ഫാറ്റി ലിവർ ഭാവിയിൽ സിറോസിസായി മാറുമെന്നത് ശരിയോ?

Advertisement

ഇന്നു പ്രമേഹം പോലെ തന്നെ ഏറെ കണ്ടു വരുന്ന മറ്റൊരു അസുഖമാണു ഫാറ്റി ലിവർ. ഫാറ്റി ലിവറും പ്രമേഹവും ഹൃദ്രോഗവും തമ്മിൽ ബന്ധമുണ്ടെന്നു പറയാം.

നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗത്തും കൊഴുപ്പ് അടിഞ്ഞുകൂടാറുണ്ട്. ഒരു പ്രത്യേക ഘട്ടത്തിൽ കരളിൽ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുമ്പോഴാണു ഫാറ്റി ലിവർ എന്ന അസുഖമുണ്ടാകുന്നത്. ഈ അസുഖത്തിനു ലക്ഷണങ്ങൾ ഒന്നും തന്നെയില്ല. സ്കാനിങ്ങിലൂടെ മാത്രമേ കണ്ടുപിടിക്കാനാകൂ. സ്കാനിങ്ങിൽ ഫാറ്റി ലിവർ ഉണ്ടെന്നു കണ്ടെത്തിയാലും ഭയപ്പെടേണ്ടതില്ല. മറ്റു ചില പരിശോധനകൾ കൂടി നടത്തേണ്ടതുണ്ട്. ഉദാഹരണമായി രക്തപരിശോധന, ലിവർ ഫങ്ഷൻ ടെസ്റ്റ് എന്നിവ ചെയ്തു നോക്കേണ്ടത് ആവശ്യമാണ്. കരളിൽ എത്രത്തോളം കൊഴുപ്പ് അടിഞ്ഞുകൂടിയിരിക്കുന്നു, അത് എത്രത്തോളം പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നു എന്നറിയാനുള്ള ഫൈബ്രോ സ്കാൻ പോലുള്ള പരിശോധനകളും ലഭ്യമാണ്. അടുത്ത ഘട്ടത്തിൽ എന്തു സംഭവിച്ചേക്കാം, എന്തു ചികിത്സയാണു നൽകേണ്ടത് എന്നെല്ലാം മനസ്സിലാക്കാൻ ഈ ടെസ്റ്റുകൾ ഉപയോഗിക്കാം.

അമിതഭക്ഷണം ഉൾപ്പെടെ ഭക്ഷണശീലത്തിലെ പ്രശ്നങ്ങൾ, ജോലി സംബന്ധമായി ഒരുപാടു സമയം ഇരിക്കുന്നത് എന്നു തുടങ്ങി ഒരു കൂട്ടം റിസ്ക് ഫാക്ടർ ഈ അസുഖത്തിനുണ്ട്. ഭക്ഷണം കുറയ്ക്കുക, വ്യായാമം ശീലമാക്കുക എന്നീ മാർഗങ്ങളിലൂടെ അസുഖം നിയന്ത്രണവിധേയമാക്കാം. ചികിത്സയുടെ ആദ്യ ഘട്ടത്തിൽ മരുന്നുകൾ വേണം എന്നില്ല. എന്നാൽ, കൃത്യ സമയത്തു ചികിത്സിച്ചില്ലെങ്കിൽ ഫാറ്റി ലിവർ ക്രോണിക് ലിവർ ഡിസീസിനും സിറോസിസ് ബാധിക്കാനും കരളിന്റെ പ്രവർത്തനത്തെ ബാധിക്കാനും കരളില്‍ വരുന്ന കാൻസറിനും വഴിവച്ചേക്കാം.