അവയവങ്ങളിൽ നിന്നുള്ള അശുദ്ധ രക്തം തിരികെ വീണ്ടും ഹൃദയത്തിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകളാണ് സിരകൾ അഥവാ വെയ്നുകൾ. ഗുരുത്വാകർഷണ ബലത്തിനെതിരെ കാലുകളിൽ നിന്നുൾപ്പെടെ മുകളിലേക്ക് പേശികളുടെ പമ്പിങ് ആക്‌ഷൻ മൂലമാണ് രക്തം തിരികെ കയറുന്നത്. ഇത്തരത്തിൽ കയറി പോകുന്ന അശുദ്ധരക്തം താഴേക്ക് ഒഴുകാതിരിക്കാൻ വാൽവുകളും വെയ്നുകളിലുണ്ട്. ഈ വാൽവുകൾക്കോ വെയ്നുകളുടെ ഭിത്തികൾക്കോ തകരാർ സംഭവിക്കുന്നതു മൂലം ഉണ്ടാകുന്ന രോഗമാണ് വെരിക്കോസ് വെയ്ൻ.
കാലുകളിലെ വെയ്നുകൾ വീർത്ത്, തടിച്ച്, കെട്ട് പിണഞ്ഞ അവസ്ഥയിൽ ഇത് മൂലം കാണപ്പെടും. ചിലർക്ക് ഇത് മൂലം കാൽ വേദന, ചർമത്തിന് നിറവ്യത്യാസം, കാലിൽ വൃണങ്ങൾ, കാൽ കഴപ്പ്, മുറിവുകൾ ഉണങ്ങാത്ത അവസ്ഥ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. ചിലപ്പോൾ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവവും ഉണ്ടാകാം.
ദീർഘനേരമുള്ള ഇരിപ്പോ, നിൽപ്പോ വെരിക്കോസ് വെയ്നിന് കാരണമാകാമെന്ന് ഡോക്ടർമാർ പറയുന്നു. ഇത് കൂടാതെ അമിതവണ്ണം, ഗർഭാവസ്ഥ, പ്രായാധിക്യം, ആർത്തവവിരാമം എന്നിവയും വെരിക്കോസ് വെയ്നിലേക്ക് നയിക്കാം. പാരമ്പര്യമായും ചിലർക്ക് ഈ രോഗം പകർന്നു കിട്ടാം.
വെരിക്കോസ് വെയ്നിനുള്ള ചികിത്സ അതിൻറെ കാരണം കണ്ടെത്തിയാണ് നടത്തേണ്ടത്. വെയ്നുകളുമായി ബന്ധമില്ലാത്ത മറ്റ് കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന വെരിക്കോസ് വെയ്നിനെ സെക്കൻഡറി വെരിക്കോസ് വെയ്ൻ എന്നു വിളിക്കുന്നു. വയറിലെ ട്യൂമറുകൾ, കാലിലെ ഏറ്റവും ഉള്ളിലുള്ള രക്തക്കുഴലുകളിൽ രക്തം കട്ട പിടിക്കുന്ന ഡീപ്പ് വെയ്ൻ ത്രോംബോസിസ് എന്നിവ സെക്കൻഡറി വെരിക്കോസ് വെയ്നിനുള്ള കാരണങ്ങളാണ്.
വ്യായാമം, ഇരിക്കുമ്പോഴോ കിടക്കുമ്പോഴോ കാലുകൾ പൊക്കി വയ്ക്കുന്നത്, കംപ്രഷൻ സ്റ്റോക്കിങ്സുകളുടെ ഉപയോഗം എന്നിവ വെരിക്കോസ് വെയ്ൻ മൂലമുള്ള വേദന ലഘൂകരിക്കാൻ സഹായിക്കും. ഒരു ജനറൽ സർജൻറെയോ വാസ്കുലാർ സർജൻറെയോ മേൽനോട്ടത്തിലാകണം വെരിക്കോസ് വെയ്നിനുള്ള ചികിത്സ.
best vericose vein surgery hospital suggest cheyyamo? all over in india