‘അമിതവണ്ണമൊന്നു പോയെങ്കിൽ അസുഖങ്ങൾ പകുതി മാറിക്കിട്ടിയേനെ..’’– വാർധക്യത്തിന്റെ വിഷമതകൾ വർധിപ്പിക്കുന്ന അമിതവണ്ണത്തെ തുരത്താൻ ആവുന്നതു ശ്രമിച്ചിട്ടും പരാജയപ്പെടുന്നവർ ഏറെ. മുതിർന്ന പൗരന്മാരിൽ അമിതവണ്ണം കൊണ്ടു ബുദ്ധിമുട്ടുന്നവർ ഒട്ടേറെയുണ്ട്.
അമിതവണ്ണത്തെ ഒഴിവാക്കാൻ അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കാം.
ശരിയായ ഭക്ഷണം
കഴിക്കുന്ന ഭക്ഷണത്തിൽ അമിത കാലറി ഇല്ലെന്ന് ഉറപ്പാക്കുക. ആവശ്യമായ കാലറി മാത്രം അടങ്ങിയ ഭക്ഷണം കഴിക്കുക. എന്തു കഴിക്കുന്നു എന്നതിനൊപ്പം തന്നെ പ്രധാനമാണ് എത്ര അളവിൽ കഴിക്കുന്നു എന്നത്. പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പു കുറഞ്ഞ മാംസം, തവിടു നീക്കാത്ത ധാന്യങ്ങൾ തുടങ്ങിയവ കഴിക്കാം. റെഡ് മീറ്റ്, പ്രോസസ് ചെയ്ത ഭക്ഷണപദാർഥങ്ങൾ തുടങ്ങിയവ ഒഴിവാക്കണം.
കഴിക്കുന്ന രീതി
ഭക്ഷണം കഴിക്കുന്ന രീതിക്കും പ്രാധാന്യമുണ്ട്. മറ്റെന്തെങ്കിലും ചിന്തയിൽ ഭക്ഷണം കഴിക്കുന്നതിനു പകരം എന്തു കഴിക്കുന്നു എന്നത് അറിഞ്ഞു കഴിക്കണം. ടിവി കണ്ടുകൊണ്ടുള്ള ഭക്ഷണം കഴിക്കൽ ഒഴിവാക്കണം. ചെറിയ അളവിലുള്ള ഭക്ഷണം കൂടുതൽ സമയമെടുത്തു കഴിക്കണം. പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കാൻ ശ്രദ്ധിക്കണം. പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോൾ തുടർന്നുള്ള നേരങ്ങളിൽ കൂടുതൽ ഭക്ഷണം കഴിക്കാൻ സാധ്യതയുണ്ട്.
ചലനം, ചലനം
എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക. അമിതവിശ്രമം പാടില്ല. മിതമായ രീതിയിൽ വ്യായാമം ചെയ്യാൻ ശ്രദ്ധിക്കണം.
സുഖമായി ഉറങ്ങാം
ദിവസവും എട്ടു മണിക്കൂർ ഉറക്കം ഉറപ്പാക്കുക. ഉറക്കമില്ലായ്മ മൂലമുണ്ടാകുന്ന സ്ട്രെസ് ഹോർമോൺ അമിതവണ്ണത്തിനു കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വെള്ളം കുടിക്കുക
ആവശ്യത്തിനു വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. അമിതവണ്ണത്തെ തടയുന്നതിന് ഇതു സഹായിക്കും.