വിവാഹ മോചനവും, ആരോപണങ്ങളുമെല്ലാം മാധ്യമ സൃഷ്ടി: പ്രതികരണവുമായി ബാല

Advertisement

ചെന്നൈ:മലയാളികൾക്ക് സുപരിചിതനായ നടനാണ് ബാല. ബിഗ് ബിയിലൂടെ മലയാളത്തിലേക്ക് എത്തിയ ബാല പിന്നീട് വില്ലനായും നായകനായും സഹനടനായുമെല്ലാം മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിലും സജീവമാണ് ബാല. അതേസമയം ബാലയുടെ വ്യക്തിജീവിതവും പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ബാലയുടെ വിവാഹ മോചനവും പുനർവിവാഹവുമെല്ലാം വലിയ വാർത്തയായി മാറിയ സംഭവങ്ങളാണ്.

ബാലയേയും ഭാര്യ എലിസബത്തിനേയും കുറിച്ച്‌ ചില വ്യാജ വാർത്തകൾ ഒരിടയ്ക്ക് പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ വ്യാജ വാർത്തകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബാല. ഭാര്യയെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചുമുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ബാല.

ഭാര്യ ഡോക്ടറാണ്. ബാഡ്മിന്റൺ സ്‌റ്റേറ്റ് ലെവൽ ചാമ്പ്യൻ ആണ്. നിങ്ങൾക്ക് വേണമെങ്കിൽ ഇനി പറയുന്നത് ട്രെയിലറിൽ ഇടാം, എന്റെ ഭാര്യ എന്നെ ഇട്ടേച്ച്‌ പോയി എന്നാണ് ബാല പറയുന്നത്. അതെന്താണ് അതിന് പിന്നിലെ കഥ എന്ന ചോദ്യത്തിന് മീഡിയ ഉണ്ടാക്കിയ കഥയാണതെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഒരാളുടെ കുടുംബത്തിൽ കയറി ഇങ്ങനൊന്നും പറയരുതെന്നും താരം പറഞ്ഞു. തന്റെ ഭാര്യയാണ് തന്റെ സന്തോഷവും ഭാവിയും എല്ലാം തന്റെ ഭാര്യയാണെന്നായിരുന്നു താരം പറഞ്ഞത്. ഫേക്ക് ന്യൂസ് ആയിരുന്നുവെന്നും അങ്ങനെ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നതായിരുന്നുവെന്നും താരം പറയുന്നു.

ഫേക്ക് ന്യൂസ് ഉണ്ടാക്കുന്നവരെ ബന്ധപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് അതിനുള്ള അർഹത അവർക്കില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ഞാൻ എപ്പോഴും പറയുന്നൊരു കാര്യമുണ്ട്, എന്റെ സുഹൃത്താകാൻ നിങ്ങൾക്ക് യാതൊരു യോഗ്യതയും വേണ്ട, പക്ഷെ എന്റെ ശത്രുവാകാൻ മിനിമം യോഗ്യത വേണം. അവർക്ക് ആ യോഗ്യതയില്ലെന്നായിരുന്നു താരം പറഞ്ഞത്. ദൈവം സഹായിച്ച്‌ നല്ല ഭാര്യയെ കിട്ടി. നല്ല അമ്മയുണ്ട്. ഉള്ളതിൽ സന്തോഷത്തോടെ ഞാൻ ജീവിക്കുകയാണെന്നും താരം പറയുന്നു. മോൺസൺ മാവുങ്കൽ വിഷയത്തിൽ മീഡിയ വേട്ടയാടിയോ എന്ന ചോദ്യത്തിനും താരം മറുപടി നൽകുന്നുണ്ട്.

‘എത്ര വർഷമായി ഞാൻ സിനിമയിലുണ്ട്. എനിക്ക് മീഡിയയിൽ ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട്. മീഡിയ എന്ന് പറയുന്നത് എന്റെ അടുത്ത ആളുകളാണ്, എന്റെ ബന്ധുക്കളെ പോലെയാണ്. പിന്നെ മീഡിയ എങ്ങനെ എന്നെ വേട്ടയാടും. പക്ഷെ ചില സമയങ്ങളിൽ ചിലയാളുകൾ ചീപ്പായ കാര്യങ്ങൾ ചെയ്യും. അവർ മീഡിയക്കാരാണെന്ന് ഞാൻ സമ്മതിക്കില്ല. അന്തസുള്ള മീഡിയക്കാർ കുറേ പേരുണ്ട്. 90 ശതമാനമുണ്ട്. പത്ത് പേർ മാത്രമാണ് ഇങ്ങനെ നെഗറ്റീവ് ആണെന്ന് കരുതി മീഡിയയെ കുറ്റം പറയുന്ന ഒരു നടനല്ല ബാല,” എന്നായിരുന്നു താരം പറഞ്ഞത്.

ജീവിതത്തിൽ ഈയ്യടുത്ത് താൻ പഠിച്ചത് ആയിരം സുഹൃത്തുക്കൾ വേണ്ടെന്നും സ്‌നേഹിക്കുന്ന പത്ത് പേർ മതിയെന്നാണ് ബാല പറയുന്നത്. ട്രോളുകൾ ആദ്യം വേദനിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോൾ താൻ അതൊക്കെ ആസ്വദിക്കുന്നുണ്ടെന്നും താൻ തന്നെ ട്രോളന്മാരെ വിളിച്ച്‌ തന്നെക്കുറിച്ച്‌ ട്രോൾ ഇറക്കാൻ പറയാറുണ്ടെന്നും താരം പറയുന്നു. പുതിയ സിനിമയായ ഷഫീഖിന്റെ സന്തോഷം എന്ന സിനിമയിൽ തന്നെക്കുറിച്ച്‌ താൻ തന്നെ കളിയാക്കിയിട്ടുണ്ടെന്നും താരം പറയുന്നു.

മലയാളത്തിൽ ഉണ്ണി മുകുന്ദൻ നായകനായ ഷഫീഖിന്റെ സന്തോഷം ആണ് ബാലയുടെ പുതിയ സിനിമ. പിന്നാലെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബിയുടെ രണ്ടാം ഭാഗത്തിലും ബാലയുണ്ടാകും. ബിഗ് ബിയിലെ മുരുകൻ എന്ന കഥാപാത്രമാണ് തന്നെ മലയാളികൾക്ക് പരിചയപ്പെടുത്തിയതെന്നും തന്നെ ഇവിടെ വരെ എത്തിച്ചതെന്നും താരം പറയുന്നു. നിരവധി സിനിമകൾ ബാലയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.