നു അത്. ഒരു തീരുമാനമെടുക്കാൻ ശരിക്കും പ്രയാസപ്പെട്ടു.
പഠനം തുടരണോ സിനിമയിൽ നിൽക്കണോ എന്ന കാര്യത്തിൽ വല്ലാത്ത ആശയക്കുഴപ്പമുണ്ടായിരുന്നു. എല്ലാ വിദേശ യൂണിവേഴ്‌സിറ്റികളിലും ആറ് മാസത്തെ സെമസ്റ്ററിൽ നിന്ന് ഓഫെടുക്കാനുളള ഓപ്ഷനുണ്ട്. അക്കാര്യം കാണിച്ച് ഞാൻ എന്റെ യൂണിവേഴ്‌സിറ്റിക്ക് ഒരു ഇമെയിൽ അയച്ചു. ആ സമയത്ത് അമ്മയുമായി നടന്ന ഒരു സംസാരമാണ് വഴിത്തിരിവായത്. പഠനം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം തിരിച്ചു വരുമ്പോൾ വീണ്ടും ഒരു സിനിമയുടെ ഓഫർ വന്നാൽ നീയത് ചെയ്യുമോയെന്ന് അമ്മ ചോദിച്ചു. തീർച്ചയായും എന്ന് ഞാൻ പറഞ്ഞപ്പോൾ ആ സമയത്ത് അങ്ങനെയൊരു ഓഫർ വന്നില്ലെങ്കിൽ എന്ത് ചെയ്യുമെന്ന് അമ്മ തിരിച്ചു ചോദിച്ചു. എന്റെ ആഗ്രഹത്തിന്റെ തീവ്രതയെക്കുറിച്ച് അമ്മയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ഇന്ന് ഞാൻ എന്തായിരിക്കുന്നുവോ അതിന്റെ ക്രെഡിറ്റ് പൂർണമായും എന്റെ അമ്മയ്ക്ക് അവകാശപ്പെട്ടതാണ്.