കുഞ്ഞു ജനിക്കുന്നതിനു മുൻപോ ജനിക്കുന്ന സമയത്തോ ജനിച്ചു കഴിഞ്ഞ ഉടനെയുള്ള സമയത്തോ മസ്തിഷ്കത്തിനുണ്ടാകുന്ന അസുഖങ്ങളോ തകരാറുകളോ ആണ് സെറിബ്രൽ പാൾസിയുടെ കാരണം. പേശികളുടെ ചലനത്തെ ബാധിക്കുന്ന പ്രശ്നമാണു പ്രധാനമായും ഇത്. അതോടൊപ്പം അപസ്മാരം പോലുള്ള അസുഖങ്ങളോ പെരുമാറ്റ പ്രശ്നങ്ങളോ കാഴ്ച, കേള്‍വി പ്രശ്നങ്ങളോ ബുദ്ധിവളർച്ചക്കുറവോ ഉണ്ടാകാം. സെറിബ്രൽ പാൾസി മരുന്നുകൊണ്ടു ചികിത്സിച്ചു മാറ്റാൻ കഴിയുന്ന ഒരസുഖം അല്ല.
എന്നാൽ, ഒപ്പമുള്ള പെരുമാറ്റപ്രശ്നങ്ങളും അപസ്മാരവും നിയന്ത്രിക്കുന്നതിനും പേശികൾ അയവുള്ളതാക്കുന്നതിനും മരുന്നുകൾ ആവശ്യമായി വരാം. ഫിസിയോതെറപ്പി, ഒക്കുപ്പേഷണൽ തെറപ്പി, സ്പീച്ച് തെറപ്പി തുടങ്ങിയ റമഡിയൽ പരിശീലനങ്ങൾ ആണ് സെറിബ്രൽ പാൾസി ഉള്ള കുട്ടികൾക്ക് ആവശ്യം. ഈ റമഡിയൽ പരിശീലനങ്ങൾ എത്രയും നേരത്തേ തുടങ്ങാനും മുടങ്ങാതെ ചെയ്യാനും കഴിയണം. എന്നാൽ, പരിശീലനം ഏതു പ്രായത്തിൽ തുടങ്ങിയാലും അതിനനുസരിച്ചു പ്രയോജനം ഉണ്ടാകും.
അതിന്റെ ആവശ്യം കുട്ടികളെ മനസ്സിലാക്കുകയും വേണം. എന്താണു പ്രശ്നം എന്നും എന്താണു പരിഹാരം എന്നും കുട്ടികളെ അവരുടെ ബൗദ്ധിക നിലവാരത്തിനനുസരിച്ചു പറഞ്ഞു മനസ്സിലാക്കുന്നതോടെ കുട്ടികൾക്കു സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവ് ഉണ്ടാക്കണം. അതിനാവശ്യമായ (life skills) ജീവിതനിപുണതകൾ കുട്ടികളെ ശീലിപ്പിക്കണം. (ചലനസംബന്ധിയായ പ്രശ്നങ്ങളുടെ തീവ്രത കണക്കിലെടുത്തുകൊണ്ട്). കൗമാരപ്രായം, സ്വന്തം ശരീരത്തെക്കുറിച്ച് ഏറ്റവും കൂടുതൽ വേവലാതിപ്പെടുന്ന കാലമാണ്. അവരിൽ കഴിവുകളെക്കുറിച്ചുള്ള ബോധ്യം ഉണ്ടാക്കണം. ആത്മവിശ്വാസം വളർത്തണം. വൈകാരികവും മാനസികവുമായ പിന്തുണ നൽകണം. സമപ്രായക്കാരോട് ഇടപെടുന്നതിന് അവസരം ഉണ്ടാക്കണം. താൻ ഒറ്റയ്ക്കല്ല എന്ന തോന്നൽ കുട്ടികളിൽ വളർത്തിയെടുക്കണം.