ന്യൂഡൽഹി: പുരുഷന്മാരെ അപേക്ഷിച്ച് അവിവാഹിതരായ സ്ത്രീകൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതു കുറവെന്നു ദേശീയ കുടുംബ ആരോഗ്യ സർവേ.
പ്രായപൂർത്തിയായ അവിവാഹിതരായ പുരുഷന്മാരിൽ 13.4 ശതമാനം പേർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് സർവേ പറയുന്നത്. എന്നാൽ സ്ത്രീകളിൽ ഇത് രണ്ടു ശതമാനം മാത്രമാണ്.
23-24 വയസ്സു പ്രായമുള്ള സ്ത്രീകളിൽ 95.3 ശതമാനവും ഒരിക്കൽ പോലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്തവരാണ്. പുരുഷന്മാരിൽ ഇത് 77 ശതമാനമാണെന്ന് സർവേ പറയുന്നു. അതേസമയം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന അവിവാഹിതകൾ സുരക്ഷിത സെക്‌സിന് പ്രാമുഖ്യം നൽകുന്നവരാണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.
പതിനഞ്ചിനും 24നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിൽ 1.3 ശതമാനം കഴിഞ്ഞ ഒരു വർഷത്തിനിടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് സർവേ കണ്ടെത്തുന്നത്. ആൺകുട്ടികളിൽ ഇത് 4.4 ശതമാനമാണ്. കൗമാരക്കാരിൽ ആൺകുട്ടികളാണ് ഇരുപതിനും ഇരുപത്തിനാലിനും ഇടയിൽ പ്രായമുള്ളവരിൽ പെൺകുട്ടികളിൽ 1.9 ശതമാനമാണ് ഒരു തവണയെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവർ. ആൺകുട്ടികളിൽ ഇത് 11.5 ശതമാനവും.
ഗർഭനിരോധന ഉറകളുടെ ഉപയോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ അനുകൂലമായി പ്രതികരിച്ചത് സ്ത്രീകളാണെന്ന് സർവേ കണക്കുകൾ വ്യക്തമാക്കുന്നു. 15 മുതൽ 19 വരെ പ്രായമുള്ളവരിൽ 57 ശതമാനമാണ് കോണ്ടം ഉപയോഗിച്ച ആൺകുട്ടികൾ. പെൺകുട്ടികളിൽ ഇത് 61.2 ശതമാനമാണ്.
നഗരങ്ങളിൽ ജീവിക്കുന്നവരെ അപേക്ഷിച്ച് ഗ്രാമങ്ങളിലുള്ളവരാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവരുടെ കണക്കുകളിൽ മുന്നിലെന്ന് സർവേ പറയുന്നു.