മോഹൻലാലിനോട് 9 ചോദ്യങ്ങളുമായി ഗണേശ് കുമാർ

Advertisement


കൊച്ചി: ‘അമ്മ’യിലെ വിവാദങ്ങളിൽ തുറന്ന പോരിന് കെബി ഗണേശ് കുമാർ എംഎൽഎ.

നേതൃത്വത്തെ ചോദ്യം ചെയ്ത് ഗണേശ് കുമാർ ‘അമ്മ’ പ്രസിഡന്റ് മോഹൻലാലിന് കത്തയച്ചു. ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ ഗുരുതര ആരോപണമാണ് ഇതിലുള്ളത്. സംഘടനയിലെ ദുഷ് ചെയ്തികളെ കുറിച്ച്‌ രണ്ട് കത്ത് പ്രസിഡന്റിന് ഇതിന് മുമ്പ് നൽകിയിട്ടുണ്ടെന്നും അതിനു മറുപടി കിട്ടിയിട്ടില്ലെന്നും ആമുഖമായി പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. ഇതിന് പ്രസിഡന്റിൽ നിന്നും മറുപടി വേണമെന്നും ആവശ്യപ്പെടുന്നു. ജനാധിപത്യ ബോധവും വിവേകവും സ്വതന്ത്ര ചിന്തയുമുള്ള അനേകം അംഗങ്ങൾ ഉൾക്കൊള്ളുന്ന സംഘടനയാണ് അമ്മ. അവരിൽ പലരും പലതും പറയാൻ ആഗ്രഹിക്കുന്നുണ്ട്.

സിനിമയിലെ അവസരങ്ങളും കൈനീട്ടം പോലുള്ള വ്യക്തിഗത ആനുകൂല്യങ്ങളും അടക്കമുള്ള പരിമിതികൾ കാരണമാണ് പലരും തുറന്നു പറയാൻ മടിക്കുന്നത്. ഭയമില്ലാത്തതു കൊണ്ടാണ് ‘അമ്മ’യുടെ നേതൃത്വത്തെ ഹൈജാക്ക് ചെയ്തിരിക്കുന്ന ഏകാധിപത്യ ശക്തികളോട് കടുത്ത പ്രതിഷേധമള്ളവരുടെ ശബ്ദമാകാൻ താൻ തയ്യാറാകുന്നതെന്നും ഗണേശ് കുമാർ പറയുന്നു. വിജയ് ബാബു വിഷയമാണ് ഗണേശ് കുമാർ പ്രധാനമായും ചർച്ചയാക്കുന്നത്. മോഹൻലാലിനോട് ഒൻപത് ചോദ്യങ്ങളാണ് ഗണേശ് ചോദിക്കുന്നത്. കത്തിന്റെ പൂർണരൂപം

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനോട് കാണിച്ച അതേ സമീപനം എന്തു കൊണ്ട് വിജയ് ബാബുവിനോട് കാണിക്കുന്നില്ലെന്നതാണ് ആദ്യ ചോദ്യം. അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന സംസാരിക്കാൻ പോലും കഴിയാത്ത ജഗതി ശ്രീകുമാറിന്റെ പേര് അനവസരത്തിൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ച്‌ അപമാനിക്കാൻ ശ്രമിച്ചെന്നും ഗണേശ് കുമാർ പറയുന്നു. എംഎൽഎയുടെ ലെറ്റർ പാഡിലാണ് കത്തയച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കത്ത് അയച്ചിരിക്കുന്നത്. ഒൻപത് പേജാണ് കത്തിനുള്ളത്. ഇതിനോട് മോഹൻലാൽ പ്രതികരിക്കുമോ എന്നതാണ് നിർണ്ണയാകം.

മോഹൻലാലിനെ സമ്മർദ്ദത്തിലാക്കുകയാണ് ഗണേശ് കുമാറിന്റെ ലക്ഷ്യം. വിജയ് ബാബുവിനെതിരെ നടപടി വേണമെന്നാണ് ഗണേശിന്റെ ആവശ്യം. ഇതു തന്നെയാണ് കത്തിലും ചർച്ചയാക്കുന്നത്. വിജയ് ബാബുവിനെ മാസ് എൻട്രിയായി ചിത്രീകരിച്ചതും ഗണേശ് കുമാറിനെ പ്രകോപിപ്പിക്കുന്നുണ്ട്. അമ്മയുടെ അംഗത്വ ഫീസ് രണ്ടു ലക്ഷമായി ഉയർത്തിയതും ചോദ്യം ചെയ്യുന്നു. വ്യക്തമായ പദ്ധതിയോടെയാണ് ഗണേശ് കുമാറിന്റെ കത്തെഴുത്ത് എന്ന് വ്യക്തമാണ്. ഇടവേള ബാബുവിനെതിരെ നടപടിയാണ് ഗണേശ് ഈ കത്തിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് സൂചന.

കത്തിന്റെ പൂർണരൂപം ഇങ്ങനെ

അമ്മ പ്രസിഡൻ്റിന് ഗണേഷ് കുമാർ എംഎൽഎയുടെ കത്ത്

പ്രശ്നങ്ങൾ അക്കമിട്ട് നിരത്തി കത്ത്

പ്രസിഡണ്ടിനോട് ഒൻപത് ചോദ്യങ്ങൾ

  1. ദിലീപിനോട് സ്വീകരിച്ച സമീപനം വിജയ് ബാബുവിനോട് സ്വീകരിക്കുമോ?
  2. ജഗതി ശ്രീകുമാറിനെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ച ഇടവേള ബാബുവിന്റെ പ്രവർത്തിയെ അമ്മ അപലപിക്കാൻ തയ്യാറാകുമോ
  3. കോടതി കുറ്റ വിമുക്തയാക്കിയ പ്രിയങ്ക എന്ന നടിയെ കുറിച്ച് ദുസൂചനയോടെയുള്ള ഇടവേള ബാബുവിന്റെ പരാമർശത്തിന് അമ്മയുടെ പിന്തുണയുണ്ടോ?
  4. ബിനീഷ് കോടിയേരിയുടെ വിഷയം ചർച്ചചെയ്ത ദിവസം ഞാൻ അമ്മ യോഗത്തിൽ ഉണ്ടായിരുന്നോ? പരസ്പരം ചെളിവാരി എറിയുന്ന തന്ത്രം അമ്മയുടെ നയമാണോ?
  5. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ ആരോപിതനായ വ്യക്തിയിൽ നിന്നും പ്രതിഫലം പറ്റിക്കൊണ്ട് കുറ്റാരോപിതനെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന അതിജീവിതയുടെ ആരോപണം ഗൗരവം അല്ലേ?
  6. അമ്മയുടെ അംഗത്വ ഫീസ് രണ്ട് ലക്ഷത്തി അയ്യായിരം രൂപയായി ഉയർത്തിയത് എന്തിന്?
  7. അമ്മ ക്ലബ്ബ് ആണെന്ന് പറയുമ്പോൾ അങ്ങ് മിണ്ടാതിരിക്കുന്നത് ലജ്ജാകരം അല്ലേ?
  8. അമ്മ ക്ലബ്ബ് ആണ് എന്ന് ആവർത്തിച്ചു പറയുന്ന ഇടവേള ബാബു സംഘടനയുടെ ജനറൽസെക്രട്ടറിയായി തുടരാൻ യോഗ്യനാണോ?
  9. അമ്മയുടെ യൂട്യൂബ് ചാനലിൽ വിജയ് ബാബുവിന്റെ മാസ്സ് എൻട്രി എന്ന പേരിൽ വീഡിയോ പ്രചരിപ്പിക്കാൻ ഉണ്ടായ കാരണമെന്ത്?

……..

മുൻപ് അയച്ച കത്തുകൾക്കൊന്നും മറുപടി കിട്ടിയിട്ടില്ല

ഇത് അങ്ങനെ ആവില്ല എന്ന് കരുതുന്നു

അമ്മയിലെ പ്രശ്നങ്ങൾ പലരും തുറന്നുപറയാൻ മടിക്കുന്നത് സിനിമയിലെ അവസരങ്ങളും കൈനീട്ടവും ഉൾപ്പെടെയുള്ള വ്യക്തിഗതാനുകൂല്യങ്ങൾ നഷ്ടമാകുമെന്ന് കരുതി

അമ്മ നേതൃത്വത്തെ ഹൈജാക്ക് ചെയ്തിരിക്കുന്ന ഏകാധിപത്യ ശക്തികളോട് കടുത്ത പ്രതിഷേധമുള്ളവരുടെ ശബ്ദമാകാൻ ഞാൻ തയ്യാർ

തനിക്ക് ഭയമില്ല

തനിക്ക് ആരുമായും വ്യക്തിപരമായ എതിർപ്പോ വിദ്വേഷമോ ഇല്ല

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അമ്മയിലെയും ആത്മയിലെയും സഹപ്രവർത്തകരോട് വിജയ് ബാബുവിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കുകയും താൻ വോട്ട് ചെയ്യുകയും ചെയ്തിരുന്നു

Advertisement