രാജ്യത്ത് സ്തനാർബുദ കേസുകളിൽ വൻ വർധന

Advertisement

ന്യൂഡൽഹി: ഇന്ത്യയിലെ സ്ത്രീകളിൽ സ്തനാർബുദ കേസുകൾ ക്രമാതീതമായി വർധിക്കുന്നതായി വിദഗ്ധർ. അമിതവണ്ണം, വ്യായാമമില്ലാത്ത അലസ ജീവിതശൈലി എന്നിവയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇന്ത്യയിൽ പ്രതിവർഷം 1.78 ലക്ഷം സ്ത്രീകളിൽ സ്തനാർബുദം നിർണയിക്കപ്പെടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ സ്ത്രീകളിലെ അർബുദരോഗം കൂടുതലും 55 വയസ്സിന് മുകളിലുള്ളവരിലാണ് കാണപ്പെടാറുള്ളത്. എന്നാൽ ഇന്ത്യയിൽ 35നും 50നും ഇടയിൽ അർബുദബാധിതരാകുന്നവരുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണെന്ന് ഫോർട്ടിസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ മെഡിക്കൽ ഓങ്കോളജി ആൻഡ് ഹെമറ്റോ-ഓങ്കോളജി ഡയറക്ടർ ഡോ. നിതി റയ്‌സാദ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

കുറച്ച് വർഷങ്ങൾക്ക് മുൻപ് രാജ്യത്തെ സ്ത്രീകൾക്കിടയിൽ പൊതുവായി കണ്ട് വന്നിരുന്നത് ഗർഭാശയമുഖ അർബുദമായിരുന്നു. മോശം ശുചിത്വം, ഹ്യൂമൻ പാപ്പിലോമവൈറസ് എന്നിവയാണ് ഇതിനുള്ള കാരണം. എന്നാൽ ഇപ്പോൾ ഗർഭാശയമുഖ അർബുദ കേസുകൾ കുറയുമ്പോൾ അതേ സ്ഥാനത്ത് സ്തനാർബുദ കേസുകൾ വർധിച്ചു വരികയാണെന്ന് കെയർ ഹോസ്പിറ്റൽ ഗ്രൂപ്പിലെ സീനിയർ കൺസൽറ്റന്റ് ഡോ. വിപിൻ ഗോയൽ അഭിപ്രായപ്പെടുന്നു. പത്ത് വർഷം മുൻപ് 100 സ്തനാർബുദ കേസുകളിൽ മൂന്ന് പേരായിരുന്നു 35ന് താഴെ പ്രായമുള്ളവരെങ്കിൽ ഇപ്പോൾ അത് എട്ടോ പത്തോ ആയി വർധിച്ചിട്ടുണ്ടെന്നും ഡോ. വിപിൻ കൂട്ടിച്ചേർത്തു.

ഈ വർധനയ്ക്ക് പിന്നിലെ കാരണങ്ങൾ ജനിതകപരവും ജീവിതശൈലി ബന്ധിതവുമാകാം. ലോകത്തിലെ 10 മുതൽ 20 ശതമാനം വരെ സ്തനാർബുദ കേസുകൾ ജനിതകപരമായി പകർന്ന് ലഭിച്ചവയാണ്. ബിആർസിഎ1, ബിആർസിഎ2 ജീനുകളാണ് സ്തനാർബുദവുമായി ബന്ധപ്പെട്ട് പകർന്ന് കിട്ടുന്ന ജീനുകൾ.

സ്തനാർബുദ നിർണയത്തിനായി സ്‌ക്രീനിങ്ങുകൾക്ക് പോകേണ്ടതിന്റെ പ്രാധാന്യവും ഡോക്ടർമാർ അടിവരയിടുന്നു. 40 വയസ്സിനു ശേഷം വർഷത്തിൽ ഒന്നെങ്കിലും മാമോഗ്രാം പരിശോധന ചെയ്യേണ്ടതാണെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. ആദ്യ ഘട്ടങ്ങളിൽ തന്നെ സ്തനാർബുദം കണ്ടെത്താൻ സാധിച്ചാൽ അതിജീവന നിരക്ക് 95 ശതമാനം വരെയാണ്. സ്തനാർബുദത്തെ സംബന്ധിച്ച ലക്ഷണങ്ങളെ കുറിച്ചും കൂടുതൽ അവബോധം ആവശ്യമാണ്.

സ്തനത്തിലോ കക്ഷത്തിലോ ഉണ്ടാകുന്ന മുഴ, സ്തനത്തിന്റെ ഒരു ഭാഗം നീരുവയ്ക്കുകയോ കട്ടിയാകുകയോ ചെയ്യൽ, സ്തനചർമത്തിൽ ചൊറിച്ചിൽ, മുലക്കണ്ണിൽ ചുവപ്പോ, ചെതുമ്പലുകൾ പോലുള്ള ചർമമോ, മുലക്കണ്ണിൽ വേദന, മുലക്കണ്ണിൽ നിന്നു മുലപ്പാൽ അല്ലാത്ത സ്രവങ്ങളുടെയോ രക്തത്തിന്റെയോ ഒഴുക്ക്, സ്തനത്തിന്റെ രൂപത്തിലും വലുപ്പത്തിലും മാറ്റം, സ്തനത്തിൽ വേദന തുടങ്ങിയവയെല്ലാം സ്തനാർബുദ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടുന്ന പക്ഷം വൈദ്യസഹായം തേടാനും ആവശ്യമായ പരിശോധനകൾ നടത്താനും വൈകരുത്.

Advertisement