ക്രമം തെറ്റിയ ആർത്തവമോ? ; ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തി നോക്കൂ

Advertisement

ക്രമം തെറ്റി വരുന്ന ആർത്തവമുറ സ്ത്രീകൾക്ക് പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. സമ്മർദം കുറയ്ക്കുക, വ്യായാമം പതിവാക്കുക പോലുള്ള ചില ജീവിതശൈലീ മാറ്റങ്ങൾ വഴി ആർത്തവം ക്രമപ്പെടുത്താൻ സാധിച്ചേക്കും. ഇതിനൊപ്പം ഇക്കാര്യത്തിൽ സഹായകമായ ചില സസ്യങ്ങളെയും പഴ വിഭവങ്ങളെയും പരിചയപ്പെടാം.

  1. ബ്ലാക്ക് കൊഹാഷ്

വടക്കേ അമേരിക്കയിലെ കാടുകളിൽ കാണപ്പെടുന്ന ഒരു തരം സസ്യമാണ് ബ്ലാക്ക് കൊഹാഷ്. ബ്ലാക്ക് ബഗ്ബേന്‍, ബ്ലാക്ക് സ്നേക്ക് റൂട്ട്, ഫെയറി കാൻഡിൽ എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു. ഇതിന്റെ വേര് ആർത്തവസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചികിത്സയിൽ ഉപയോഗിക്കപ്പെടുന്നു. ബ്ലാക്ക് കൊഹാഷ് വേര് ഉണക്കി പൊടിച്ചത് വിപണിയിൽ പല ബ്രാൻഡുകളിൽ ലഭ്യമാണ്.

  1. പാര്‍സ്ലി

കാഴ്ചയിൽ കൊത്തമല്ലി ഇല പോലെ ഇരിക്കുന്നതും കൊത്തമല്ലിയുടെ അതേ ജൈവകുടുംബത്തിൽ പെട്ടതുമായ സസ്യമാണ് പാർസ്ലി. ചിലയിടങ്ങളിൽ കൊത്തമല്ലിക്ക് ചൈനീസ് പാർസ്ലി എന്നും പേരുണ്ട്. പാർസ്ലിയിൽ അടങ്ങിയിരിക്കുന്ന മിരിസ്റ്റിസിസും എപ്പിയോളും ഈസ്ട്രജൻ ഉത്പാദനം വർധിപ്പിക്കും. ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ഇത് നല്ലതാണ്. ഇതിൽ ഫ്ളാവനോയ്ഡ്, വൈറ്റമിൻ എ, സി, കെ എന്നിവ അടങ്ങിയിരിക്കുന്നു.

  1. പൈനാപ്പിൾ

ബ്രോമെലൈൻ ധാരാളമായി അടങ്ങിയിരിക്കുന്ന പൈനാപ്പിൾ ഈസ്ട്രജൻ പോലുള്ള ഹോർമോണുകളെ സ്വാധീനിക്കുക വഴി ആർത്തവചക്രത്തെ ക്രമപ്പെടുത്തുന്നു. ആർത്തവ സമയത്തെ രക്തമൊഴുക്ക് മെച്ചപ്പെടുത്താനും പൈനാപ്പിൾ സഹായിക്കുന്നു.

  1. മഞ്ഞൾ

ഈസ്ട്രജൻ, പ്രൊജസ്ട്രോൺ ഹോർമോണുകളുടെ തോതിനെ സ്വാധീനിക്കുന്ന പരമ്പരാഗത ഔഷധമാണ് മഞ്ഞൾ. ഗർഭപാത്രത്തെ വികസിപ്പിക്കാനും ഗർഭപാത്രത്തിലെയും യോനീപ്രദേശത്തെയും രക്തയോട്ടം മെച്ചപ്പെടുത്താനും മഞ്ഞൾ സഹായകമാണ്. മഞ്ഞൾ പാലിൽ ചേർത്ത് കുടിക്കുന്നത് ആർത്തവപ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും.

  1. ഇഞ്ചി

ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഇഞ്ചി ചായയിലും മറ്റും ചേർത്ത് കഴിക്കുന്നത് ആർത്തവ സമയത്തെ വേദന ലഘൂകരിക്കാൻ ഉത്തമമാണ്. ആർത്തവചക്രത്തെ ക്രമപ്പെടുത്താനും ഇഞ്ചിയുടെ നിത്യവുമുള്ള ഉപയോഗത്തിലൂടെ സാധിക്കുന്നു. ഹോർമോൺ സന്തുലനം നിലനിർത്താനും ഇഞ്ചി ഉത്തമമാണ്.

Advertisement