ഓസ്കർ നോമിനേഷനിൽ ഇന്ത്യയ്ക്ക് അഭിമാനമായി മലയാളി റിന്റു തോമസ്

Advertisement

റിന്റു തോമസ് എന്ന ഡൽഹി മലയാളിയും സുഷ്മിത് ഘോഷും ചേർന്നു നിർമിച്ച ‘റൈറ്റിങ് വിത്ത് ഫയർ’ എന്ന ഡോക്യുമെന്ററി ഓസ്കർ നോമിനേഷൻ പട്ടികയിൽ. ഓസ്കർ ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിന്റെ 15 ചിത്രങ്ങളിൽ നിന്ന് നോമിനേഷനിലേയ്ക്ക് പരിഗണിക്കപ്പെട്ട അഞ്ച് ചിത്രങ്ങളിൽ ഒന്നാണ് റിന്റുവിന്റെ ‘റൈറ്റിങ് വിത്ത് ഫയർ’. സൂര്യയുടെ ‘ജയ് ഭീം’ ഉൾപ്പടെ മറ്റൊരു ഇന്ത്യൻ ചിത്രങ്ങൾക്കും നോമിനേഷനിൽ ഇടംപിടിക്കാനായില്ല.

ഡൽഹിയിൽ നിന്ന് ഏകദേശം 620 കിലോമീറ്റർ അകലെ യുപി– മധ്യപ്രദേശത് അതിർത്തിയിലുള്ള ബൻഡ ജില്ലയിലെ ഒരു ഡിജിറ്റൽ പത്രത്തിന്റെ കഥയാണ് ‘റൈറ്റിങ് വിത്ത് ഫയർ’. കവിതാ ദേവി, മീരാ ജാതവ് എന്നീ സ്ത്രീകൾ ആരംഭിച്ച ഹിന്ദിയുടെ പ്രാദേശിക വകഭേദങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ‘ഖബർ ലഹാരിയ’ എന്ന വാരാന്ത്യ പത്രത്തിന്റെ ചരിത്രം. ഖബർ ലഹാരിയ എന്ന വാക്കിന് ‘വാർത്തകളുടെ തിരമാല’ എന്നർഥം. ദലിത് സ്ത്രീകൾ സജീവമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന, സ്ത്രീകൾ വാർത്താ ലോകത്തു തരംഗമാകുന്ന ഒരു ഗ്രാമത്തിന്റെ കഥ. ‌‌

2002ൽ ആരംഭിച്ച ഖബർ ലഹാരിയക്ക് എട്ട് എഡിഷനുകളിലായി 80,000 വായനക്കാരുണ്ടായിരുന്ന പത്രം പിന്നീട് ഡിജിറ്റൽ ലോകത്തേക്കു ചുവടുമാറ്റുകയായിരുന്നു.

2021 ജനുവരിയിൽ നടന്ന സൺഡാൻസ് ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദർശനം. സാധാരണ 12 ഡോക്യുമെന്ററി ഫീച്ചർ പ്രദർശിപ്പിക്കുന്ന സൺഡാൻസ് കോവിഡ് സാഹചര്യത്തിൽ വിർച്വൽ ആക്കിയതോടെ 10 ആക്കി കുറച്ചിരുന്നു. എന്നിട്ടും അതിലേക്കു തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വലിയ നേട്ടമായി. സ്പെഷൽ ജൂറി അവാർഡും ഓഡിയൻസ് അവാർഡും കിട്ടിയ ചിത്രം പിന്നെ ദേശദേശാന്തരങ്ങളിലായി ഒട്ടേറെ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു.

28 രാജ്യാന്തര അവാർഡുകൾ സ്വന്തമാക്കി. ഇതിനിടെ കഴിഞ്ഞ വർഷം ഒക്ടോബറോടെ യുഎസിൽ റിലീസ് അവസരം ലഭിച്ചു. ഓക്സറിലേക്കുള്ള യാത്രയുടെ ആരംഭം അവിടെ നിന്നായിരുന്നു.

Advertisement