ഭാവന മലയാള സിനിമയിൽ തിരികെ; പ്രഖ്യാപനം നടത്തിയത് മമ്മൂട്ടി

Advertisement

കൊച്ചി: ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്!’ എന്ന ചിത്രത്തിലൂടെ നടി ഭാവന മലയാള സിനിമയിൽ തിരികെയെത്തുന്നു.

നടൻ മമ്മൂട്ടിയാണ് ഭാവനയുടെ തിരിച്ചുവരവ് അറിയിച്ചത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം. ആദിൽ മയ്മാനാഥ് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെനീഷ് അബ്ദുൾ ഖാദർ ചിത്രം നിർമ്മിക്കും. ഷറഫുദ്ദീനും ഭാവനയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. സഹോദരി-സഹോദര ബന്ധമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

ലൈംഗീക അതിക്രമം നേരിട്ട ശേഷം നടി കുറച്ചുവർഷങ്ങളായി മലയാള സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. കന്നഡ, തമിഴ് ഭാഷകളിൽ സജീവമായി തുടർന്നു. ഈയിടെയാണ് നടി താൻ നേരിട്ട അതിക്രമങ്ങളേക്കുറിച്ച്‌ പരസ്യമായി പ്രതികരിച്ച്‌ രംഗത്തെത്തിയത്. തന്റെ അഭിമാനം ചിതറിത്തെറിച്ചെന്നും അത് വീണ്ടെടുക്കുമെന്നും നടി മാധ്യമ പ്രവർത്തക ബർഖാ ദത്തിന് നൽകിയ തത്സമയ അഭിമുഖത്തിനിടെ പ്രതികരിച്ചു. താൻ ഇരയല്ല അതിജീവിതയാണെന്നും ഭാവന പറയുകയുണ്ടായി.

ഭാവന മലയാള സിനിമയിൽ തിരിച്ചെത്തുമെന്ന് സംവിധായകൻ ആഷിഖ് അബു നേരത്തെ അറിയിച്ചിരുന്നു. ഭാവന ഒരു കഥ കേട്ട് ഇഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം.

ആക്രമിക്കപ്പെട്ട് അഞ്ച് വർഷത്തിന് ശേഷം നേരിട്ട അനുഭവത്തേക്കുറിച്ച്‌ ഭാവന ആദ്യമായി തുറഞ്ഞു പറഞ്ഞത് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ്. ഭാവനയുടെ തുറന്നുപറച്ചിൽ മമ്മൂട്ടി പങ്കുവെച്ചത് വാർത്തയായിരുന്നു.