മുപ്പത് കഴിഞ്ഞോ, ഇവയൊക്കെ ഒന്ന് ചെയ്തോളൂ

Advertisement

മുപ്പതുകളിൽ എത്തുന്നതോടെ പൊതുവേ സ്ത്രീകളുടെ ശരീരത്തിൽ പല മാറ്റങ്ങളും കണ്ടു തുടങ്ങും. ഹോർമോൺ വ്യതിയാനങ്ങൾ ഉൾപ്പെടെയുള്ള മാറ്റങ്ങൾ തുടങ്ങുന്ന കാലം ആണിത്. ജീവിതശൈലിയിൽതന്നെ വലിയ മാറ്റം ഈ സമയം ഉണ്ടാകാം. എന്നാൽ സ്വന്തം ആരോഗ്യത്തിൽ ഒരിത്തിരി ശ്രദ്ധ നൽകേണ്ട കാലം കൂടിയാണ് ഇത്. മുപ്പതുകളിൽ എത്തിയാൽ സ്ത്രീകൾ ഉറപ്പായും ചെയ്യേണ്ട ആറു മെഡിക്കൽ പരിശോധനകൾ അറിയാം.

മാമോഗ്രാം

അമേരിക്കൻ കാൻസർ സൊസൈറ്റി പറയുന്നത് മുപ്പതുകളിൽ എത്തിയാൽ വർഷത്തിൽ ഒരിക്കൽ എല്ലാ സ്ത്രീകളും മാമോഗ്രാം പരിശോധന നടത്തണം എന്നാണ്. മുപ്പതുകളിൽ അതിനു സാധിച്ചില്ല എങ്കിൽ പോലും നാൽപതുകളിൽ ഉറപ്പായും നടത്തേണ്ട പരിശോധന ആണ് ഇത്. സ്തനാർബുദം മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന പരിശോധന ആണിത്. സ്തനാർബുദം ഇന്ന് അത്രയേറെ ഭയപ്പെടേണ്ട ഒന്നെല്ലെങ്കിൽകൂടിയും കരുതൽ ആവശ്യമുള്ള ഒരു രോഗം തന്നെയാണ്. ബ്രെസ്റ്റ് കാൻസർ കണ്ടെത്തുന്നതിനുള്ള മാർഗങ്ങളിൽ പ്രധാനം സ്വയ പരിശോധനയും മാമോഗ്രഫിയുമാണ്‌. മാമോഗ്രം വഴി രോഗത്തെ നേരത്തെ കണ്ടെത്താനും ചികിത്സകൾ ആരംഭിക്കാനും സാധിക്കും.

പാപ്സ്മിയർ

പാപ്പ് ടെസ്റ്റ്, സെർവിക്കൽ സ്മിയർ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഗർഭാശയമുഖത്തെ (cervix) അർബുദങ്ങളടക്കമുള്ള പല കോശ വ്യതിയാനങ്ങളും രോഗ സാധ്യതയും മുൻകൂട്ടി കണ്ടെത്താൻ ഉതകുന്ന കോശപരിശോധനയാണ് പാപ്സ്മിയർ. 21 വയസ്സുകഴിഞ്ഞാൽ ഓരോ അഞ്ചു വർഷവും ഉറപ്പായും ഈ പരിശോധന നടത്തണം. ഇത് 65 വയസ്സ് വരെ തുടരണം. സെർവിക്കൽ കാൻസർ അഥവാ ഗർഭാശയമുഖ കാൻസർ ഇത് വഴി മുൻകൂട്ടി കണ്ടെത്താം.

എച്ച്പിവി ടെസ്റ്റിങ്

ഗർഭാശയമുഖത്ത് അസാധാരണമായ രീതിയിൽ കോശങ്ങൾ നിയന്ത്രണമില്ലാതെ വളരുന്നതു മൂലമാണ് സെർവിക്കൽ കാൻസർ ഉണ്ടാകുന്നത്. ഇതിനു കാരണമാകുന്നത് ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) ആണ്. പാപ് സ്മിയർ പരിശോധനകളിൽ എന്തെങ്കിലും അസ്വാഭാവികതകൾ കണ്ടെത്തിയാൽ ഡോക്ടർ കൂടുതൽ പരിശോധനകൾ നിർദേശിക്കുക പതിവാണ്. എച്ച്പിവിടെസ്റ്റ്‌, ഡിഎൻഎ ടെസ്റ്റ്‌ എന്നിവ നടത്തുക വഴി രോഗബാധ ഉണ്ടോയെന്നു സ്ഥിരീകരിക്കാൻ സാധിക്കുന്നതാണ്.

ലിക്വിഡ് പ്രൊഫൈൽ

20 വയസ്സ് കഴിഞ്ഞാൽ ഓരോ അഞ്ചു വർഷവും ലിക്വിഡ് പ്രൊഫൈൽ ടെസ്റ്റ്‌ ചെയ്യണം. അതിനൊപ്പം നല്ല ഡയറ്റ്, വ്യായാമം എന്നിവയും ആവശ്യം.

തൈറോയ്ഡ് ഫങ്ഷൻ ആൻഡ്‌ സിബിസി

അനീമിയ, ക്ലിനിക്കൽ തൈറോയ്ഡിസം എന്നിവ നേരത്തെ കണ്ടെത്താൻ ആണ് ഈ പരിശോധനകൾ.

ഫെർട്ടിലിറ്റി ആൻഡ്‌ പ്രി പ്രഗ്നൻസി പരിശോധന

വന്ധ്യതയോ അത് സംബന്ധിച്ച എന്തെങ്കിലും രോഗങ്ങളോ ഉണ്ടോ എന്ന് നേരത്തെ കണ്ടെത്താൻ ഈ പരിശോധനകൾ സഹായിക്കും. മുപ്പതുകളിൽ എത്തിയിട്ടും കുട്ടികൾ ഉണ്ടായില്ല എങ്കിൽ ഉറപ്പായും ഈ പരിശോധന നടത്തണം.