കുട്ടികളിലെ ദീർഘകാല കോവിഡ് അവ​ഗണിക്കരുതെന്ന് മുന്നറിയിപ്പ്

Advertisement

ന്യൂയോർക്ക്: കോവിഡ് മഹാമാരി കുട്ടികളെക്കാൾ കൂടുതൽ മുതിർന്നവരെ ബാധിക്കുന്നതായാണ് സാധാരണ കണ്ടു വരുന്നത്.
രോ​ഗം ബാധിച്ച കുട്ടികളിൽ ലക്ഷണങ്ങൾ കാണാറുമില്ല.

എന്നാൽ ഒമിക്രോൺ ബാധിച്ച പല കുട്ടികളും, രോഗലക്ഷണങ്ങൾ കാണിക്കുന്നതായാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ബാംഗ്ലൂരിലെ തക്ഷശില ഇൻസ്റ്റിറ്റ്യൂഷനിലെ റിസർച്ച്‌ അനലിസ്റ്റ് പ്രിയാൽ ഡി അൽമേഡ നടത്തിയ പഠനത്തിലെ ചില സുപ്രധാന കണ്ടെത്തലുകളാണ് ഇവ.
ഒമിക്രോൺ ബാധിച്ച്‌, മാസങ്ങൾക്കു ശേഷവും, ഇവരിൽ ചിലരിൽ ലക്ഷണങ്ങൾ നീണ്ടു നിൽക്കുന്നതായാണ് സമീപകാല പഠനങ്ങൾ തെളിയിക്കുന്നത്. 2022 ജനുവരിയിൽ 12 വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ ഇന്ത്യയിൽ ആരംഭിച്ചിരുന്നു. എന്നാൽ ദീർഘകാലം നീളുന്ന കോവിഡ് ലക്ഷണങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ കുട്ടികൾക്കുള്ള വാക്സിൻ വിതരണം ഇനിയും വർദ്ധിപ്പിക്കേണ്ടതുണ്ട്.

രോഗബാധിതരായ ആളുകൾ ദീർഘകാലകാലത്തേക്ക് അണുബാധയുടെ അനന്തര ഫലങ്ങൾ അനുഭവിക്കുമ്പോഴാണ് അത് ദീർഘകാല കോവിഡായി കണക്കാക്കാൻ സാധിക്കുക എന്നാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) പറയുന്നത്. നേരിയ ലക്ഷണങ്ങളുള്ള ആളുകൾക്കു പോലും ദീർഘകാലം നീളുന്ന കോവിഡ് ബാധിച്ചേക്കാം. വാക്‌സിൻ എടുത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ വാക്‌സിൻ എടുക്കാത്ത ആളുകൾക്ക് ദീർഘനാളത്തെ കോവിഡ് ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളതായി തെളിവുകൾ സൂചിപ്പിക്കുന്നു.

സാധാരണഗതിയിൽ, പ്രാരംഭ അണുബാധയ്ക്ക് നാലാഴ്ചയ്ക്ക് ശേഷമാണ് ദീർഘകാലം നീളുന്ന കോവിഡിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഒരു പരിശോധനയിലൂടെ രോഗനിർണയം നടത്താൻ കഴിയില്ല. അതിനാൽ തന്നെ ​ദീർഘകാല കോവിഡ് മൂലമുണ്ടാകുന്ന ലക്ഷണങ്ങൾ തിരിച്ചറിയുന്നത് ആരോഗ്യ സംരക്ഷണ രം​ഗത്ത് പ്രവർത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയാണ്.

ക്ഷീണം, പേശികളിലും സന്ധികളിലും വേദന, തലവേദന, ഉറക്കമില്ലായ്മ, ശ്വാസതടസ്സം, ഹൃദയമിടിപ്പ് എന്നിവയാണ് ദീർഘകാല കോവിഡിന്റെ ലക്ഷണങ്ങൾ എന്നാണ് ആദ്യം കരുതിയിരുന്നത്. ഉത്കണ്ഠ, വിഷാദം, മണം അല്ലെങ്കിൽ രുചിയിലെ മാറ്റം, ആർത്തവചക്രത്തിലെ മാറ്റങ്ങൾ എന്നിവ പോലുള്ള ലക്ഷണങ്ങളും പിന്നീട് ഈ പട്ടികയിലേക്കെത്തി. തലകറക്കം, ഭ്രമാത്മകത, ഓക്കാനം, വൃഷണങ്ങളിൽ വേദന തുടങ്ങിയ ലക്ഷണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദീർഘകാല കോവിഡിനെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങളും കുട്ടികളെക്കാൾ മുതിർന്നവരിലാണ് നടന്നിട്ടുള്ളത്.

ആറിനും 16 നും ഇടയിൽ പ്രായമുള്ള 50 ശതമാനത്തിലധികം കുട്ടികളിൽ കോവിഡ് ലക്ഷണങ്ങൾ 120 ദിവസത്തിലധികം നീണ്ടുനിൽക്കുമെന്നാണ് പഠനങ്ങളിൽ വ്യക്തമായത്. പങ്കെടുത്തവരിൽ 42.6 ശതമാനം പേരിലെങ്കിലും ക്ഷീണം, സന്ധി വേദന തുടങ്ങിയ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തു. ഉറക്കമില്ലായ്മ, തലവേദന, ഹൃദയമിടിപ്പ്, ശ്വസന പ്രശ്നങ്ങൾ എന്നിവയും ഇവരുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നു.

ലാൻസ്‍ലെറ്റ് ചൈൽഡ് ആൻഡ് അഡോളസന്റ് ഹെൽത്ത് (Lancet Child and Adolescent Health) 2022 ജൂണിൽ ഇതു സംബന്ധിച്ച്‌ ഒരു പഠനം നട്തതിയിരുന്നു. ഡെന്മാർക്കിൽ കോവിഡ് ബാധിച്ച 10,997 കുട്ടികളിലും രോഗബാധിതരല്ലാത്ത 33,016 കുട്ടികളിലുമാണ് പഠനം നടത്തിയത്. കൊറോണ വൈറസ് ബാധിച്ച കുട്ടികളിൽ മാനസികാവസ്ഥയിലെ മാറ്റങ്ങളും, തലവേദന പോലുള്ള ദീർഘകാല ലക്ഷണങ്ങളും കൂടുതലായി കാണപ്പെടുന്നതായി പഠനത്തിൽ കണ്ടെത്തി. കോവിഡ് ബാധിതരായ മൂന്ന് വയസു വരെയുള്ള കുട്ടികൾക്ക് പലപ്പോഴും മാനസികാവസ്ഥയിലെ മാറ്റങ്ങൾ, വയറുവേദന, എന്നിവ അനുഭവപ്പെടാറുണ്ടെന്നും കണ്ടെത്തി. നാല് മുതൽ 11 വയസു വരെയുള്ള കുട്ടികളിൽ മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ചൊറിച്ചിൽ, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ഓർമക്കുറവ് എന്നിവയായിരുന്നു ലക്ഷണങ്ങൾ. കോവിഡ്-19 ബാധിച്ച 12 മുതൽ 14 വയസു വരെയുള്ള കുട്ടികളിലും ക്ഷീണം ഒരു പ്രധാന ലക്ഷണമായിരുന്നു.

കുട്ടികളിൽ ​ദീർഘകാല കോവിഡിന്റെ വ്യാപനം 25.24 ശതമാനമാണന്നാണ് മറ്റൊരു പഠനം വ്യക്തമാക്കുന്നു. കോവിഡ്-19 വൈറസ് ബാധിച്ചിട്ടില്ലാത്ത കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ ശ്വാസതടസം, ഗന്ധവും രുചിയും അറിയാനുള്ള ബുദ്ധിമുട്ട്, പനി എന്നിവയ്ക്കുള്ള സാധ്യത ഇവരിൽ കൂടുതലാണെന്നും കണ്ടെത്തി.

കോവിഡ് -19 വൈറസ് ബാധിച്ച കുട്ടികളെക്കുറിച്ചുള്ള പഠനങ്ങൾ ഇപ്പോഴും വളരെ കുറവാണ്. കോവിഡിന്റെ മുൻകാല വകഭേദങ്ങൾ കുട്ടികളെ സാരമായി ബാധിച്ചിരുന്നില്ല. എസിഇ2 (ACE2) റിസപ്റ്ററുകളിലൂടെയാണ് വൈറസ് പ്രധാനമായും അകത്തു പ്രവേശിക്കുന്നത്. കുട്ടികളിൽ മുതിർന്നവരെപ്പോലെ എസിഇ2 റിസപ്റ്ററുകൾ ഇല്ലാത്തതാണ് അവരിൽ വൈറസ് ബാധ കുറയാൻ പ്രധാന കാരണം എന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ, കോവിഡ് -19 ന്റെ മുൻ വകഭേദങ്ങളെക്കാൾ വ്യാപന ശേഷിയുള്ള ഒമിക്രോണിന്റെ വരവ്, കുട്ടികളിൽ വലിയൊരു ശതമാനത്തെയും ബാധിച്ചു.

പ്രതിരോധ കുത്തിവെയ്പ് എടുത്ത കുട്ടികളിലും എടുക്കാത്ത കുട്ടികളിലുള്ള ദീർഘകാല കോവിഡ് -19 ലക്ഷണങ്ങളെ കുറിച്ച്‌ കൂടുതൽ ഗവേഷണം ആവശ്യമാണ്. കോവിഡ് എത്രത്തോളം കുട്ടികളെ ബാധിക്കുന്നു എന്ന് ഈ പഠനങ്ങളിൽ നിന്ന് മനസിലാക്കുകയും ഇതിന് അർഹമായ പ്രാധാന്യം നൽകുകയും വേണം.

കോവിഡിന് ശേഷമുള്ള അനന്തരഫലങ്ങൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള സമഗ്രമായ മാർഗനിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയിരുന്നു. പക്ഷേ ഇതിൽ കുട്ടികളുമായി ബന്ധപ്പെട്ട മാർ​ഗ നിർദേശങ്ങളില്ല. സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കിയും സാമൂഹിക അകലം പാലിച്ചും കുട്ടികളിലെ ദീർഘകാല കോവിഡ് ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കും.

വാക്സിൻ സ്വീകരിച്ച ആളുകൾക്ക് ​ദീർഘകാല കോവിഡ് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് മുതിർന്നവരിൽ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത്. ഇത് കുട്ടികളുടെ കാര്യത്തിലും ശരിയായിരിക്കാം. എന്നാൽ വാക്സിൻ എടുത്ത കുട്ടികളും വാക്സിൻ എടുക്കാത്ത കുട്ടികളും തമ്മിൽ താരതമ്യ പഠനങ്ങൾ നടത്താത്തതിനാൽ, ഈ നിഗമനത്തിലെത്താൻ പ്രയാസമാണ്.

2022 ജനുവരി മൂന്നിന് ഇന്ത്യ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചിരുന്നു. 2022 ജൂലൈ 12 വരെ, 15 നും 18 നും ഇടയിൽ പ്രായമുള്ള 49 ദശലക്ഷം കുട്ടികൾക്കും 12 നും 14 നും ഇടയിൽ പ്രായമുള്ള 25 ദശലക്ഷം കുട്ടികൾക്കും കോവിഡ് -19 വാക്‌സിന്റെ രണ്ട് ഡോസുകളും നൽകി. ഇനിയും അനേകം കുട്ടികൾക്ക് വാക്സിൻ നൽകേണ്ടതുണ്ട്. സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച ശരിയായ ശാസ്ത്രീയ ഡാറ്റ ലഭ്യമായതിന് ശേഷം 12 വയസിന് താഴെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനെക്കുറിച്ചും ഗൗരവമായി ചിന്തിക്കേണ്ടതാണ്. കുട്ടികളിലെ ദീർഘ കാല കോവിഡ് -19 വ്യാപനം തടയാൻ ഇവയെല്ലാം നമ്മെ സഹായിക്കും.

ദീർഘകാല കോവിഡിനെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം പ്രതിരോധമാണ്. ഇത്തരക്കാരെ സഹായിക്കാനുള്ള വഴികൾ കണ്ടെത്തുക എന്നതാണ് അടുത്ത മാർഗം. ഗവേഷണങ്ങൾ നടത്തേണ്ടതും അതിലൂടെ ലഭിക്കുന്ന ഡാറ്റ വിശകലനം ചെയ്യേണ്ടതും അതിനനുസരിച്ച്‌ പ്രവർത്തിക്കേണ്ടതും അത്യാവശ്യമാണ്. കൂടുതൽ കോവിഡ് ക്ലിനിക്കുകൾ തുറക്കുന്നതും വിവേകപൂർണമായ സമീപനം ആയിരിക്കും.

Advertisement