കെ ജി ജോര്‍ജ്ജിന്‍റെ പിതാവ് പെയിന്‍റ് അടിക്കാന്‍ വന്നപ്പോള്‍

Advertisement

കൊല്ലം. തികച്ചും അസാധാരണമായ ഈ അനുഭവക്കുറിപ്പ് എഴുത്തുകാരനും പിഎസ് സി അംഗവുമായ എസ് എ സെയ്ഫിന്‍റേതാണ്. വരുന്നത് ഇന്ന് പുറത്തിറങ്ങുന്ന കലാകൗമുദി അനുഭവം പംക്തിയിലും.

തിരുവല്ലയില്‍ സപ്ളെ ഓഫിസില്‍ ജോലി ചെയ്യുന്ന കാലത്ത് കെ ജി ജോര്‍ജ്ജിന്‍റെ പിതാവ് സാമുവേല്‍ എന്ന പെയിന്‍റ് പണിക്കാരനെ പരിചയപ്പെട്ട കഥയാണ് അദ്ദേഹം പറയുന്നത്. ഓഫീസ് പെയിന്‍റടിക്കാന്‍ മേലാവ് ചുമതലപ്പെടുത്തിയ ആളിന് ഏണിവീണ് കാല്‍ വിരലിന് പരുക്കേല്‍ക്കുന്നതും ആസമയം അദ്ദേഹത്തെ അറിയാമോ എന്ന് ചോദിച്ച് മേലധികാരിയാണ് കെജി ജോര്‍ജ്ജിന്‍റെ പിതാവ് എന്ന് സെയ്ഫിനെ പരിചയപ്പെടുത്തുന്നത്. സെയ്ഫ് ആണെങ്കില്‍ കുന്നത്തൂരില്‍ ഷൂട്ട് ചെയ്ത കോലങ്ങള്‍ അടക്കം കെ ജി ജോര്‍ജ്ജിന്‍റെ സിനിമകളുടെ ആരാധകനും. മഹാനഗരം എന്ന മമ്മൂട്ടി ചിത്രം ഷൂട്ട് ചെയ്യുന്ന സമയമാണ് മകനെ ആശ്രയിക്കാതെ നല്ലകലാകാരനും ചിത്രകാരനുമായ പിതാവ് ജോലിക്ക് എത്തുന്നത്. മകന്‍റെ വലിപ്പം നോക്കി വീട്ടിലിരിക്കാതെ തന്‍റെ ജോലിയില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പിതാവിനെയാണ് സെയ്ഫ് പരിചയപ്പെടുത്തുന്നത്. സെയ്ഫിന്‍റെ ലേഖനം ഇങ്ങനെ

1990ന്റെ രണ്ടാം പാദത്തിലാണ്. തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസ് അന്ന് പ്രവർത്തിച്ചിരുന്നത് പുഷ്പഗിരി ആശുപത്രിയിലേക്കുള്ള വഴിയുടെ വലതു വശത്തെ ഒരു സ്വകാര്യ കെട്ടിടത്തിലാണ്. ഞാൻ അവിടെ എൽ.ഡി ക്ലാർക്ക് ആയി ജോലി നോക്കുകയാണ്. ഭൂമിയുടെ നിരപ്പിൽ നിന്ന് താഴെയാണ് മണ്ണെടുത്ത സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന ഓഫീസ് കെട്ടിടം. ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തെ തുടർന്ന് തിരുവല്ലയിൽ കുടുംബവീടുള്ള  നിരവധി പേർ ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയ നാളുകൾ. അവർ സപ്ലൈ ഓഫീസിലേക്ക് കൂട്ടത്തോടെ റേഷൻ കാർഡിനായി വന്നു തുടങ്ങി. മഴക്കാലമായപ്പോൾ ഓഫീസ് ആകെ ഈർപ്പം നിറഞ്ഞു. വിദേശ മലയാളികൾക്ക് അതൊരു അലോസരക്കാഴ്ച ആയപ്പോൾ കെട്ടിടം പെയിൻറടിച്ച് വെടിപ്പാക്കാൻ സപ്ലൈ ഓഫീസർ ഉടമയ്ക്ക് നിർദ്ദേശം നൽകി.

   പിറ്റേന്ന് തന്നെ നാലഞ്ച് പേർ കെട്ടിടം പെയിൻറടിച്ച് വെടിപ്പാക്കാനായി വന്നു. അതിൽ ഒരാൾ നന്നെ പ്രായമുള്ളയാളും ബാക്കിയുള്ളവർ താരതമ്യേന ചെറുപ്പവും. ഓഫീസ് പ്രവർത്തനത്തിന് തടസ്സമാകാത്ത വിധം അവർ ജോലി ചെയ്തു തുടങ്ങി. 

   തിരുവല്ല സ്വദേശിയായ പി.കെ. തങ്കൻ സാറാണ് അന്ന് അസി. സപ്ലൈ ഓഫീസർ. എൻ.ജി.ഒ യൂണിയൻ നേതാവായിരുന്ന അദ്ദേഹം അതിൽ നിന്ന് മാറി ജോയിന്റ് കൗൺസിലിൽ ചേർന്ന് പ്രവർത്തിച്ചു വരികയായിരുന്നു. അദ്ദേഹത്തിന്റെ മകൻ ജയറാം ഇപ്പോൾ ഭക്ഷ്യമന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറിയാണ്. എന്റെ നാട്ടുകാരനായ പ്രഫ. കൊച്ചുകുഞ്ഞിന്റെ മകളെയാണ് ജയറാം വിവാഹം ചെയ്തിരിക്കുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ ചരിത്ര വിഭാഗം തലവനായിരുന്നു കൊച്ചുകുഞ്ഞ് സാർ. ആ പദവിയിലെത്തുന്ന ആദ്യ ദലിത്. ഡോ. ബി. ആർ. അംബേദ്കറുടെ സമുദായത്തിൽ പിറന്ന മഹാരാഷ്ട്ര സ്വദേശിയായ തൊറാസിക് സർജൻ ഡോ. അശോക് ഭോയറുടെ ആത്മകഥ മലയാളത്തിലേക്ക് മൊഴിമാറ്റിയത് പ്രൊഫ. കൊച്ചുകുഞ്ഞാണ്. എല്ലാ യോഗ്യതകളും ഒരു ദലിതൻ ആയതിന്റെ പേരിൽ അയോഗ്യതയായി മാറി കടുത്ത പീഡനങ്ങൾക്കും വിവേചനങ്ങൾക്കും വിധേയനാകേണ്ടി വന്നയാളാണ് ഡോ. ഭോയർ.

   അതങ്ങനെ നിൽക്കട്ട്. പെയിന്റിംഗ് ജോലി പുരോഗമിക്കുന്നതിനിടെ, ഭിത്തിയിൽ ചാരി വച്ചിരുന്ന ഏണി മറിഞ്ഞു വീണു. വീണത് താഴെ നിന്ന് ചായം അടിക്കുകയായിരുന്ന പ്രായം ചെന്ന ആളുടെ കാലിൽ. ഇത് കണ്ട് തങ്കൻസാറും ഞാനുമെല്ലാം ഓടി അദ്ദേഹത്തിന്റെ അടുത്തെത്തി. മുറിവ് ഒന്നും ഇല്ല. കാലം നഖമുനപ്പാടുകൾ കോറിയ കാൽപ്പാദത്തിന് നല്ല വേദനയുണ്ട് എന്ന് ആ മുഖത്തെ ഭാവങ്ങൾ വിളിച്ചുപറഞ്ഞു. അപ്പോഴാണ് ഞാനദ്ദേഹത്തെ സൂക്ഷ്മമായി ശ്രദ്ധിച്ചത്. അലസമായി വളർന്ന കുറ്റിത്താടി. നന്നായി അധ്വാനിച്ച് ജീവിച്ച ശരീരത്തിന്റെ ചട്ടക്കൂട്. തെളിഞ്ഞ കണ്ണുകൾ. ആശുപത്രിയിൽ പോകേണ്ടതില്ലെന്ന് അദ്ദേഹം തീർത്തു പറഞ്ഞു. ഒന്നും സംഭവിക്കാത്തത് പോലെ പണി തുടർന്നു.

  തങ്കൻ സാർ അപ്പോൾ പറഞ്ഞ വാക്കുകൾ ഇന്നും മനസ്സിൽ പച്ചപ്പോടെ നിൽക്കുന്നു .

  ”സെയ്ഫിന് ആളെ മനസ്സിലായോ? കെ.ജി. ജോർജിന്റെ പിതാവാണ്. ശാമുവേൽ എന്നാണ് പേര്. നല്ല ചിത്രകാരനുമാണ്”

   അതെനിക്കൊരു കൗതുകം നിറഞ്ഞ പുത്തനറിവായിരുന്നു. കെ.ജി. ജോർജ് തിരക്കഥയെഴുതിയ നെല്ലിൽ തുടങ്ങി പൂർണമായ അർത്ഥത്തിൽ അദ്ദേഹത്തിന്റേതായി 

പിറന്ന ‘സ്വപ്നാടനം’ മുതൽ ആ വർഷം പുറത്തിറങ്ങിയ ‘ഈ കണ്ണി കൂടി’ വരെ എല്ലാ ചിത്രങ്ങളും കണ്ടിട്ടുള്ള എന്നിൽ കെ.ജി. ജോർജ് എന്ന മഹാപ്രതിഭയുടെ പിതാവിനോട് അങ്ങേയറ്റത്തെ ആദരവും ആരാധനയും തോന്നി. സിനിമാക്കാരന്റെ അഛൻ എന്ന പരിവേഷമില്ലാതെ അധ്വാനത്തിന്റെ മഹത്വമറിഞ്ഞ് തൊഴിലെടുക്കാൻ ഇറങ്ങിയ ആ വാർധക്യത്തെ മനസ്സുകൊണ്ട് നമിച്ചു ഞാൻ.

   പിന്നെയും നാലഞ്ച് ദിവസം കൂടി അദ്ദേഹം ഇളമുറക്കാരുമായി അവിടെ പെയിൻറിംഗ് പണിക്ക് വന്നു. അദ്ദേഹവുമായി ആ സമയത്തിനിടെ ഞാൻ നല്ല ചങ്ങാത്തത്തിലും ആയി. പണി കഴിഞ്ഞ് പോയ നാൾ വൈകിട്ട് എതിർവശത്തെ കടയിൽ നിന്ന് അഞ്ചാറ് ‘പ്യാരീസ്’ മിഠായി വാങ്ങിത്തന്നിട്ടാണ് യാത്ര പറഞ്ഞിറങ്ങിയത്. അധികം വൈകാതെ ഞാൻ അവിടെ നിന്ന് സ്ഥലം മാറിപോയി. പിന്നീട് അദ്ദേഹത്തെ കണ്ടിട്ടില്ലെങ്കിലും മിക്കപ്പോഴും ഓർക്കും.

 ഈ സംഭവം നടക്കുന്ന സമയത്ത് കെ.ജി. ജോർജ് ആദ്യമായും അവസാനമായും നിർമ്മിച്ച, മമ്മൂട്ടി നായകനായ ‘മഹാനഗരം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കേരളത്തിൽ എവിടെയോ നടക്കുകയായിരുന്നു. 1992 ലാണ് പടം ഇറങ്ങിയത്. ഓർക്കാൻ ഇഷ്ടപ്പെടാത്ത ചിത്രം എന്നാണ് ‘മഹാനഗര’ത്തെ പിൽക്കാലത്ത് കെ.ജി. ജോർജ് വിലയിരുത്തിയതെന്ന് എവിടെയോ വായിച്ചത് ഓർത്തുപോകുന്നു.

Advertisement