നടൻ ബാല ‍വിവാഹിതനായി; വധു എലിസബത്ത്; തങ്ങൾക്ക് മതമില്ലെന്ന് ഇരുവരുടെയും വെളിപ്പെടുത്തൽ

Advertisement

ചെന്നൈ: നടൻ ബാല വിവാഹിതനായി.സുഹൃത്തും ഡോക്ടറുമായ എലിസബത്ത് ആണ് വധു. എലിസബത്ത് തൻറെ മനസ്സ് മാറ്റിയെന്നും സൗന്ദര്യം എന്നത് മനസ്സിലാണ് വേണ്ടതെന്നും നടൻ ബാല മാദ്ധ്യമങ്ങളോട് വിശേഷം പങ്കുവെയ്ക്കവേ പറഞ്ഞു.

രണ്ടു പേർക്കും മതം ഇല്ലെന്നും അതിനാൽ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും ബാല പ്രതികരിച്ചു. ഉച്ചയ്‌ക്ക് 1:35ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളിൽ തന്നെ പിന്തുണച്ച്‌ ഒപ്പം നിന്ന എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടാണ് വിവാഹ റിസപ്ഷൻ ചിത്രങ്ങൾ ബാല പങ്കുവെച്ചത്.

സെപ്റ്റംബർ അഞ്ചിന് തൻറെ ജീവിതത്തിൽ പുതിയൊരു തുടക്കമുണ്ടാകും എന്ന് നേരത്തെ നടൻ ബാല വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഗായിക അമൃതയുമായുള്ള ബാലയുടെ വിവാഹ മോചന വാർത്തകളും ചൂടുള്ള ചർച്ചാവിഷയമായി. തൊട്ടുപിന്നാലെ വിവാഹവാർത്ത സ്ഥിരീകരിച്ച്‌ ബാല രംഗത്തെത്തി. ബാലയുടെ അടുത്ത സുഹൃത്താണ് ഡോ. എലിസബത്ത്.