വിപ്ലവകാരികളിലെ സന്യാസി സന്യാസിമാരിലെ വിപ്ലവകാരി,ഡോ.സുരേഷ് മാധവിന്റെ ‘വേദഗുരു സദാനന്ദസ്വാമികള്‍’ വിശകലനം

Advertisement

ഡോ.കൂമുള്ളി ശിവരാമന്‍

നവോത്ഥാന നായകന്മാരുടെ കര്‍മ്മസാരഥിയായ സദ്ഗുരു സദാനന്ദസ്വാമികളുടെ സമഗ്രമായ ജീവിതവും ദര്‍ശനവും ആണ് ഡോ.സുരേഷ് മാധവിന്റെ ‘വേദഗുരു സദാനന്ദസ്വാമികള്‍’ എന്ന കൃതി. ചരിത്രരേഖകളുടെയും ഗ്രന്ഥ സാമഗ്രികളുടെയും സൂക്ഷ്മവിശകലനത്തിലൂടെ രചന സാധിക്കുന്ന ഗ്രന്ഥം ഒരുകാലഘട്ടത്തിന്റെ വിപ്ലവകരമായ മുഖപടലങ്ങളും ഇരുട്ടിലാണ്ടു പോയ സത്യനിധികളും കണ്ടെടുക്കുന്നു.

‘പത്തൊമ്പതാം നൂറ്റാണ്ടിനൊടുവില്‍ ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെ നടന്നുകൊണ്ട് ഇരുപതാം നൂറ്റാണ്ടിലെ കേരള നവോത്ഥാന ഭാവിയെക്കുറിച്ച് പഠിക്കുകയും പ്രശ്നപരിഹാരം നിര്‍ദ്ദേശിക്കുകയുമാണ് സ്വാമികള്‍ ചെയ്തത്. തത്വശാസ്ത്രത്തിന്റെ യുക്തിയും സാധാരണ മനസ്സിന്റെ ഭക്തിയും നാഗരികലോകത്തിന്റെ വാണിജ്യബോധവും പുതുയുഗം ആവശ്യപ്പെടുന്ന പരിഷ്‌കരണധര്‍മ്മവും വേദഗുരുവിന്റെ അന്തര്‍ദര്‍ശനത്തിലുണ്ടായിരുന്നു’ എന്ന നിരീക്ഷണത്തിന്റെ സാര്‍ത്ഥകമായ ആവിഷ്‌കാരമാണ് ഈ കൃതി. ചില മനീഷികളുടെ ഉജ്ജ്വലമായ കര്‍മ്മകാണ്ഡം വിധി വൈപരീത്യത്താലും ബോധപൂര്‍വ്വമായ അവഗണനയാലും തമസ്‌കരിക്കപ്പെടും. ചരിത്രത്തില്‍ അവര്‍ക്ക് സിംഹാസനം ഉണ്ടാവില്ല. ക്രമേണ അവര്‍ നിത്യാസ്തമനത്തിലേക്ക് വഴുതിവീഴും. അയ്യങ്കാളി തുടങ്ങി പല നവോത്ഥാനനായകന്മാര്‍ക്കും വഴികാട്ടിയായിസഞ്ചരിച്ച സദാനന്ദസ്വാമികളുടെ ആത്മാന്വേഷണവും തേജോമയമായ കര്‍മ്മചരിതവും അനന്യ സാധാരണമായ ഉപലബ്ധികളും ചരിത്ര സാമൂഹ്യപരിപ്രേഷ്യത്തില്‍ അടയാളപ്പെടുത്തുകയാണ്ഡോ. സുരേഷ് മാധവ്.
1977ല്‍ പാലക്കാട് ചിറ്റൂരില്‍ ജനിച്ച രാമനാഥന്‍ സദാനന്ദസ്വാമികളായി പരിവര്‍ത്തനം ചെയ്യപ്പെടുന്ന ഐതിഹാസിക ചരിതം യഥാര്‍ത്ഥ Textകര്‍മ്മയോഗിയുടെ വിജയഗാഥയാകുന്നു. ഭൗതികാത്മീയതകളുടെ സമന്വയമാണ് ഭാരതീയ സംസ്‌കൃതിയുടെ ഉള്‍പ്പൊരുള്‍. സ്വാമികളുടെ കര്‍ത്തവ്യനിഷ്ടമായ ജീവിതപദം ഈ പ്രകാശവീഥിയിലാണ്. വിപ്ലവകാരികളില്‍ സന്യാസിയും സന്യാസിമാരില്‍ വിപ്ലവകാരിയുമായി ആ ധന്യജീവിതം തപസ്സിന്റെയും ജ്ഞാന സഞ്ചാരത്തിന്റെയും സമ്പൂര്‍ണ്ണമായ പ്രായോഗിക പദ്ധതിയായി മുന്നേറി. വേദ വേദാന്താധ്യാപനം, രസവാദം, ഗ്രന്ഥങ്ങള്‍, പ്രഭാഷണം, സത്സംഗം, ശാസ്ത്രഗവേഷണം, വേദപാഠശാലകള്‍, ക്ഷേത്രങ്ങള്‍ അവധൂതാശ്രമങ്ങള്‍, ആയുര്‍വേദശാലകള്‍, കലാലയങ്ങള്‍, പത്രപ്രവര്‍ത്തനം, അച്ചുകൂടം, വ്യവസായസംരംഭങ്ങള്‍ എല്ലാം ആ മനീഷിയുടെ വിദൂരവീക്ഷണത്തിന്റെ ഫലസമൃദ്ധികള്‍ ആയിരുന്നു. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തീണ്ടലും തൊടീലും ജാതിക്കുശുമ്പുകളും മലീമസമാക്കിയനാട്ടിന്റെ ദുര്‍മുഖം മായിച്ച് ആധുനിക കേരളത്തിന്റെ കമനീയമായ മുഖത്തെഴുത്തിനായിരുന്നു സ്വാമിജിയുടെ ധര്‍മ്മസഞ്ചാരം.

പുലയ സമുദായത്തിലെ കുട്ടികള്‍ക്ക് ഋഗ്വേദ മന്ത്രം ഉപദേശിച്ചായിരുന്നു വേദവിപ്ലവത്തിന്റെ തുടക്കം. പിന്നീട് ബ്രഹ്മനിഷ്ടാ മഠം ചിത്സഭാമിഷന്‍ സ്ഥാപിച്ച് പ്രവര്‍ത്തനം വിപുലമാക്കുകയായിരുന്നു. കീഴാളരുടെ ഉന്നമനത്തിനായി അഹോരാത്രം യത്നിക്കുന്ന സദാനന്ദ സ്വാമികളിലേക്ക് അയ്യങ്കാളി ആകൃഷ്ടനായി. നവോത്ഥാന സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്വാമിജി ‘രാജഭക്തി പ്രബോധിനി’, ‘വിഗ്രഹാരാധന’, ‘പന്തിരുകുലം ഉല്പത്തി’, ‘താഴ്ത്തപ്പെട്ടവരുടെ ഉയര്‍ച്ച’ തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ കേരളാന്തരീക്ഷത്തില്‍ പരിവര്‍ത്തനത്തിന്റെ അലകള്‍ ഉയര്‍ത്തി.

ഹഠയോഗം, രാജ്യതന്ത്രം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലും സ്വാമികളുടെ സംഭാവന നിര്‍ണായകമായിരുന്നു. സാമുദായ വിപ്ലവത്തിലൂടെ നാടിന്റെ അന്തരംഗങ്ങളില്‍ വേദഗുരു കൊളുത്തിയ ദീപങ്ങള്‍ സനാതനധര്‍മ്മ ജീവിതത്തിന്റെ പ്രകാശഗോപുരങ്ങളായി. ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാസമ്മേളനം ഇതിനു നിദര്‍ശനമാണ്. ‘വേദകാലത്ത് ചാതുര്‍വര്‍ണ്യ വ്യവസ്ഥ ഇല്ലായിരുന്നെന്ന് തെളിവുസഹിതമാണ് സ്വാമികള്‍ വാദിച്ചത്. ജീവികളുടെ സ്വാഭാവിക കര്‍മ്മം പ്രകൃതിയെ നിറക്കലും സവിശേഷധര്‍മ്മം പ്രകൃതിയെ ശുദ്ധീകരിക്കലുമാണ്. ഈ ശുദ്ധീകരണത്തിലാണ് മനുഷ്യവത്കരണം നടക്കുന്നത്. അങ്ങനെ രൂപപ്പെട്ടു വരുന്ന മനുഷ്യന്റെ ബോധമാണ് മാനവികത’ എന്ന് തിരിച്ചറിയുകയും അതിന്റെ സാക്ഷാത്കാരവൃത്തിയായി സ്വന്തം കര്‍മ്മരംഗത്തെ പ്രാപ്തമാക്കുകയുമായിരുന്നു വേദഗുരു. തൊഴില്‍, സംസ്‌കാരം, വര്‍ണ്ണ വ്യവസ്ഥ ബുദ്ധിനില, പരിശീലനം, ജന്മവാസന, രസവാദം തുടങ്ങിയ ജ്ഞാന മൂല്യങ്ങളെ ശാസ്ത്രീയമായാണ് സ്വാമികള്‍ വിശകലനം ചെയ്യുക. ജാതി സമൂഹം, സ്ത്രീ സ്വാതന്ത്ര്യം, ഭരണാധികാരം തുടങ്ങിയ നാനാ വിഷയങ്ങള്‍ പൗരാണിക നവീനസമന്യയത്തിലൂടെയാണ് ഗുരു വ്യാഖ്യാനിച്ചുറപ്പിക്കുന്നത്. ആത്മീയതയും ഭൗതികതയും യോഗാത്മക ചേതനയായി മനുഷ്യനില്‍ ചലനം കൊള്ളണമെന്ന വേദഗുരുവിന്റെ അപൂര്‍വ്വദര്‍ശനം ശ്രീ അരവിന്ദന്റെ മഹാദര്‍ശനവുമായി സമരസപ്പെടുന്നു.

ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും കത്തി നിന്ന നവോത്ഥാനപരിസരങ്ങളില്‍ സ്വക്ഷേത്രത്തിലൂടെ സഞ്ചരിച്ച ഈ മനീഷിയാണ് അയ്യങ്കാളിയെയും സുബ്രഹ്മണ്യ ശിവയും സംഘടനാ രംഗത്തേക്ക് ആനയിക്കുന്നത് . ബുദ്ധിജീവികളും എഴുത്തുകാരും സാധാരണ മനുഷ്യരും ആ വ്യക്തിത്വത്തെ അറിഞ്ഞനുഭവിച്ചവരാണ് സി.വിയുടെ ‘ധര്‍മ്മരാജാ’യിലെ ഹരിപഞ്ചാനന്‍ രൂപപ്പെടുന്നത് വേദഗുരുവിന്റെ മാതൃകാപരിവേഷത്തിലാണെന്ന് സൂചിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ സ്വാമിജിയെ അപകീര്‍ത്തികരമായ വിശേഷണംമുപയോഗിച്ച് നിന്ദിക്കാനാണ് സ്വദേശാഭിമാനിയെ പോലുള്ളവര്‍ ഒരുമ്പെട്ടത്.

ചരിത്ര സാക്ഷ്യങ്ങളില്‍ നഷ്ടപ്പെട്ടുപോയ അംഗീകാരത്തിന്റെ സിംഹാസനമാണ് ഡോ.സുരേഷ് മാധവ് രചിച്ച ഗ്രന്ഥത്തിലൂടെ വേദഗുരു നേടിയെടുക്കുന്നത്. പൊള്ളുന്ന സത്യസങ്കല്‍പ്പങ്ങളും ആദര്‍ശനിഷ്ടമായ കര്‍മ്മകാണ്ഡവും ആര്‍ഷപ്രേരിതമായ പദ്ധതികളും കൊണ്ട് അപൂര്‍വ്വ സുന്ദരമായ ആ ജീവിതവിഭൂതികള്‍ സരളഭാസുരമായ ഭാഷയിലൂടെയും മിഴിവാര്‍ന്ന ശൈലിയിലൂടെയും അനാവരണം ചെയ്യുകയാണ് ഈ അപൂര്‍വ രചന. ചരിത്രപരമായ അടിത്തറയും ഗവേഷണമൂല്യവും സമര്‍ത്ഥിക്കുന്ന ഗ്രന്ഥം സര്‍വ്വകലാശാലാ തലത്തില്‍ പഠനവിഷയമായി അംഗീകരിക്കേണ്ടതുണ്ട് .