കരളിൽ കൊഴുപ്പ് അടിയുന്നത് തലച്ചോറിനെയും ബാധിക്കുമെന്ന് പഠനം

Advertisement

കരളിൽ കൊഴുപ്പടിഞ്ഞ് കൂടുന്ന നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം തലച്ചോറിന്റെ പ്രവർത്തനങ്ങളെയും ബാധിക്കാമെന്ന് പുതിയ പഠനങ്ങൾ കണ്ടെത്തി. കരളിലെ കൊഴുപ്പ് തലച്ചോറിലെ ഓക്സിജന്റെ തോതിനെ കുറയ്ക്കുകയും ഇവിടുത്തെ കോശ സംയുക്തങ്ങൾക്ക് നീർക്കെട്ടും അണുബാധയും ഉണ്ടാക്കുകയും ചെയ്യുമെന്ന് എലികളിൽ നടത്തിയ പഠനം പറയുന്നു. ലണ്ടൻ കിങ്സ് കോളജിലെ റോജർ വില്യംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെപ്പറ്റോളജിയിലെയും സ്വിറ്റ്സർലൻഡിലെ ലൊസാൻ സർലകലാശാലയിലെയും ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തിയത്.

ജനസംഖ്യയിൽ 25 ശതമാനത്തെയും ബാധിക്കുന്ന രോഗമാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്. രോഗബാധിതരിൽ 80 ശതമാനം പേരും അമിതവണ്ണമുള്ളവരും ആയിരിക്കും. എലികളെ രണ്ട് വിഭാഗമായി തിരിച്ചാണ് പുതിയ പഠനങ്ങൾ നടത്തിയത്. ഇതിൽ ആദ്യ വിഭാഗത്തിന് 10 ശതമാനത്തിൽ താഴെ മാത്രം കൊഴുപ്പുള്ള ഭക്ഷണം നൽകി. രണ്ടാമത്തെ വിഭാഗത്തിന് സംസ്കരിച്ച ഭക്ഷണങ്ങൾക്കും മധുരപാനീയങ്ങൾക്കും തുല്യമായ തോതിലുള്ള 55% കൊഴുപ്പ് അടങ്ങിയ ഭക്ഷണവും നൽകി. 16 ആഴ്ചകൾക്ക് ശേഷം ഈ ഭക്ഷണക്രമം കരളിലും തലച്ചോറിലും ഉണ്ടാക്കിയ പ്രഭാവം ഗവേഷകർ താരതമ്യം ചെയ്തു.

ഉയർന്ന തോതിലുള്ള കൊഴുപ്പ് ഭക്ഷണം നല്‍കിയ എലികളിൽ അമിതഭാരം, ഫാറ്റിലിവർ രോഗം, ഇൻസുലിൻ പ്രതിരോധം, തലച്ചോറിന്റെ പ്രവർത്തന തകരാർ പോലുള്ള പ്രശ്നങ്ങൾ കണ്ടെത്തി. ഈ എലികളുടെ തലച്ചോറിലെ ഓക്സിജന്‍ തോതും കുറവാണെന്ന് ഗവേഷകർ നിരീക്ഷിച്ചു.

തലച്ചോറിലെ രക്തധമനികളുടെ എണ്ണത്തെയും കട്ടിയെയും രോഗം ബാധിക്കുന്നതായും കണ്ടെത്തി. ഈ എലികളിൽ ഉത്കണ്ഠയുടെ തോത് അധികമായിരുന്നെന്നും വിഷാദരോഗലക്ഷണങ്ങൾ ഇവർ പ്രകടിപ്പിച്ചിരുന്നതായും ഗവേഷണ റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

അതേ സമയം കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിച്ച എലികളില്‍ ഫാറ്റി ലിവർ രോഗമോ ഇൻസുലിൻ പ്രതിരോധമോ ഒന്നും ഉണ്ടായില്ല. ഇവരുടെ തലച്ചോറിന്റെ ആരോഗ്യവും തൃപ്തികരമായിരുന്നു. കരളിൽ അടിയുന്ന കൊഴുപ്പ് തലച്ചോറിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ആശങ്കാജനകമാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ കിങ്സ് കോളജ് ലക്ചറർ ഡോ. അന്ന ഹഡ്ജിഹംബി പറയുന്നു. മിതമായ തോതിൽ ആരംഭിക്കുന്ന തലച്ചോറിലെ തകരാർ വർഷങ്ങളോളം ആരുടെയും ശ്രദ്ധയിൽപ്പെടാതെ വളരാമെന്നും ഡോ. അന്ന മുന്നറിയിപ്പ് നൽകുന്നു.

അമിതഭാരം കുറയ്ക്കാനും കരളിന്റെയും തലച്ചോറിന്റെയും ആരോഗ്യം നിലനിർത്താനും ഭക്ഷണത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് വെട്ടിക്കുറയ്ക്കണമെന്ന് ഗവേഷണ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.