ഓട്ടോമാറ്റിക് കാർ ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഇക്കാര്യങ്ങൾ ​ഗൗരവമായി ശ്രദ്ധിക്കുക, അല്ലെങ്കിൽ കാത്തിരിക്കുന്നത് വൻ അപകടം

Advertisement

ഓട്ടോമാറ്റിക് വാഹനങ്ങൾ സ്ഥിരമായും ദീർഘദൂരവും ഓടിക്കുന്നവർ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ? ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്ന ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

പശ്ചിമ ഡെൽഹി സ്വദേശിയായ യുവാവാണ് സൗരഭ് ശർമ. 30 കാരനായ ശർമ ഒരു ദിവസം തന്റെ ഓട്ടോമാറ്റിക് ആഡംബര കാറിൽ കൂട്ടുകാരനുമൊത്ത് ഒരു യാത്രപോയി. ഡൽഹിയിൽ നിന്ന് റിഷികേശിലേക്കായിരുന്നു അവരുടെ യാത്ര. ഏകദേശം 233 കിലോമീറ്റർ ആയിരുന്നു അവർക്ക് ഒരു വശത്തേക്ക് യാത്ര ചെയ്യേണ്ടിയിരുന്നത്. അങ്ങോട്ടേക്കുള്ള യാത്ര വലിയ പ്രശ്നങ്ങളില്ലാതെ കഴിഞ്ഞുപോയെങ്കിലും തിരിച്ചുവരുമ്പോൾ വലിയൊരു അപകടം ഉണ്ടായി. വാഹനമോടിക്കവേ കുഴഞ്ഞുപോയ സൗരഭിനെ വല്ലാതെ പാടുപെട്ടാണ് കൂട്ടുകാരൻ ആശുപത്രിയിൽ എത്തിച്ചത്. അവിടെവച്ചാണ് യുവാവും ആരോഗ്യവാനുമായ സൗരഭിന് സംഭവിച്ചതെന്താണെന്ന് ഡോക്ടർമാർ കണ്ടെത്തിയത്.

സൗരഭിനെ ചികിത്സിച്ച ഡോക്ടർമാർ വെളിപ്പെടുത്തിയത് ഗൗരവമുള്ള വിവരങ്ങളായിരുന്നു. ദീർഘനേരം ഓട്ടോമാറ്റിക് കാർ ഓടിച്ചതാണ് സൗരഭിന് ആരോഗ്യപ്രശ്നം ഉണ്ടാകാൻ കാരണമെന്ന് അവർ പറയുന്നു. ഓട്ടോമാറ്റിക് കാർ ഓടിക്കുമ്പോൾ വലതുകാൽ മാത്രമാണ് നാം തുടർച്ചയായി അനക്കുക. ഇടതുകാൽ ഈ സമയം ഏകദേശം ചലനരഹിതമായിരിക്കും. ഈ ദീർഘമായ നിശ്ചലാവസ്ഥ ഡീപ് വെയ്ൻ ത്രോംബോസിസ് (ഡി.വി.ടി) എന്ന ആരോഗ്യ പ്രശ്നം ഉണ്ടാക്കും. ഞരമ്പിൽ ത്രോംബ് അഥവാ ​ക്ലോട്ട് ഉണ്ടാകുന്ന അവസ്ഥയാണിത്. ഇത്തരം ക്ലോട്ടുകൾ ഞരമ്പിലൂടെ ശ്വാസകോശത്തിൽ എത്തുകയും രക്തചംക്രമണം കുറയ്ക്കുകയും ചെയ്യും. ഇതോടെ ഹൃദയത്തിലേക്ക് ആവശ്യത്തിന് രക്തം എത്താതെയാകും.

സൗരഭിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഹൃദയമിടിപ്പ് തുലോം കുറവായിരുന്നു എന്നും ​രക്തസമ്മർദം ഏതാണ്ട് പരിമിതമായിരുന്നെന്നും ഡോക്ടർമാർ സാക്ഷ്യ​െപ്പടുത്തുന്നു. 45 മിനിട്ട്നേരം സി.പി.ആർ നൽകുകയും വലിയ അളവിൽ മരുന്നുകൾ കുത്തിവയ്ക്കുകയും ചെയ്ത ശേഷമാണ് സൗരഭിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായത്. നിലവിൽ സൗരഭ് ആരോഗ്യം വീണ്ടെടുക്കുകയും സാധാരണ ജീവിതം നയിക്കുകയും ചെയ്യുകയാണ്.

നമ്മുടെ കാലുകളിലെ ഞരമ്പുകളിൽ ചെറിയ നിരവധി വാൽവുകളുണ്ട്. കാലിൽ നിന്ന് ഹൃദയത്തിലേക്കുള്ള രക്തം ചംക്രമണത്തിന് സഹായിക്കുകയാണ് ഇവയുടെ ജോലി. പരിക്കുകളോ നിശ്ചലാവസ്ഥയോ ഞരമ്പുകളില ക്ലോട്ടുകൾ ഉണ്ടാകാൻ കാരണമാകും. ഇതിനെയാണ് ഡീപ് വെയ്ൻ ത്രോംബോസിസ് (ഡി.വി.ടി) എന്ന് പറയുന്നത്. ഇത്തരം ക്ലോട്ടുകൾ ശ്വാസകോശത്തിൽ എത്തുകയാണെങ്കിൽ അത് അപകടകരമായ പൾമനറി എംബോളിസം എന്ന അവസ്ഥക്ക് കാരണമാകും. അതാണ് സൗരഭിൽ സംഭവിച്ചതും.

പരിഹാരങ്ങൾ

  1. അനങ്ങാതെ ഒരിടത്ത് ദീർഘനേരം ഇരിക്കാതിരിക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. സ്ഥിരം ഇരുന്ന് ജോലി ചെയ്യുന്നവരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതാണ്.

2.ഡ്രൈവ് ചെയ്യുമ്പോൾ ഇത്തരമൊരു പ്രശ്നം ഉണ്ടാകാനുള്ള സാധ്യതയുണ്ട്, പ്രത്യേകിച്ചും ഓട്ടോമാറ്റിക് വാഹനങ്ങളിൽ. ഇതിന് പരിഹാരമായി രണ്ട് മണിക്കൂർ ഇടവേളികളിൽ വാഹനം നിർത്തുകയും പുറത്തിറങ്ങുകയും കാലുകൾക്ക് ആവശ്യമായ ചലനം നൽകുകയും ചെയ്യണം.

3.മണിക്കൂറുകൾ വിമാനത്തിലോ കാറിലോ ഒക്കെ യാത്ര ചെയ്യേണ്ടിവന്നാൽ ധാരാളം വെള്ളം കുടിക്കണം. ഒപ്പം കഴിയുന്ന രീതിയിൽ നടക്കാനും ശ്രമിക്കണം.

  1. ഇത്തരം യാത്രകളിൽ ഒരിക്കലും മദ്യം ഉപയോഗിക്കരുത്. അത് നിർജ്ജലീകരണത്തിന് ഇടയാക്കും.
  2. അമിതഭാരം ഉള്ളവരും സർജറി പോലുള്ള മെഡിക്കൽ അവസ്ഥകളിലൂടെ കടന്നുപോയവരും നേരത്തേ ഡീപ് വെയ്ൻ ത്രോംബോസിസ് വന്നിട്ടുള്ളവരും കൂടുതൽ ശ്രദ്ധിക്കുകയും അധികനേരമുള്ള ഇരുപ്പ് ഒഴിവാക്കുകയുംവേണം.

സൗരഭ് ശർമയ്ക്ക് ഒരുതരത്തിലുള്ള ഹൃദയരോഗങ്ങളും ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. അതാണ് തങ്ങൾ ഡീപ് വെയ്ൻ ത്രോംബോസിസ് സംശയിക്കാൻ കാരണം. സൗരഭ് ഏറെ ഭാഗ്യവാനാണ്. ഇല്ലെങ്കിൽ ഇത്തരമൊരു അവസ്ഥയിൽനിന്ന് ഒരിക്കലും ഒരാൾക്ക് അതിജീവിക്കാൻ സാധിക്കുകയില്ല. അത്തരം ഭാഗ്യം എല്ലാവർക്കും ഉണ്ടാകില്ലെന്നുമുള്ള മുന്നറിയിപ്പാണ് ഡോക്ടർമാർ നൽകുന്നത്.