രക്തത്തിൽ കാണപ്പെടുന്ന മെഴുക് പോലുള്ള പദാർഥമാണ് കൊളസ്ട്രോൾ. കോശങ്ങളുടെ നിർമാണ പ്രക്രിയയിൽ നിശ്ചിത അളവിൽ കൊളസ്ട്രോൾ ശരീരത്തിന് ആവശ്യമാണ്. എന്നാൽ ഇതിൻറെ അളവ് ആവശ്യത്തിലും അധികമാകുമ്പോൾ ഹൃദയം അടക്കമുള്ള അവയവങ്ങൾക്ക് നാശം വരുത്തും. രക്തധമനികളിൽ കൊളസ്ട്രോൾ കെട്ടിക്കിടക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ജീവൻതന്നെ നഷ്ടമാകാനിടയുള്ള സങ്കീർണതകളിലേക്ക് നയിക്കാം.
മരുന്നുകൾ, വ്യായാമം അടങ്ങിയ സജീവ ജീവിതശൈലി എന്നിവയെല്ലാം രക്തത്തിലെ കൊളസ്ട്രോൾ തോത് പരിധി വിട്ടയുരാതിരിക്കാൻ നിർദ്ദേശിക്കപ്പെടാറുണ്ട്. നെഞ്ചിൻറെ ഇടത് വശത്തായി വേദന, ഭാരം അനുഭവപ്പെടൽ, വീർപ്പ്മുട്ടൽ, തലകറക്കം, മനംമറിച്ചിൽ, മരവിപ്പ്, അമിതമായ ക്ഷീണം, ശ്വസിക്കാൻ ബുദ്ധിമുട്ട്, നെഞ്ചിന് കനം, രക്തസമ്മർദം ഉയരൽ, സ്ഥിരതയില്ലാത്ത നടപ്പ്, കുഴഞ്ഞ സംസാരം, കാലുകളിൽ വേദന എന്നിവയെല്ലാം കൊളസ്ട്രോൾ തോത് ഉയരുന്നതിൻറെ ലക്ഷണങ്ങളാണ്.
കൊളസ്ട്രോൾ തോത് കുറയ്ക്കാൻ ഇനി പറയുന്ന ഭക്ഷണവിഭവങ്ങൾ സഹായകമാണ്.
അവക്കാഡോ
വൈറ്റമിൻ കെ, സി, ബി5, ബി6, ഇ, മോണോസാച്ചുറേറ്റഡ് കൊഴുപ്പ് എന്നിവയെല്ലാം അടങ്ങിയ അവക്കാഡോ രക്തസമ്മർദം കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാനും നല്ലതാണ്. എൽഡിഎൽ, എച്ച്ഡിഎൽ കൊളസ്ട്രോൾ തോത് നിയന്ത്രിക്കാനും ട്രൈഗ്ലിസറൈഡ് തോത് കുറയ്ക്കാനും അവക്കാഡോ സഹായിക്കും.
ആരോഗ്യകരമായ ചർമം മുതൽ മെച്ചപ്പെട്ട ദഹനസംവിധാനം വരെ പല ഗുണങ്ങളും ആപ്പിൾ കഴിക്കുന്നതിലൂടെ ലഭിക്കുന്നതാണ്. പെക്ടിൻ ഫൈബറും പോളിഫെനോളുകൾ പോലുള്ള ആൻറിഓക്സിഡൻറുകളും അടങ്ങിയ ആപ്പിൾ അനാരോഗ്യകരമായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. രക്തധമനികൾ കട്ടിയാകാതിരിക്കാനും ഇത് സഹായകമാണ്.
വൈറ്റമിൻ-സി അടങ്ങിയ പഴങ്ങൾ
നാരങ്ങ,ഓറഞ്ച്, മാൾട്ട, മുന്തിരി എന്നിങ്ങനെ വൈറ്റമിൻ സി ചേർന്നിട്ടുള്ള പഴങ്ങളും കൊളസ്ട്രോൾ നിയന്ത്രിക്കും. ഹെസ്പെരിഡിൻ അടങ്ങിയ ഈ പഴങ്ങൾ ഉയർന്ന രക്തസമ്മർദം കുറയ്ക്കും. ഇതിൽ ഉള്ള പെക്ടിൻ ഫൈബറും ലിമോനോയ്ഡ് സംയുക്തങ്ങളും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും രക്തധമനികൾ കട്ടിയാകാതിരിക്കാനും സഹായകമാണ്. ഇതിലുള്ള ആൻറിഓക്സിഡൻറുകൾ ഹൃദയാഘാതത്തിൻറെയും പക്ഷാഘാതത്തിൻറെയും സാധ്യതയും കുറയ്ക്കും.
പപ്പായ
വർഷം മുഴുവൻ ലഭ്യമായ പപ്പായയിൽ ഫൈബറിൻറെ തോത് അധികമാണ്. ഇത് രക്തസമ്മർദവും എൽഡിഎൽ കൊളസ്ട്രോളും കുറയ്ക്കുന്നു.
തക്കാളി
വൈറ്റമിൻ എ, ബി, കെ, സി എന്നിവ അടങ്ങിയ തക്കാളി കണ്ണുകൾക്കും ചർമത്തിനും ഹൃദയാരോഗ്യത്തിനും നല്ലതാണ്. തക്കാളിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം കൊളസ്ട്രോളും രക്തസമ്മർദവും കുറച്ച് ഹൃദായാഘാത, പക്ഷാഘാത സാധ്യത ലഘൂകരിക്കുന്നു.