പലപ്പോഴും പ്രായമാകുമ്പോൾ അനുഭവപ്പെടാറുള്ള ഒന്നാണ് ഓര്‍മക്കുറവ്. എന്നാല്‍ പ്രായാധിക്യം മാത്രമല്ല മറ്റ് പല ഘടകങ്ങളും ഓര്‍മശക്തിയെ ബാധിക്കാമെന്ന് മനഃശാസ്ത്ര വിദഗ്ധര്‍ പറയുന്നു. യുവാക്കളിലും ഇതിനാല്‍ ഓര്‍മക്കുറവ് ദൃശ്യമായെന്ന് വരാം.
തൈറോയ്ഡ് പ്രശ്നങ്ങള്‍, തലയ്ക്കുണ്ടാകുന്ന പരുക്ക്, ലഹരി ഉപയോഗം, ഉറക്കമില്ലായ്മ, പോഷണക്കുറവ്, അര്‍ബുദ ചികിത്സ, പക്ഷാഘാതം, ചുഴലി രോഗം, എച്ച്ഐവി, ക്ഷയം പോലുള്ള അണുബാധകള്‍ എന്നിവ ഓര്‍മക്കുറവിലേക്ക് നയിക്കാമെന്ന് ദ ന്യൂഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഫോര്‍ട്ടിസ് ആശുപത്രിയിലെ മനഃശാസ്ത്രരോഗ വിദഗ്ധന്‍ ത്രിദീപ് ചൗധരി പറയുന്നു. വിഷാദം, ഉത്കണ്ഠ പോലുള്ള മാനസികാരോഗ്യ സ്ഥിതിവിശേഷങ്ങള്‍ ശ്രദ്ധിച്ചിരിക്കാനും കാര്യങ്ങള്‍ ഗ്രഹിക്കാനും ഓര്‍മിക്കാനുമുള്ള വ്യക്തിയുടെ കഴിവിനെ സാരമായി ബാധിക്കാം.
ദൈനംദിന കാര്യങ്ങളിലെ മള്‍ട്ടിടാസ്കിങ്ങാണ് ഓര്‍മക്കുറവിന്‍റെ കാര്യത്തിലെ മറ്റൊരു വില്ലന്‍. ഒരേ സമയം പല കാര്യങ്ങള്‍ ചെയ്യുമ്പോൾ ചെയ്യുന്ന കാര്യങ്ങളില്‍ മനസ്സും ബുദ്ധിയും അര്‍പ്പിക്കാതിരിക്കാന്‍ സാധ്യതയുണ്ട്. ഇതും അക്കാര്യങ്ങളെ കുറിച്ചുള്ള ഓര്‍മയെ ബാധിക്കുന്നു. ചുഴലി രോഗമുള്ളവരില്‍ ചുഴലി വരുന്ന സമയത്ത് തലച്ചോറിന്‍റെ ടെംപറല്‍, ഫ്രോണ്ടല്‍ ലോബുകള്‍ ബാധിക്കപ്പെടാറുണ്ട്. ഇതും ഓര്‍മശക്തിയെ കാര്യമായി ബാധിക്കാം. നല്ല ഉറക്കം, വ്യായാമം, പോഷണസമ്പുഷ്ടമായ ഭക്ഷണക്രമം, തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്ന കളികള്‍, വായന എന്നിവയെല്ലാം ഓര്‍മശക്തി മൂര്‍ച്ചയുള്ളതാക്കി വയ്ക്കാന്‍ സഹായിക്കും.