കനകശ്രീ അവാർഡ് സുപരിചിതം,കനകശ്രീയെ ആരറിയുന്നു

Advertisement

“എത്രദൂരം നടന്നാലുമെൻ്റെയീ
യാത്രയ്ക്കു നീളം കുറയ്ക്കരുതീശ്വരൻ
അല്പമേ സഞ്ചരിച്ചുള്ളു ഞാനെങ്കിലു
മത്യന്തസുന്ദരമാണെൻ്റെ ജീവിതം”.

                                                    - കനകശ്രീ

എൽ.വി.ഹരികുമാർ

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളിൽ 1990 മുതൽ നൽകിവരുന്ന ഒന്നാണ് കനകശ്രീ അവാർഡ്. കവിത വിഭാഗത്തിലാണ് ഇത് നൽകുന്നത്. ആദ്യ അവാർഡ് ലഭിച്ചത് നീലമ്പേരൂർ മധുസൂദനൻനായർക്കായിരുന്നു. എന്നാൽ, ഈ എൻഡോവ്മെൻ്റ് ലഭിച്ച പലർക്കും കനകശ്രീയെക്കുറിച്ച് അറിയില്ല എന്നതാണ് സത്യം. അക്കാദമി പുരസ്കാരവിതരണ സമയത്ത് ഇത്തരം എൻഡോവ്മെൻ്റുകളെ ക്കുറിച്ച് വിവരിക്കാറുമില്ല.

മലയാള സിനിമയിൽ എക്കാലത്തും
നിറഞ്ഞുനിന്ന തിക്കുറിശ്ശി സുകുമാരൻനായരുടെയും മീന സുലോചനയുടെയും മകളാണ് കനകശ്രീ. അധ്യാപിക, കടൽ,സ്വപ്നങ്ങൾ എന്നീ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. കനകശ്രീയെ വരണമാല്യം ചാർത്തിയത് ഡോ.ജിതേന്ദ്രനായിരുന്നു. മലയാളത്തിലെ രണ്ടാമത് കളർചിത്രമായ ‘സ്വാമി അയ്യപ്പനി’ൽ ബാലമണികണ്ഠനായി അഭിനയിച്ച കുട്ടിയായിരുന്നു ജിത്തു. അതിനു മുമ്പ് ഒന്നു രണ്ടു തമിഴ്ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രണ്ടുവയസ്സുള്ളപ്പോൾ അമ്മ നഷ്ടമായ ആ ബാലനെ വളർത്തിയത് അച്ഛൻ്റെ സഹോദരിയായിരുന്നു. അച്ഛൻ ഇന്ത്യൻ സൈന്യത്തിൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. ജിത്തു വളർന്ന്സർക്കാർ സർവ്വീസിൽ ഡോക്ടറായി.വയനാട്ടുകാർക്ക് ഇന്നും പ്രിയപ്പെട്ട ഡോക്ടറാണ് ജിതേന്ദ്രൻ എന്ന ജിത്തുഡോക്ടർ.

ഭർത്താവിനോടൊപ്പം ബുള്ളറ്റിൽ സഞ്ചരിക്കവേ അബദ്ധവശാൽ സാരി ചക്രത്തിൽ കുരുങ്ങിയുണ്ടായ അപകടത്തിലാണ് കനകശ്രീ അന്തരിച്ചത്. കനകശ്രീയുടെ മരണം തിക്കുറിശ്ശിയെ തളർത്തി. അതിനുശേഷമാണ് അദ്ദേഹം കാഷായവസ്ത്രം ധരിച്ചുതുടങ്ങിയത്. സംഗീതത്തിലും മറ്റുകലകളിലുമൊക്കെ മകൾക്ക് താല്പര്യമുള്ളകാര്യം തിക്കുറിശ്ശിക്കും ഭാര്യക്കും അറിയാമായിരുന്നു അപൂർവമായി ഡയറിക്കുറിപ്പുകളും എഴുതുമായിരുന്നു. മരണശേഷം തിക്കുറിശ്ശി മകളുടെ നോട്ടുപുസ്തകങ്ങളും മറ്റും നോക്കിയപ്പോഴാണ് പലയിടയങ്ങളിലായി കനകശ്രീ കുറിച്ചിട്ട കവിതകൾ ശ്രദ്ധയിൽപ്പെട്ടത്. അദ്ദേഹം അയൽവാസിയായ പി.ഭാസ്കരൻമാഷിനെ കാണിച്ചു. ഭാസ്കരൻമാഷുമായി നല്ല അടുപ്പമുണ്ടായിട്ടും കനകശ്രീ കവിതയെഴുതുന്നകാര്യം അദ്ദേഹം അറിഞ്ഞിരുന്നില്ല. തിക്കുറിശ്ശി മകളുടെ കവിതകൾ ശേഖരിക്കുകയും പി.ഭാസ്കരൻ്റെ അവതാരികയോടുകൂടി പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നീട് മലയാളത്തിലെ പ്രശസ്തരായ പല എഴുത്തുകാരും കനകശ്രീയുടെ കവിതകളെക്കുറിച്ചെഴുതിയിട്ടുണ്ട്. അകാലത്തിൽ പൊലിഞ്ഞ മകളുടെ ഓർമയ്ക്കായി തിക്കുറിശ്ശി ഏർപ്പെടുത്തിയതാണ് ഇന്ന് കേരള സാഹിത്യ അക്കാദമി നൽകുന്ന കനകശ്രീ അവാർഡ്.

ഇക്കഴിഞ്ഞ നവം.6 നായിരുന്നു കനകശ്രീയുടെ ഓർമദിനം.

മുകളിൽ ചേർത്ത അവരുടെ കവിതയിൽ മരണത്തെക്കുറിച്ചുള്ള സൂചനയും കാണുന്നു.

അകാലത്തിൽ പൊലിഞ്ഞ എഴുത്തുകാരിയുടെ ദീപ്തസ്മരണകൾക്കു മുമ്പിൽ പ്രണാമം.

Advertisement