സ്ത്രീകളിലെ പ്രത്യുൽപാദന സംവിധാനത്തിൻറെ ഭാഗമായുള്ള ആർത്തവപ്രക്രിയ നിലക്കുന്ന അവസ്ഥയാണ് ആർത്തവ വിരാമം അഥവാ മെനോപോസ്.
വളരെ സാവധാനം ശരീരത്തിൽ സംഭവിക്കുന്ന പ്രക്രിയയാണിത്. ഇതിൻറെ ഭാഗമായി ശരീരത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുകയും അനുബന്ധമായ പല മാറ്റങ്ങളും അനുഭവപ്പെടുകയും ചെയ്യാം.
സാധാരണ 45നും 51നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ആർത്തവ വിരാമം സംഭവിക്കുന്നത്. 95 ശതമാനം സ്ത്രീകളിലും 50-51 പ്രായത്തിനുള്ളിൽ ആർത്തവ വിരാമം സംഭവിക്കാം. എന്നാൽ ചിലരിൽ വളരെ വൈകി മാത്രം ആർത്തവം നിലയ്ക്കാറുണ്ട്. പാരമ്പര്യം, ഹോർമോൺ വ്യതിയാനങ്ങൾ, കാൻസർ പോലുള്ള ഗുരുതര രോഗങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമാകാം. പ്രായപരിധി കഴിഞ്ഞിട്ടും ആർത്തവ വിരാമം സംഭവിച്ചില്ലെങ്കിൽ തീർച്ചയായും വിദഗ്ധ നിർദേശം തേടേണ്ടതും ആവശ്യമായ പരിശോധനകൾ നടത്തേണ്ടതും അനിവാര്യമാണ്.
ലക്ഷണങ്ങൾ
ആർത്തവ വിരാമ പ്രക്രിയ തുടങ്ങുന്നതുമുതൽ അവസാനിക്കുന്നതുവരെ ഈ ലക്ഷണങ്ങൾ ശരീരത്തിൽ അനുഭവപ്പെട്ടേക്കാം.
● ആർത്തവചക്രം ക്രമരഹിതമായി സംഭവിക്കുക
● അമിതമായ രക്തസ്രാവം കണ്ടുവരുക
വേദന/അസ്വസ്ഥത എന്നിവ സാധാരണയിലധികം വർധിക്കുക
● ലൈംഗികബന്ധത്തിനിടെ അമിതമായ വേദന
● യോനീഭാഗം വരണ്ട അവസ്ഥ
● ശരീരം അമിതമായി വിയർക്കുക, തണുപ്പുള്ള കാലാവസ്ഥയിൽപോലും ശരീര താപനില ഉയരുക
● ഉറക്കം കുറയുക
● അമിത ക്ഷീണം
● എല്ല് തേയ്മാനം
● അമിതവണ്ണം
● അകാരണമായ ദേഷ്യം, ഉത്കണ്ഠ, ഭയം, അസ്വസ്ഥത
ഈസ്ട്രജൻ, പ്രോജസ്റ്ററോൺ തുടങ്ങിയ ഹോർമോണുകൾ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നതിന്റെ അളവ് കുറയുന്നതിനാൽ ചില ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഇക്കാലയളവിൽ അനുഭവപ്പെടാം. എന്നാൽ, ആർത്തവ വിരാമം സംഭവിച്ചാൽ പൂർണമായും പ്രശ്നത്തിലാകുന്നു എന്ന ചിന്തയും ശരിയല്ല. എല്ലാ സ്ത്രീകളിലും ആർത്തവ വിരാമത്തിന്റെ ലക്ഷണങ്ങൾ, അനുബന്ധ ആരോഗ്യ പ്രശ്നങ്ങൾ എന്നിവ സമാനമാകണമെന്നില്ല. ഇത് ശരീരത്തിൽ സംഭവിക്കുന്ന ഒരു സാധാരണ പ്രക്രിയ മാത്രമാണ്, മെച്ചപ്പെട്ട ജീവിതശൈലികൊണ്ട് ഇതുണ്ടാക്കുന്ന അസ്വസ്ഥതകളെ മറികടക്കാൻ സാധിക്കും.
പല കാരണങ്ങളാൽ ഗർഭപാത്രം നീക്കംചെയ്യേണ്ടി വരുന്ന സ്ത്രീകളിലും ആർത്തവ വിരാമം സംഭവിക്കും. സാധാരണ രീതിയിൽ ആർത്തവ വിരാമം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതകൾ ഇവരിലും കണ്ടുവരാം. ആർത്തവ വിരാമ കാലഘട്ടമായി പരിഗണിച്ചുകൊണ്ട് അതിനെ മറികടക്കാനുള്ള വഴികൾതന്നെയാണ് ഇത്തരം സ്ത്രീകളും ചെയ്യേണ്ടത്.
വ്യായാമം നേരത്തേ തുടങ്ങാം
ശരീരത്തിൽ സംഭവിക്കുന്ന മാറ്റം മനസ്സിനെയും ബാധിക്കുമെന്നതിൽ സംശയമില്ല. എന്നാൽ, ഇതിൽനിന്ന് രക്ഷനേടുന്നതിനായി ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് ഗുണം ചെയ്യും. മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ ശ്വസന വ്യായാമങ്ങൾ, ധ്യാനം, യോഗ പോലുള്ളവയും മറ്റ് വ്യായാമങ്ങളും സഹായിക്കും.
ആർത്തവ വിരാമം സംഭവിച്ചശേഷം വ്യായാമങ്ങൾ ചെയ്തു തുടങ്ങുന്നതിനേക്കാൾ നല്ലത് വളരെ നേരത്തേതന്നെ ചിട്ടയായ ജീവിതശൈലി രൂപപ്പെടുത്തിയെടുക്കുന്നതാണ്. കുറഞ്ഞത് 35 വയസ്സിലെങ്കിലും ചിട്ടയായ വ്യായാമം ആരംഭിക്കണം. അനാവശ്യ കൊഴുപ്പടങ്ങിയ അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും നല്ലതാണ്. ആർത്തവ കാലഘട്ടത്തിലെ അസ്വസ്ഥതകളെ ഇല്ലാതാക്കാനും കൂടുതൽ ഊർജസ്വലമായി മുന്നോട്ട് പോകാനും ഇതുവഴി സാധിക്കും. ഈ സമയത്ത് എല്ലുകളുടെ ആരോഗ്യം കുറയാൻ സാധ്യതയുള്ളതിനാൽ ഇതിനാവശ്യമായ ഭക്ഷണരീതിയും വ്യായാമങ്ങളും പിന്തുടരാം. കാത്സ്യം, അയൺ സപ്ലിമെന്റുകൾ ഈ സമയത്ത് കൃത്യമായി കഴിക്കാം.
ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താം
ഈസ്ട്രജൻ ഹോർമോൺ അളവിൽ ഗണ്യമായ കുറവ് സംഭവിക്കുന്നതിനാൽ ആർത്തവ വിരാമ സമയത്ത് ലൈംഗിക പ്രശ്നങ്ങൾ അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നാൽ, മികച്ചൊരു ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് വളരെ ലളിതമായ മാർഗങ്ങളിലൂടെ ഇതിന് പരിഹാരം കാണാം. വിദേശ രാജ്യങ്ങളിൽ ഹോർമോൺ തെറപ്പി പോലുള്ള വളരെ ഫലപ്രദമായ ചികിത്സ രീതികൾ സാധാരണമാണ്. അതുകൊണ്ടുതന്നെ ആർത്തവ വിരാമത്തിനുശേഷവും സാധരണ രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കും.
നേരത്തേയുള്ള ആർത്തവ വിരാമം
45 വയസ്സിന് മുമ്പ് ആർത്തവ വിരാമം സംഭവിക്കുകയാണെങ്കിൽ അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തിൽ സംഭവിക്കുന്നത് അപകട സൂചനയാണ്. ഇത്തരത്തിൽ അനുഭവപ്പെടുന്നവർ തീർച്ചയായും ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് ആവശ്യമായ പരിശോധനകൾ നടത്തി കാരണം കണ്ടെത്തേണ്ടതും ചികിത്സ സ്വീകരിക്കേണ്ടതും അനിവാര്യമാണ്. ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള രോഗം ബാധിച്ചതിന്റെ ഭാഗമായോ അസാധാരണമായ ഹോർമോൺ വ്യതിയാനങ്ങളോ ആകാം ഇതിനുപിന്നിൽ.
കൂടെ നിൽക്കാം
ആർത്തവവിരാമ കാലഘട്ടത്തിൽ ഒരു സ്ത്രീ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ വളരെ വലുതാണ്. ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ മാനസികാവസ്ഥയെ വളരെയധികം ബാധിക്കും. ഈ സമയത്ത് പങ്കാളി, മക്കൾ തുടങ്ങി കൂടെയുള്ളവരുടെ പിന്തുണ പ്രധാനമാണ്. അകാരണമായ ദേഷ്യം, അസ്വസ്ഥത എന്നിവ പ്രകടിപ്പിക്കുമ്ബോൾ അത് മനസ്സിലാക്കുകയും മികച്ച രീതിയിൽ സമീപിക്കുകയും ചെയ്യേണ്ടതുണ്ട്. ആ ഘട്ടം മറികടക്കാൻ അവരോടൊപ്പം ചേർന്നുനിൽക്കേണ്ടത് ചുറ്റുമുള്ളവരുടെ ഉത്തരവാദിത്തമാണ്.