അടുക്കളയിൽ അൽപ്പം തീക്കളിയുമായി ലാലേട്ടൻ , വീഡിയോ

Advertisement

അടുക്കളയിൽ അൽപ്പം തീക്കളിയുമായി എത്തുകയാണ് മോഹൻലാൽ സുഹൃത്ത് സമീർ ഹംസ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ലാലേട്ടന്റെ മറ്റൊരു പാചക പരീക്ഷണം കാണാനാവുക. ആളിക്കത്തുന്ന തീയിൽ ഭക്ഷണം പാകം ചെയ്യുന്ന മോഹൻലാൽ ആണ് വീഡിയോയിൽ. പുതിയ ചിത്രമായ ‘ബറോസ്’ ലുക്കിലാണ് മോഹൻലാൽ.


മോഹൻലാലിന്റെ പാചകപരീക്ഷണങ്ങൾ മലയാളികൾക്ക് ഏറെ സുപരിചിതമാണ്. ലാലേട്ടൻ സ്‌പെഷ്യൽ കോഴിക്കറി തയ്യാറാക്കുന്ന വിധവും ശേഷം ഭാര്യ സുചിത്രയ്‌ക്ക് നൽകുകയും ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ തംരഗമായിരുന്നു. അതുപോലെ തന്റെ തന്നെ സോഷ്യൽ മീഡിയ ഹാൻഡിലിൽ മോഹൻലാൽ മീൻ വിഭവം പാകം ചെയ്യുന്ന റെസിപി സഹിതം പോസ്റ്റ് ചെയ്തിരുന്നു.

ഭക്ഷണപ്രിയനായ നടൻ മോഹൻലാലിന്റെ വിവിധ പാചക പരീക്ഷണങ്ങൾക്ക് സാക്ഷിയാവുകയും രുചിച്ച് നോക്കുകയും ചെയ്ത സഹതാരങ്ങൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കാറുമുണ്ട്.മോഹൻലാലിൻറെ കൈപ്പുണ്യം രുചിക്കാൻ അവസരം ലഭിച്ച താരങ്ങൾ ഒട്ടേറെയുണ്ട്. സുപ്രിയ മേനോൻ, കല്യാണി പ്രിയദർശൻ എന്നിവർ മോഹൻലാൽ പാകം ചെയ്ത ഭക്ഷണം രുചിച്ചതിന്റെ പെരുമ അറിയിച്ചിട്ടുണ്ട്.

ഇത്തവണ ജാപ്പനീസ് വിഭവമാണ് ലാലേട്ടൻ തയാറാക്കിയത് എന്ന് സമീർ നൽകുന്ന സൂചനകളിൽ നിന്നും വ്യക്തം. വിഭവത്തിലേക്ക് തീ പടർത്തിക്കൊണ്ടുള്ള പാചക രീതിയായ ഫ്‌ളേംബേയാണ് മോഹൻലാൽ പരീക്ഷിച്ചത്. സുഹൃത്ത് സമീർ ഹംസ പങ്കുവെച്ച വീഡിയോയിൽ ഷെഫും സമീറും ലാലേട്ടനും ചേർന്നാണ് പാചക പരീക്ഷണം.

ഫ്‌ളേംബേ ആരംഭിക്കുന്ന ഘട്ടത്തിലാണ് ലാലേട്ടൻ കൈവെച്ചത്. ഫ്‌ളേംബേ ചെയ്യുന്നതിന് വേണ്ടി ഓയിൽ പകർത്തുന്നത് സമീറാണ്. തീ പടർത്തുന്നത് ഷെഫും. ഇത് ‘ചിക്കിയെടുക്കുകയാണ്’ ലാലേട്ടൻ. ആളിപ്പടരുന്ന തീയിൽ ശകലം ആശങ്കയോടെ, കുസൃതിയൊപ്പിക്കുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം.പത്ത് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ജാപ്പനീസ് പാചകരീതിയാണ് ടെപൻയാകി. ഇതിൽ ഭക്ഷണം പാകം ചെയ്യാൻ ഇരുമ്പ് ഗ്രിഡിൽ ഉപയോഗിക്കുന്നു. ടെപൻയാകി എന്ന വാക്ക് ഉരുത്തിരിഞ്ഞത് ടെപ്പാൻ (പാകം ചെയ്യുന്ന ലോഹഫലകം) യാക്കി എന്നിവയിൽ നിന്നാണ്. ജപ്പാനിൽ, സ്റ്റീക്ക്, ചെമ്മീൻ, ഒക്കോനോമിയാക്കി, യാകിസോബ, മോഞ്ജയാക്കി എന്നിവയുൾപ്പെടെ ടെപ്പാൻ ഉപയോഗിച്ച് പാകം ചെയ്യുന്ന വിഭവങ്ങളെ ടെപൻയാകി സൂചിപ്പിക്കുന്നു.
സോളിഡ് ഗ്രിഡിൽ-ടൈപ്പ് കുക്ക് പ്രതലത്തിൽ, അരി, മുട്ട, ചെറുതായി അരിഞ്ഞ പച്ചക്കറികൾ എന്നിവ പോലെ ചെറുതോ അർദ്ധ ഖരരൂപത്തിലുള്ളതോ ആയ ചേരുവകൾ പാകം ചെയ്യാൻ ടെപൻ പ്രാപ്തമാണ്.