ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്; വിജയ് ബാബു കേസിനെപ്പറ്റി ധാരണയില്ല: പൃഥ്വിരാജ്

Advertisement

തിരുവനന്തപുരം ∙ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നതിനിടെ, ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന നിലപാട് ആവർത്തിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. തിരുവനന്തപുരത്ത് ‘കടുവ’ സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന നിലപാട് പൃഥ്വിരാജ് ആവർത്തിച്ചത്.

ആക്രമിക്കപ്പെട്ട നടി അടുത്ത സുഹൃത്താണ്. ഇന്നും അവർക്കൊപ്പമാണ്. നടിയിൽനിന്ന് നേരിട്ട് കാര്യങ്ങൾ അറി‍ഞ്ഞിരുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി. നടിയെ ആക്രമിച്ച സംഭവത്തിൽ സധൈര്യം നിലപാട് പരസ്യമാക്കിയ പൃഥ്വിരാജ്, നടനും നിർമാതാവുമായ വിജയ് ബാബു പുതുമുഖ നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കാത്തതിനെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ ചോദ്യമുയർന്നപ്പോഴായിരുന്നു പ്രതികരണം.

നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ അവരിൽനിന്ന് നേരിട്ട് വിവരങ്ങൾ അറിയാമായിരുന്നുവെന്നും, രണ്ടാമത്തെ സംഭവത്തെക്കുറിച്ച് തനിക്ക് ധാരണയില്ലെന്നും പൃഥ്വിരാജ് വിശദീകരിച്ചു. വിജയ് ബാബു പങ്കെടുത്ത ‘അമ്മ’യുടെ യോഗത്തിൽ താൻ പങ്കെടുത്തിരുന്നില്ലെന്നും പൃഥ്വി വ്യക്തമാക്കി.

‘‘ആദ്യം പറഞ്ഞ സംഭവത്തിൽ, ആക്രമിക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. ഞാൻ ഒരുപാട് സിനിമകൾ കൂടെ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്താണ് സംഭവിച്ചതെന്ന് അവരിൽ നിന്നുതന്നെ നേരിട്ട് അറിയാവുന്നതുമാണ്. ഈ പോരാട്ടത്തിൽ അവർക്കൊപ്പം ഉറച്ചു നിൽക്കുന്നുവെന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും. ഞാൻ മാത്രമല്ല, അവർക്കൊപ്പം ജോലി ചെയ്തിട്ടുള്ള ഒരുപാടു പേർക്കും ഇതേ നിലപാടാണ്’ – പൃഥ്വിരാജ് പറഞ്ഞു.

‘‘പക്ഷേ, രണ്ടാമതു പറഞ്ഞ സംഭവത്തെക്കുറിച്ച് എനിക്ക് വ്യക്തതയില്ല. അതേക്കുറിച്ച് എനിക്ക് അറിയില്ല. നിങ്ങളെല്ലാവരും എഴുതിയിട്ടുള്ള, നിങ്ങളെല്ലാവരും കാണിച്ചിട്ടുള്ള, നിങ്ങളെല്ലാവരും റിപ്പോർട്ട് ചെയ്തിട്ടുള്ള വിവരങ്ങൾ മാത്രമേ എനിക്കും അറിയൂ. അതുവച്ച് ഈ വിഷയത്തിൽ പ്രതികരിക്കാൻ ഞാൻ തയാറെടുത്തിട്ടില്ല’’ – പൃഥ്വി വ്യക്തമാക്കി.

‘‘ആ യോഗത്തിൽ (വിജയ് ബാബു പങ്കെടുത്ത ‘അമ്മ’ സംഘടനയുടെ യോഗം) ഞാനും പങ്കെടുത്തിരുന്നില്ല. വിജയ് ബാബു അവിടെ പോകാൻ പാടുണ്ടോ എന്നൊന്നും അഭിപ്രായം പറയേണ്ടത് ഞാനല്ല. സംഘടനയുടെ പ്രവർത്തന രീതികളെക്കുറിച്ചോ അല്ലാതെയോ എനിക്ക് അറിവില്ല. അതുകൊണ്ട് അതിന്റെ ശരിതെറ്റുകളെക്കുറിച്ച് ആധികാരികമായി പറയാനുമാകില്ല’ – പൃഥ്വിരാജ് വിശദീകരിച്ചു.

Advertisement