സ്ത്രീകൾക്ക് മാസാമാസം കൃത്യമായും വരുന്ന ആർത്തവം അഥവാ മാസമുറ അവരുടെ പ്രത്യുൽപാദന അവയവങ്ങളുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ആർത്തവമുറയിൽ വരുന്ന വ്യതിയാനങ്ങൾ സ്ത്രീകളുടെ പ്രത്യുൽപാദന അവയവങ്ങളുടെയോ അതിന്റെ പ്രവർത്തനങ്ങളുടെയോ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. തീർച്ചയായും അതുകൊണ്ടു തന്നെ ഇതിൽ വരുന്ന വ്യത്യാസങ്ങൾക്ക് സ്ത്രീകൾ പ്രാധാന്യം കൽപ്പിക്കേണ്ടതുണ്ട്. ഓരോ പ്രായത്തിലും മാസമുറയിൽ വരുന്ന വ്യത്യാസങ്ങൾക്ക് പല അർത്ഥങ്ങളാണ് ഉള്ളത്.
കൗമാര പ്രായത്തിലുള്ള പെൺകുട്ടികളുടെ കാര്യം പരിശോധിക്കാം. പെൺകുട്ടികൾക്ക് ആർത്തവം ആരംഭിക്കുന്നത് സാധാരണ ഗതിയിൽ 10 വയസ്സിനും 15 വയസ്സിനും ഇടയ്ക്കാണ്. 10 വയസ്സിനു മുമ്പ് ആർത്തവം തുടങ്ങുകയാണെങ്കിലും 15 വയസ്സിനു ശേഷം ആർത്തവം വന്നിട്ടില്ലെങ്കിലും അതിനു പ്രാധാന്യം കൊടുക്കേണ്ടതാണ്. പല പെൺകുട്ടികൾക്കും 10 വയസ്സിനു മുമ്പ് ആർത്തവം വരുന്നതായിട്ട് നമ്മൾ കാണുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യവും വ്യായാമക്കുറവും കൊണ്ട് പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ചെറു പ്രായത്തിൽ തന്നെ അമിതമായ ശരീരഭാരം വയ്ക്കുന്നതായാണ് നാം കാണുന്നത്. അങ്ങനെ ശരീര പുഷ്ടി വളരെ കൂടുതലായി വരുമ്പോൾ അവർക്ക് ആർത്തവം നേരത്തേ വരാം, എന്നിരുന്നാലും 10 വയസ്സിനു മുമ്പ് വരുമ്പോൾ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് അഭിപ്രായം തേടുന്നത് നല്ലതാണ്. 15 വയസ്സിനു ശേഷവും ആർത്തവം വന്നില്ലെങ്കിലും അതുപോലെത്തന്നെ ഗൗനിക്കേണ്ടതാണ്.
തലച്ചോറിലെ ഹൈപ്പോതലാമസ്, പിറ്റ്യൂട്ടറി എന്നീ ഗ്രന്ഥികളും, അണ്ഡാശയം ഗർഭാശയം തുടങ്ങിയ പ്രത്യുൽപാദന അവയവങ്ങളും ഏകോപിതമായി പ്രവർത്തിക്കുമ്പോഴാണ് മാസമുറ ഒരു സ്ത്രീയ്ക്ക് വരുന്നത്. അതുകൊണ്ടു തന്നെ കൗമാര പ്രായക്കാരിൽ ആർത്തവം തുടങ്ങുന്ന സമയം കുറച്ച് അപാകതകൾ കാണാറുണ്ട്.
സാധാരണ ഗതിയിൽ ഒരു സ്ത്രീയ്ക്ക് മാസമുറ വരുന്നത് കൃത്യമായ ദിവസങ്ങളിലാണ്. പലർക്കും ഇതൊരു രണ്ടു ദിവസം മുന്നോട്ടോ പിന്നോട്ടോ പോയെന്നു വരാം. അങ്ങനെ നോക്കിയാൽ 28 ദിവസം തുടങ്ങി 32 ദിവസത്തിനകം മാസമുറ വന്നിരിക്കണം. ശാസ്ത്രീയമായി പറയുകയാണെങ്കിൽ 24 തുടങ്ങി 38 ദിവസത്തിനകം കൃത്യമായി വരുന്ന മാസമുറയെ നമ്മുക്ക് സാധാരണ ആർത്തവ ക്രമത്തിൽ പെടുത്താവുന്നതാണ്. രക്തസ്രാവം അഞ്ച് ദിവസം തുടങ്ങി എട്ടു ദിവസം വരെ നീണ്ടു നിൽക്കാം. അതിൽ അഞ്ച് ദിവസം കഴിഞ്ഞ് രക്തസ്രാവം വളരെ കുറയുന്നതായിട്ടാണ് നമ്മൾ കാണുന്നത്. ഒരു ദിവസം മൂന്ന് പാഡ് വരെ സാധാരണ ഗതിയിൽ ഉപയോഗിക്കാം. കട്ട കട്ടയായി പോകുന്നത് ആർത്തവ സമയത്തുള്ള അമിത രക്തസ്രാവത്തെയാണ് കാണിക്കുന്നത്. ആദ്യ ദിവസങ്ങളിൽ അടിവയറിലും നടുവിനും കാലിലും വേദന അനുഭവപ്പെടുന്നത് സാധാരണമാണ്.
ഒരു സ്ത്രീയ്ക്ക് ആർത്തവ ചക്രം തുടങ്ങുന്നതിനും അത് ക്രമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും പല അവയവങ്ങളുടെയും ഒരു ഏകോപിത പ്രവർത്തനം അത്യാവശ്യമാണ്. തലച്ചോറിലെ ഹൈപ്പോതലാമസ് പിറ്റിയൂട്ടറി ഗ്രന്ഥി, അണ്ഡാശയം, ഗർഭപാത്രം, ഇവയെല്ലാം തന്നെ കൃത്യമായി പ്രവർത്തിച്ചാൽ മാത്രമേ ആർത്തവ ചക്രം തുടങ്ങുകയുള്ളു. അങ്ങനെ ഒരു പെൺകുട്ടിക്ക് മാസമുറ ആരംഭിച്ചു കഴിഞ്ഞാൽ അത് മുന്നോട്ടു കൊണ്ടു പോകുന്നതിനും ഇതിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കണം.
സാധാരണ ഒരു പെൺകുട്ടി വളർന്നു വലുതാകുന്ന ആദ്യത്തെ ഒന്നോ രണ്ടോ വർഷങ്ങളിൽ (അതായത് ആർത്തവം തുടങ്ങിയിട്ടുള്ള ഒന്നോ രണ്ടോ വർഷങ്ങളിൽ) പിറ്റിയൂട്ടറി ഗ്രന്ഥിയും ഹൈപ്പോതലാമസും പൂർണ്ണമായും പ്രവർത്തനം ആരംഭിച്ചിട്ടുണ്ടാവുകയില്ല. അപ്പോൾ ആദ്യമേ ഒരു മാസമുറ വന്നാലും പിന്നീട് ഇവയിൽ നിന്നും വരുന്ന ഹോർമോണുകളുടെ ഉത്തേജനം വഴിയാണ് തുടർന്നുള്ള മാസമുറ മുന്നോട്ടു പോകുന്നത്. അപ്പോൾ പൂർണ്ണ വളർച്ച എത്തിയിട്ടില്ല എന്നുണ്ടെങ്കിൽ അവിടെ നിന്നുമുള്ള ഹോർമോൺ ചിലപ്പോൾ കുറഞ്ഞ അളവിൽ വരും, അല്ലെങ്കിൽ ചിലപ്പോൾ ധ്രുതഗതിയിൽ വരും, അങ്ങനെ അപാകതകൾ ഉണ്ടാകാം. അങ്ങനെ വരുമ്പോൾ ഒരു മാസം ആർത്തവം വന്നു കഴിഞ്ഞാൽ ചിലപ്പോൾ മാസങ്ങളോളം കണ്ടു എന്നു വരില്ല. മാസമുറ 45 – 60 ദിവസം വരെ വൈകി ആയിരിക്കും വരുന്നത്. ഇത്തരത്തിൽ വൈകി വരുമ്പോഴുണ്ടാകുന്ന രക്തസ്രാവം ചിലപ്പോൾ വളരെ കൂടുതൽ ആയിരിക്കാം, അല്ലെങ്കിൽ സാധാരണ ഗതിയിലോ താരതമ്യേന കുറവോ ആയിരിക്കാം. ക്രമം തെറ്റി വരുന്ന മാസമുറയിൽ രക്തസ്രാവം കൂടുതലല്ലാ എന്നുണ്ടെങ്കിൽ അതിൽ പരിഭ്രമിക്കേണ്ട കാര്യമില്ല. പക്ഷേ ചില പെൺകുട്ടികൾക്ക് നിയന്ത്രിക്കാനാകാത്ത വിധം രക്തസ്രാവം ഉണ്ടായെന്നിരിക്കാം. അങ്ങനെ വരികയാണെങ്കിൽ അവർക്ക് രക്തസ്രാവം കൊണ്ടുണ്ടാകുന്ന വിളർച്ച വരാനുള്ള സാധ്യതയുണ്ട്. വളരുന്ന കുട്ടികളിൽ വിളർച്ച വന്നു കഴിഞ്ഞാൽ അത് പലവിധ ശാരീരിക പ്രശ്‌നങ്ങൾക്ക് കാരണമാകും. പഠിത്തത്തിൽ ഉൽസാഹമില്ലായ്മ, എപ്പോഴും ഉറങ്ങണം എന്ന് തോന്നിക്കൊണ്ടിരിക്കുക, ദേഷ്യം വരിക, ചില ആഹാര സാധനങ്ങളോട് അമിതമായ ഇഷ്ടം കാണിക്കുക, ഓടുമ്പോഴോ പടി കയറുമ്പോഴോ പെട്ടെന്ന് കിതയ്ക്കുക, ശ്വാസം മുട്ട് വരിക എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ഇതൊക്കെ കണ്ടിരുന്നാലും ചിലപ്പോൾ രക്ഷിതാക്കൾക്ക് ഇത് വിളർച്ചയുടെ ലക്ഷണങ്ങളാണെന്ന് മനസ്സിലായെന്ന് വരില്ല.
ഇത്തരം അവസ്ഥയിൽ തീർച്ചയായും ഒരു ഗൈനക്കോളജിസ്റ്റിനെ കാണണം. അമിതമായി രക്തസ്രാവം പോകുന്നത് തടയാനും വിളർച്ച മാറ്റുവാനുമുള്ള മരുന്നുകൾ ഗൈനക്കോളജിസ്റ്റിന് നിർദ്ദേശിക്കാൻ സാധിക്കും. മാത്രവുമല്ല വളരെ വിരളമായി വരുന്ന അണ്ഡാശയത്തിലെ ചില മുഴകളോ അല്ലെങ്കിൽ ഗർഭാശയത്തിനു അകത്തു വരുന്ന ചില കുഴപ്പങ്ങളോ കണ്ടുപിടിക്കാൻ ഒരു സ്‌കാൻ ചെയ്യുകയും വിളർച്ച എത്രത്തോളം ഉണ്ടെന്ന് കണ്ടുപിടിക്കുന്നതിനു വേണ്ടിയുള്ള ടെസ്റ്റുകൾ ചെയ്യുവാനും ഗൈനക്കോളജിസ്റ്റിന് നിർദ്ദേശിക്കാൻ സാധിക്കും.
ആർത്തവ ചക്രം തുടങ്ങി കഴിഞ്ഞ് ആദ്യത്തെ ഒന്നോ രണ്ടോ വർഷങ്ങളിൽ വരുന്ന മേൽപ്പറഞ്ഞ ആർത്തവ ക്രമക്കേടുകൾ ശാരീരിക വളർച്ചയുടെ ഭാഗമായി വരുന്നതാണ്. അതുകൊണ്ട് മാതാപിതാക്കളോ കുട്ടികളോ വ്യാകുലപ്പെടേണ്ടതില്ല. രക്തസ്രാവം കൂടുതൽ ആണെങ്കിൽ തീർച്ചയായും ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് അതിനുള്ള പ്രതിവിധി തേടേണ്ടതാണ്.
ആർത്തവ സമയത്ത് കൗമാരക്കാരിൽ കാണുന്ന മറ്റൊരു പ്രശ്‌നം വയറുവേദനയാണ്. ഈ വയറുവേദന മാസമുറ തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പ് തുടങ്ങുകയും ആദ്യത്തെ ഒരു ദിവസം ഏതാനും മണിക്കൂറുകൾ നീണ്ടു നിൽക്കുകയും ചെയ്യും. ഈ വേദനയുടെ കാഠിന്യം പല കുട്ടികളിലും വ്യത്യസ്തമാണ്. എന്നിരുന്നാലും ഭൂരിഭാഗം പേർക്കും മരുന്നുകൾ ഒന്നും കഴിക്കാതെ തന്നെ വയറുവേദന മാറുന്നതായിട്ടാണ് കാണുന്നത്. വയറിനോ നടുവിനോ ചൂടു കൊടുക്കുകയും വയർ അമർത്തി പിടിച്ച് കമഴ്ന്ന് കിടക്കുകയും ഒക്കെ ചെയ്യുന്നതു വഴി കുട്ടികൾ തന്നെ ഇതിനൊരു പരിഹാര മാർഗ്ഗം കണ്ടുപിടിക്കാറാണ് പതിവ്. വളരെ ചെറിയ ശതമാനം കുട്ടികളിൽ ഈ വയറുവേദന അതികാഠിന്യമുള്ളതായിട്ട് കണ്ടു വരുന്നു. വളരെ കഠിനമായ വയറുവേദന, കാലുവേദന, നടുവേദന ചിലപ്പോൾ ഇതിന്റെ കൂട്ടത്തിൽ തലകറക്കവും ഛർദ്ദിയും കണ്ടു വരുന്നു. ഇങ്ങനെ മാസമുറ സസമയത്ത് വയറുവേദന അതിതീവ്രമാണെങ്കിൽ തീർച്ചയായും ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് മറ്റു ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല എന്ന് ഉറപ്പിച്ചതിനു ശേഷം തുടർന്നുള്ള മാസക്കുളിയുടെ വേദന വരാൻ തുടങ്ങുമ്പോൾ തന്നെ കഴിക്കാനുള്ള ഒന്നോ രണ്ടോ വേദനസംഹാരി ഗുളികകൾ ഡോക്ടർമാർ നിർദ്ദേശിച്ചു തരും.
പക്ഷേ ഡോക്ടർമാർ ഇത്തരത്തിലുള്ള മരുന്നുകൾ നിർദ്ദേശിച്ചാൽ പോലും അത് കഴിക്കുന്നതിനോട് മാതാപിതാക്കൾക്ക് ഒരു വിയോജിപ്പ് കണ്ടു വരുന്നുണ്ട്. ഇത്തരം മരുന്നുകൾ ഭാവിയിൽ കുട്ടികളുടെ പ്രത്യുൽപാദന ശേഷിയെ പ്രതികൂലമായി ബാധിക്കും എന്നുള്ള മിഥ്യാധാരണ നിലനിൽക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ തെറ്റിധാരണ അവർ വളർന്നു വരുന്ന പുതുതലമുറയിലേയ്ക്ക് അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. പലപ്പോഴും കുട്ടികൾക്ക് സ്‌കൂളിൽ പോലും പോകാൻ സാധിക്കാതെ വേദനയും സഹിച്ച് വീട്ടിൽ തന്നെ കഴിയേണ്ട അവസ്ഥയാണ് നമ്മൾ കാണുന്നത്. അതിന്റെ ആവശ്യമില്ല. മാസമുറ സമയത്ത് ഒരു വേദനസംഹാരി കഴിച്ചു എന്ന് പറഞ്ഞ് അവരുടെ പ്രത്യുൽപാദനപരമായ ആരോഗ്യത്തെ ഒരു വിധേനയും ബാധിക്കുകയില്ല. ശാരീരികമായ വളർച്ചയുടെ ഭാഗമായി വരുന്ന ക്രമക്കേടുകളല്ലാതെ വളരെ വിരളമായി മറ്റു കാരണങ്ങളും ഉണ്ടാകാം. രക്തം കട്ടപിടിക്കാനുള്ള താമസം, മറ്റു ഹോർമോണുകളുടെ അസന്തുലിതാവസ്ഥ, തൈറോയ്ഡിന്റെ പ്രശ്‌നങ്ങൾ, പോളിസിസ്റ്റിക് ഓവറി, ഗർഭപാത്രത്തിനകത്തു ഉണ്ടാകുന്ന മുഴകൾ ഒക്കെ ആർത്തവ ക്രമക്കേടുകൾ ഉണ്ടാക്കുന്നവയാണ്.
പക്ഷേ ഇതിനൊക്കെ പ്രത്യേകമായ ലക്ഷണങ്ങളുണ്ട്. ഒരു ഡോക്ടറെ കണ്ടു കഴിയുമ്പോൾ അത് അവർക്ക് മനസ്സിലാകും. കൗമാര പ്രായത്തിൽ രക്തസ്രാവം കൂടുതൽ ആണെങ്കിൽ തീർച്ചയായും ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് അതിനുള്ള പ്രതിവിധി തേടേണ്ടതാണ്.