ഓളവും തീരവും ചിത്രീകരണം പൂർത്തിയായി; ചിത്രമെത്തുന്നത് ബ്ലാക്ക് ആൻഡ് വൈറ്റിൽ

Advertisement


ഓളവും തീരവും എന്ന പുതിയ മോഹൻലാൽ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ ചിത്രീകരിച്ചിരിക്കുന്നത് ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണ്.

എംടിയുടെ തിരക്കഥയിൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത സിനിമയുടെ പുനഃസൃഷ്ടിയാണ് ഈ ചിത്രം. നായകൻ ബാപ്പുട്ടിയായി മധുവിന്റെ സ്ഥാനത്തു മോഹൻലാലും ഉഷാനന്ദിനി അഭിനയിച്ച നായികവേഷത്തിൽ ദുർഗാകൃഷ്ണയും എത്തുന്നു.

എം.ടി. വാസുദേവൻ നായരുടെ കഥകളെ അടിസ്ഥാനമാക്കിയുള്ള മറ്റ് ഒമ്പത് സിനിമകൾ ഉൾപ്പെടുന്ന ആന്തോളജിയിലെ ഏറ്റവും ദൈർഘ്യമേറിയ വിഭാഗമായ 50 മിനിറ്റ് നീളമുള്ള ചിത്രമാണിത്. ഹരീഷ് പേരടി, സുരഭി ലക്ഷ്മി, മാമൂക്കോയ, വിനോദ്‌ കോവൂർ, അപ്പുണ്ണി ശശി, ജയപ്രകാശ്‌ കുളൂർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

1957ൽ പുറത്തിറങ്ങിയ എംടിയുടെ ചെറുകഥയെ ആസ്പദമാക്കിയുള്ള തിരക്കഥയിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും കഥ അതുപോലെ നിലനിർത്തിയിട്ടുണ്ടെന്നും നിർമാതാക്കൾ പറഞ്ഞു. 1970-ലെ ചിത്രത്തിന്റേതു പോലെ ഒരു ഭാഗം ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണ് നിർമിച്ചത്. സാബു സിറിൾ കലാരൂപകൽപന ചെയ്ത ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സന്തോഷ് ശിവനാണ്. കാലാപാനി എന്ന ചിത്രത്തിന് ശേഷം പ്രിയദർശൻ, മോഹൻലാൽ, സന്തോഷ് ശിവൻ, സാബു സിറിൽ എന്നിവർ ആദ്യമായി ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

അതേസമയം, ബിജു മേനോനും ശാന്തി കൃഷ്ണയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആന്തോളജിയുടെ മറ്റൊരു ഭാഗവും പ്രിയദർശൻ സംവിധാനം ചെയ്തിട്ടുണ്ട്. ശിലാലിഖിതങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ജയരാജ്, മഹേഷ് നാരായണൻ, സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, രതീഷ് അമ്പാട്ട്, അശ്വതി വാസുദേവൻ നായർ എന്നിവരാണ് ആന്തോളജിയിലെ മറ്റ് സംവിധായകർ. ചിത്രങ്ങൾ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യും.