ന്യൂഡൽഹി: ലോകജനതയുടെ ദൈനംദിന പ്രവർത്തനങ്ങളെ പിടിച്ചുലയ്‌ക്കുകയും ആരോഗ്യ അടിയന്തരാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത വൈറസാണ് കൊറോണ.
കൊവിഡ്-19 എന്ന മഹാമാരി ചൈനയിൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ലോകരാജ്യങ്ങൾ നേരിടേണ്ടി വന്നത് ചരിത്രത്തിൽ ഇന്നുവരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത തരം വെല്ലുവിളിയായിരുന്നു.
കൊറോണ വൈറസ് വ്യാപനത്തെ ശക്തമായി പ്രതിരോധിച്ച് ഇന്ത്യയുൾപ്പെടെ പലരാജ്യങ്ങളിലും ജനജീവിതം സാധാരണ നിലയിലാകാൻ തുടങ്ങിയെങ്കിലും രോഗം പിടിപ്പെട്ട് ജീവൻ പൊലിഞ്ഞുപോയവരും വേദനയോടെ ജീവിക്കുന്ന അവരുടെ കുടുംബാംഗങ്ങളും മറുവശത്തുണ്ട്. മനുഷ്യ ജീവിതങ്ങൾ താറുമാറാക്കിയ കൊറോണ വൈറസിന്റെ ഉത്ഭവത്തെ പറ്റി അന്വേഷണങ്ങളും ഗവേഷണങ്ങളും പുരോഗമിക്കെ നിർണായകമായേക്കാവുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഒരു അമേരിക്കൻ ശാസ്ത്രജ്ഞൻ.
ചൈനയിലെ വുഹാനിൽ സ്ഥിതിചെയ്യുന്ന റിസർച്ച് ലാബിൽ നിന്ന് ചോർന്നപോയ മനുഷ്യനിർമ്മിത വൈറസാണ് കൊറോണയെന്ന് അദ്ദേഹം പറയുന്നു. ലാബിൽ ജോലി ചെയ്തിരുന്ന അമേരിക്കൻ ശാസ്ത്രജ്ഞനായ ആൻഡ്ര്യൂ ഹൂഫാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ദി ട്രൂത്ത് എബൗട്ട് വുഹാൻ എന്ന പുതിയ പുസ്തകത്തിലൂടെയാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.
ആരോപണ വിധേയമായ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലായിരുന്നു ഹൂഫ് ജോലി ചെയ്തിരുന്നത്. അവിടുത്തെ എപ്പിഡമിയോളജിസ്റ്റായിരുന്നു അദ്ദേഹം. ചൈനീസ് സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന വുഹാനിലെ ലാബിൽ നിന്നും രണ്ട് വർഷം മുമ്പ് ചോർന്നതാണ് കൊറോണ വൈറസെന്ന് അദ്ദേഹം പറയുന്നു.
ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവർത്തിച്ചിരുന്നതിനാൽ വൈറസ് ചോർന്നതാണെന്നാണ് ഹൂഫിന്റെ ആരോപണം. വുഹാൻ ലാബുമായി കൈകോർത്ത് പ്രവർത്തിച്ചിരുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) എന്ന ഏജൻസിയുടെ നേതൃത്വത്തിൽ ഏകദേശം പത്ത് വർഷത്തോളമായി അവിടെ പരീക്ഷണം നടത്തിയിരുന്നു. പൊതുജനാരോഗ്യത്തെക്കുറിച്ചും ബയോമെഡിക്കൽ സംവിധാനങ്ങളെക്കുറിച്ചും പഠനം നടത്തുന്ന യുഎസ് ഗവൺമെന്റ് ഏജൻസിയാണ് എൻഐഎച്ച്. ഇവിടെ വവ്വാലുകളിൽ കൊറോണ വൈറസ് ഉപയോഗിച്ചായിരുന്നു പരീക്ഷണം. എൻഐഎച്ച് തന്നെയാണ് ഗവേഷണത്തിനായി വേണ്ട ചിലവുകൾ ഏറ്റെടുത്ത് നടത്തിയിരുന്നത്.
വുഹാനിലെ ലാബിൽ ജോലി ചെയ്യുന്നതിന് മുമ്പ് പകർച്ചവ്യാധി രോഗങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ന്യൂയോർക്കിലെ നോൺ-പ്രോഫിറ്റ് ഓർഗനൈസേഷനായ എക്കോ ഹെൽത്ത് ആലിയൻസിന്റെ വൈസ് പ്രസിഡന്റായിരുന്നു ആൻഡ്ര്യൂ ഹൂഫ്. 2014 മുതൽ 2016 വരെയാണ് അദ്ദേഹം ചുമതല വഹിച്ചിരുന്നത്. ഈ സമയത്ത് വുഹാൻ ലാബുമായി പലപ്പോഴും എക്കോ ഹെൽത്ത് ആലിയൻസ് കൈകോർത്ത് പ്രവർത്തിച്ചിട്ടുണ്ടെന്ന് ഹൂഫ് പറയുന്നു. കൊറോണ വൈറസുള്ള വവ്വാലുകളെ ഉപയോഗിച്ച് മറ്റ് ജീവികളെ ആക്രമിക്കുന്നതിനുള്ള പല രീതികളും ഗവേഷണത്തിന്റെ ഭാഗമായി പരീക്ഷിച്ചിട്ടുണ്ട്. ഒടുവിൽ സുരക്ഷാ സംവിധാനങ്ങളിലെ അപര്യാപ്തത മൂലം ലാബിൽ നിന്നും വൈറസ് ചോർന്നു. ഇതിന്റെ പേരിൽ പരസ്പരം പഴിചാരുകയാണ് യുഎസ് ഗവൺമെന്റും ചൈനീസ് സർക്കാരുമെന്നും ഹൂഫ് എഴുതിയ പുസ്തകത്തിൽ ആരോപിക്കുന്നു. വൈറസ് മനുഷ്യ നിർമ്മിതമാണെന്നും വുഹാനിലെ ലാബിൽ നിന്ന് ചോർന്നതാണെന്നുമുള്ള അഭ്യൂഹങ്ങൾക്ക് പുറമെയാണ് ഹൂഫിന്റെ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.