വണ്ണം കുറയ്ക്കണമെങ്കിൽ അത്താഴത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതി. നട്സ് ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഫൈബർ ധാരാളം അടങ്ങിയ നട്സ് വണ്ണവും കുടവയറും കുറയ്ക്കാൻ സഹായിക്കും.
നട്സ് പെട്ടെന്ന് വയർ നിറയ്ക്കാൻ സഹായിക്കുകയും ചെയ്യും. അതിനാൽ ബദാം, വാൾനട്സ്, പിസ്ത തുടങ്ങിയവ രാത്രി കഴിക്കുന്നത് നല്ലതാണ്.
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്സ്. രാത്രി ചോറിന് പകരം ഇവ കഴിക്കാം. ഒരു കപ്പ് ഓട്സിൽ 7.5 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനും ഓട്സ് സഹായിക്കും.
ആപ്പിൾ കഴിച്ചാൽ ഡോക്ടറെ മാത്രമല്ല, അമിത വിശപ്പിനെയും അകറ്റാവുന്നതാണ്. ഫൈബർ ധാരാളം അടങ്ങിയ പഴവർഗമാണ് ആപ്പിൾ. ആപ്പിൾ കഴിക്കുമ്പോൾ വിശപ്പ് പെട്ടെന്നു ശമിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നതു തടയുകയും ചെയ്യും. അതിനാൽ രാത്രി ഒരു ആപ്പിൾ കഴിക്കുന്നത് നല്ലതാണ്.
അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉറപ്പായും മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. ഒപ്പം കലോറി വളരെ കുറവുമായതിനാൽ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാവുന്ന ഭക്ഷണമാണിത്.