യൂറോപ്പിൽ ഉഷ്ണതരംഗം; ഫ്രാൻസിൽ 11,500 പേരെ ഒഴിപ്പിച്ചു, സ്പെയിനിലും പോർച്ചുഗലില്ലുമായി മരണം 1000

Advertisement

മാഡ്രിഡ്: തെക്കൻ യൂറോപ്പിലും വടക്കൻ ആഫ്രിക്കയിലും തുടരുന്ന ഉഷ്ണതരംഗത്തിൽ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ കൂടുതൽ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം സ്പെയിനിൽ അതിശക്തമായ കാട്ടു തീ പടർന്ന് പിടിച്ചതിനെ തുടർന്ന് ആളുകളെ ഒഴിപ്പിച്ച ട്രെയിൻ കടന്ന് പോയത് കാട്ടുതീ പടർന്ന് പിടിച്ച പ്രദേശത്ത് കൂടിയായിരുന്നു.

ഏതാണ്ട് 11,500 പേരെ ഇതിവരെ ഒഴിപ്പിച്ചതായി ഫ്രാൻസ് അറിയിച്ചു. അതേ സമയം സ്പെയിനും പോർച്ചുഗല്ലില്ലുമായി ഉഷ്ണതരംഗത്തെ തുടർന്ന് ഇതുവരെ 1000 പേർ മരിച്ചെന്നും വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യൂറോപ്പിൽ പോർച്ചുഗൽ, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലാണ് ഉഷ്ണതരംഗം ഏറ്റവും ശക്തമായി വീശുന്നത്. ഉഷ്ണതരംഗത്തെ തുടർന്ന് യൂറോപ്പിലെ താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് കടന്നു. സ്പെയിനിലെ പടിഞ്ഞാറൻ നഗരമായ ഫെറോളിൽ നിന്ന് ഇന്നലെ മാഡ്രിഡിലേക്ക് പുറപ്പെട്ട ഒരു ട്രെയിൻ, കാട്ടുതീ പടർന്ന് പിടിച്ച പ്രദേശങ്ങളിലൂടെ കടന്ന് പോയത് യാത്രക്കാരിൽ ഏറെ ആശങ്കയുണ്ടാക്കി.

ഇന്നലെ ഫെറോളിൽ നിന്ന് മാഡ്രിഡിലേക്ക് പുറപ്പെട്ട ട്രെയിനിലെ യാത്രക്കാരനായ ഫ്രാൻസിസ്കോ സിയോനെ പെരെസ് യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി. ട്രെയിൻ സഞ്ചരിക്കുന്ന വഴികളിലെല്ലാം അതിശക്തമായ കാറ്റും അതോടൊപ്പം തീയും പടർന്നു കയറുന്നത് ചിത്രങ്ങളിൽ വ്യക്തിമായിരുന്നു.

ഇന്നലെ സ്പെയിനിലെ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു. ഒരാഴ്ചയായി ഏതാണ്ട് 40 ഡിഗ്രി സെൽഷ്യസ് ചൂടാണ് സ്പെയിനിലെമ്പാടും അനുഭവപ്പെടുന്നത്. ശക്തമായ ഉഷ്ണതരംഗത്തിൻറെ പിടിയിലമർന്ന സ്പെയിനിൽ തിങ്കളാഴ്ച രാവിലെ മാത്രം 36 തീപിടിത്തങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 24 എണ്ണം നിയന്ത്രണാതീതമാണെന്നാണ് റിപ്പോർട്ട്,

അതിശക്തമായ ചൂടിനെ തുടർന്ന് പോർച്ചുഗല്ലിലും സ്പെയിനിലുമായി ഇതുവരെ 1,000 ത്തോളം പേർ മരിച്ചു. മിക്കവരും ഉഷ്ണതരംഗത്തെ തുടർന്നുള്ള ചൂട് താങ്ങാനാകാതെയാണ് മരിച്ചത്. സ്പെയിനിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്തത്. സ്പെയിനിലെ വടക്കുപടിഞ്ഞാറൻ സമോറ പ്രവിശ്യയിൽ തീപിടുത്തത്തിൽ 62 വയസ്സുള്ള ഒരു അഗ്നിശമന സേനാംഗവും 69 കാരനായ ഒരു ഇടയനും വെന്തുമരിച്ചു.

ഫ്രാൻസിലും താപനില മുകളിലേക്ക് തന്നെയാണ്. ഫ്രാൻസിലെ മിക്ക നഗരങ്ങളും ഏറ്റവും ചൂട് കൂടിയ കാലാവസ്ഥ റിപ്പോർട്ട് ചെയ്തപ്പോൾ ബ്രെസ്റ്റ് നഗരത്തിൽ 35.8 ഡിഗ്രി സെൽഷ്യസും നാന്റസ് 40.5 ഡിഗ്രി സെൽഷ്യസും ബാർഡോയ്ക്ക് സമീപമുള്ള ലാൻഡസ് വനത്തിൽ 44 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

ഫ്രാൻസിൽ അതിഭീകരമായ കാട്ടുതീയാണ് പടരുന്നത്. ബോർഡോക്സിൽ രണ്ട് കാട്ടുതീകൾ അനിയന്ത്രിതമായി പടരുകയാണ്. പ്രദേശത്ത് നിന്നും ഇതിനകം 11,500 പേരെ ഒഴിപ്പിച്ച് കഴിഞ്ഞു. ഇന്നലെ പുലർച്ചയോടെ ലാംഗോണിന് പടിഞ്ഞാറുള്ള ഗ്രാമത്തിൽ നിന്ന് 3,500 പേരെ ഒഴിപ്പിച്ചു. ലാ ടെസ്റ്റെ ഡി ബുച്ചിൽ നിന്നും 8,000 പേരെയും ഇന്നലെ ഒഴിപ്പിച്ചതായി അഗ്നിശമന സേനാവിഭാഗം അറിയിച്ചു.

എന്നാൽ, വൈകീട്ട് 5 നും 6 നും ഇടയിലുള്ള സമയത്ത് താപനില പെട്ടെന്ന് 20 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. എന്നാൽ ഇത് വളരെ കുറച്ച് സമയത്തേക്ക് മാത്രമായിരുന്നു. ഗലേർനെ (Galerne) എന്നറിയപ്പെടുന്ന കിഴക്കൻ കാറ്റ് വീശുമ്പോഴാണ് ചൂടിന് അൽപം ആശ്വാസം ലഭിക്കുക. അപ്പോഴും ശക്തമായ കാറ്റ് കാട്ടുതീയെ ആളിപ്പടർത്തുന്നു.

പോർച്ചുഗല്ലിൽ നിന്ന് ബാൽക്കൻ മേഖലയിലേക്ക് കാട്ടുതീ ആളിപ്പടരുകയാണെന്നാണ് റിപ്പോർട്ടുകൾ. തെക്കൻ യൂറോപ്പിലെ പല രാജ്യങ്ങളും കടുത്ത വരൾച്ചയെയും നേരിടുന്നു. ബ്രിട്ടനിലും അതിശക്തമായ ഉഷ്ണതരംഗമാണ് അനുഭവപ്പെടുന്നത്. യൂറോപ്പിലെ ഏതാണ്ടെല്ലാ രാജ്യങ്ങളിലും ഉയർന്ന താപനിലയാണ് സമീപ കാലത്ത് രേഖപ്പെടുത്തിയത്.

ബ്രിട്ടനിലെ ശക്തമായ താപനില റെയിൽ പാളങ്ങളിൽ വിള്ളൽ വീഴ്ത്തുമെന്ന് ട്രെയിൻ ഓപ്പറേറ്റർമാർ മുന്നറിയിപ്പ് നൽകി. രാജ്യത്തെ ചില സ്കൂളുകൾ ഇതിനകം കുട്ടികൾക്കായി നീന്തൽ കുളങ്ങൾ പണികഴിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ഫ്രാൻസിൻറെ തെക്ക് പടിഞ്ഞാറൻ ഭാഗത്ത് ശക്തമാകുന്ന ചുഴലിക്കാറ്റ് അഗ്നിശമന ശ്രമങ്ങളെ സങ്കീർണ്ണമാക്കുന്നെന്ന് അഗ്നിശമന സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

‘തീ അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കുകയാണ്. തീജ്വാലകൾ മൂലം കത്തിക്കരിഞ്ഞ മരക്കൊമ്പുകൾ ഒടിഞ്ഞുവീഴുകയും ഇതോടൊപ്പം കത്തുന്ന തീക്കനലുകൾ വായുവിലേക്ക് പറക്കുകയും ചെയ്യുന്നു. ഇത് തീ കൂടുതൽ പ്രദേശത്തേക്ക് വ്യാപിപ്പിക്കുന്നതായും റീജിയണൽ ഫയർ സർവീസ് മേധാവി മാർക്ക് വെർമ്യൂലൻ പറഞ്ഞു.

‘ഞങ്ങൾ അങ്ങേയറ്റം അസാധാരണമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുകയാണ്,’ അദ്ദേഹം ചൂണ്ടിക്കാണിച്ചു. കാട്ടുതീ ശക്തമായതോടെ അധികാരികൾ കൂടുതൽ പട്ടണങ്ങൾ ഒഴിപ്പിക്കാൻ ആരംഭിച്ചു. ഫ്രാൻസിൽ നിന്ന് ഇതിനോടകം തന്നെ 11,500 പേരെ ഒഴിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ജൂലൈ 12 നാണ് കാട്ടുതീ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അന്ന് മുതൽ ഇന്നലെ വരെയായി ഇതുവരെ 28,000 പേരെ ഒഴിപ്പിച്ചെന്ന് അധികൃതർ അറിയിച്ചു.

സമുദ്രജലം കാട്ടുതീ പടരുന്ന പ്രദേശങ്ങളിലെത്തിച്ച് തീ നിയന്ത്രണ വിധേയമാക്കുന്നതിനായി ഇപ്പോൾ തന്നെ മേഖലയിലുള്ള ആറ് വിമാനങ്ങൾക്കൊപ്പം കൂടുതലായി മൂന്നെണ്ണം കൂടി അയച്ചതായി ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച രാത്രി അറിയിച്ചു. പോർച്ചുഗല്ലിലും സ്പെയിനിലുമായി ഇതുവരെ 1000 പേർ കാട്ടുതീ മൂലം മരിച്ചു. 659 പേർ പോർച്ചുഗല്ലിലുംസ്പെയിനിൽ 368 പേരും മരിച്ചു.

മുന്തിരിത്തോട്ടങ്ങൾക്കും മുത്തുച്ചിപ്പികൾക്കും മനോഹരമായ കടൽത്തീരങ്ങൾക്കും പേരുകേട്ട ആർക്കച്ചോൺ മാരിടൈം ബേസിന് സമീപത്തെ ഗിറോണ്ടെയിലെ തീപിടുത്തങ്ങൾ തടയാൻ രാവും പകലും പ്രവർത്തിക്കുന്ന 1500 ഓളം വരുന്ന അഗ്നിശമന സേനാംഗങ്ങളോടെപ്പം ചേരുന്നതിനായി 200-ലധികം പേർ കൂടി പുറപ്പെട്ടു.

സ്‌പെയിനിന് ചുറ്റുമുള്ള 30-ലധികം കാട്ടുതീ കാരണം ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. കാട്ടുതീ ഏതാണ്ട് 220 ചതുരശ്ര കിലോമീറ്റർ വനത്തെയും അടിക്കാടുകളെയും ചാമ്പലാക്കി മാറ്റി. കാലാവസ്ഥാ വ്യതിയാനം കാരണം ഉഷ്ണതരംഗങ്ങൾ കൂടുതൽ തീവ്രവും ഇടയ്ക്കിടെയുള്ളതും ദൈർഘ്യമേറിയതുമായി മാറിയെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നു.

ഇതോടൊപ്പം അനുഭവപ്പെടുന്ന അതിശക്തമായ വരൾച്ച കാട്ടുതീയെ പ്രതിരോധിക്കുന്നത് ദുർഘടമാക്കി. കാലാവസ്ഥാ വ്യതിയാനം കാലാവസ്ഥയെ കൂടുതൽ തീവ്രമാക്കുകയും കാട്ടുതീ കൂടുതൽ വിനാശകരവുമാക്കുകയും ചെയ്യുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

‘കാലാവസ്ഥാ വ്യതിയാനം നമ്മെ കൊല്ലുന്നു,’ സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തിങ്കളാഴ്ച എക്‌സ്‌ട്രീമദുര മേഖല സന്ദർശിക്കവെ പറഞ്ഞു. അവിടെ അഗ്നിശമന സേനാംഗങ്ങൾ മൂന്ന് വലിയ തീപിടുത്തങ്ങളെ നേരിടുകയാണ്. ‘ഇത് മനുഷ്യരെ കൊല്ലുന്നു, നമ്മുടെ ആവാസവ്യവസ്ഥയെയും ജൈവവൈവിധ്യത്തെയും കൊല്ലുന്നു.’ അദ്ദേഹം ആകുലപ്പെട്ടു.

ബെർലിനിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുക്കവെ, സ്പെയിനിലെ പാരിസ്ഥിതിക പരിവർത്തന മന്ത്രി തെരേസ റിബേറ തൻറെന്റെ രാജ്യം ‘അക്ഷരാർത്ഥത്തിൽ തീയിൽ’ ആണെന്ന് വിശേഷിപ്പിച്ചു. ‘വരാനിരിക്കുന്ന ദിവസങ്ങളിൽ ഇനിയും ഭയാനകമായ സാധ്യതകളുണ്ടാകുമെന്ന്’ അവർ മുന്നറിയിപ്പ് നൽകി.

10 ദിവസത്തിലധികം താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാവുകയും രാത്രിയിൽ മിതമായ തണുപ്പ് അനുഭവപ്പെടുകയും ചെയ്യും. സ്‌പെയിനിലെ കാർലോസ് III ഇൻസ്റ്റിറ്റ്യൂട്ടിൻറെ കണക്കനുസരിച്ച്, പ്രതിദിന താപനിലയുമായി ബന്ധപ്പെട്ട മരണങ്ങൾ രേഖപ്പെടുത്തുന്നു., ജൂലൈ 10 മുതൽ 14 വരെയുള്ള ഉയർന്ന താപനില കാരണം 237 മരണങ്ങളാണ് സംഭവിച്ചത്.

കഴിഞ്ഞ ആഴ്‌ചയിൽ ചൂടുമായി ബന്ധപ്പെട്ട് മാത്രം 25 മരണങ്ങൾ രേഖപ്പെടുത്തി. സ്പെയിനിലെ ചൂട് തരംഗം ചൊവ്വാഴ്ച മുതൽ കുറയുമെന്നാണ് പ്രവചനം. എന്നാൽ ബുധനാഴ്ച താപനില വീണ്ടും ഉയരുമെന്നും പ്രത്യേകിച്ച് വരണ്ട പടിഞ്ഞാറൻ എക്സ്ട്രീമദുര മേഖലയിൽ അത് ശക്തമാകുമെന്നും മുന്നറിയിപ്പുകൾ പറയുന്നു.

ബ്രിട്ടനിൽ, ഉദ്യോഗസ്ഥർ ആദ്യമായി തീവ്രമായ ചൂട് മുന്നറിയിപ്പ് നൽകി. 2019 ൽ സ്ഥാപിച്ച റെക്കോർഡ് ഉയർന്ന താപനിലയായ 38.7 ഡിഗ്രി സെൽഷ്യസ് തകർക്കപ്പെടുമെന്ന് ബ്രിട്ടീഷ് കാലാവസ്ഥാ സേവനം പ്രവചിച്ചു. ചിലപ്പോൾ അത് 43 വരെ പോകാമെന്നും മുന്നറിയിപ്പുകൾ പറയുന്നു. എന്നാൽ അത്രയും ഉയരില്ലെന്നാണ് പ്രതിക്ഷയെന്നും മെറ്റ് ഓഫീസ് സിഇഒ പെനലോപ്പ് എൻഡേഴ്‌സ്ബി പറഞ്ഞു.

സ്ലോവേനിയയിൽ പടർന്ന് പിടിച്ച കാട്ടുതീ നിയന്ത്രണ വിധേയമായതായി അധികൃതർ പറഞ്ഞു. സ്ലോവേനിയയുടെ തെക്കൻ അതിർത്തി രാജ്യമായ ക്രൊയേഷ്യ, അഡ്രിയാറ്റിക് കടൽത്തീരത്തെ കാട്ടു തീ അണയ്ക്കാനായി ഒരു വിമാനത്തെ അയച്ചു. സിബെനിക്കിലെ കാട്ടുതീ മൂലം പ്രദേശത്തെ ചില വീടുകൾ ഒഴിപ്പിച്ചതായി അധികൃതർ പറഞ്ഞു.

വടക്കൻ പോർച്ചുഗല്ലിൽ നാല് പ്രധാനപ്പെട്ട തീപിടിത്തങ്ങളാണ് ഉള്ളത്. ഇവ കെടുത്താനായി 600 അധികം അഗ്നിശമനസേനാംഗങ്ങളാണ് കർമ്മനിരതരായി രംഗത്തുള്ളത്. ജൂലൈയിലെ റിക്കോർഡ് ചൂടായ 47 ഡിഗ്രി സെൽഷ്യസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് രാജ്യം മുഴുവനും അതീവ ജാഗ്രത പ്രഖ്യാപിച്ചു. പോർച്ചുഗല്ലിൽ ഇതുവരെയായി 12,000 മുതൽ 15,000 ഹെക്ടർ ഭൂമി കത്തി നശിച്ചു.

ബ്രിട്ടനിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആദ്യമായി ‘ചുവപ്പ്’ മുന്നറിയിപ്പ് (Red Alert) നൽകി. അതോടൊപ്പം ‘ജീവന് അപകടസാധ്യത’ ഉണ്ടെന്നും മുന്നറിയിപ്പ് നൽകി. തെക്കൻ ഇംഗ്ലണ്ടിലെ താപനില ചൊവ്വാഴ്‌ചയോടെ ആദ്യമായി 40 ഡിഗ്രി സെൽഷ്യസ് മറികടക്കുമെന്ന് മെറ്റ് ഓഫീസ് പറഞ്ഞു. നെതർലൻഡ്‌സിൻറെ ചില ഭാഗങ്ങളിൽ 38 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.