ചരിത്രത്തിലാദ്യമായി ഗർഭസ്ഥശിശുവിന്റെ തലച്ചോറിൽ ശസ്ത്രക്രിയ. ഭ്രൂണാവസ്ഥയിൽ തന്നെ ശസ്ത്രക്രിയ ചെയ്തില്ലായിരുന്നുവെങ്കിൽ പ്രസവത്തിന് മുൻപ് കുഞ്ഞിന്‍റെ മരണം സംഭവിക്കാനിടയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഭ്രൂണാവസ്ഥയിലിരിക്കെ തന്നെ കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയമാക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്. ഡെറിക്– കെൻയാറ്റ ദമ്പതികളുടെ കുഞ്ഞിനാണ് ശസ്ത്രക്രിയ നടത്തിയത്.
തലച്ചോറില്‍ നിന്ന് ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന രക്തക്കുഴല്‍ കൃത്യമായി വികസിക്കാത്തതായിരുന്നു പ്രശ്നം. ഞരമ്പുകളില്‍ രക്തം കെട്ടിക്കിടക്കാനും ഹൃദയവും തലച്ചോറുമടക്കമുള്ള അവയവങ്ങള്‍ തകരാറിലാകാനും ജീവൻ തന്നെ നഷ്ടപ്പെടാനും ഇത് കാരണമാകും. ഭ്രൂണാവസ്ഥയിൽ തന്നെ ശസ്ത്രക്രിയ ചെയ്തില്ലായിരുന്നുവെങ്കിൽ പ്രസവത്തിന് മുൻപ് കുഞ്ഞിന്‍റെ മരണം സംഭവിക്കുമായിരുന്നുവെന്നാണ് മെഡിക്കൽ റിപ്പോർട്ടിലുള്ളത്. 30 ആഴ്ച പ്രായമുള്ളപ്പോഴാണ് സ്കാനിങ്ങിലൂടെ രോഗം തിരിച്ചറിഞ്ഞത്. ഭ്രൂണത്തിന് 34 ആഴ്ചയും രണ്ടുദിവസവും പ്രായമുള്ളപ്പോഴായിരുന്നു ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഡോക്ടർ ഡാരേൺ ഓർബാച്ചിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം ശസ്ത്രക്രിയ നടത്തിയത്.
ഈ അവസ്ഥയിലുള്ള കുഞ്ഞുങ്ങളില്‍ 50-60 ശതമാനം കുഞ്ഞുങ്ങളും പെട്ടെന്നുതന്നെ രോഗം മൂലം ഗുരുതരാവസ്ഥയിലേക്ക് എത്താറുണ്ട്. ഇതില്‍ 40 ശതമാനത്തോളമാണ് മരണസാധ്യതയുള്ളത്. ഹൃദയസംബന്ധമായ പ്രശ്നങ്ങളോ തലച്ചോറിനെ ബാധിക്കുന്ന പ്രശ്നങ്ങളോ ഉണ്ടാവാനുള്ള സാധ്യത അറുപത് ശതമാനം കുഞ്ഞുങ്ങളിലുമുണ്ട്. സാധാരണ കുഞ്ഞുങ്ങൾ ജനിച്ചതിനു ശേഷമാണ് രോഗം കണ്ടെത്താറുള്ളത്. എന്നാലിവിടെ അള്‍ട്രാസൗണ്ട് സ്കാനിലൂടെ കുഞ്ഞിന്റെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു.
ജനിച്ചതിനു ശേഷമുള്ള എംആർഐ സ്കാനിങ്ങുകളിലടക്കം കുഞ്ഞിന്റെ തലച്ചോറിനും മറ്റ് ശശീരഭാഗങ്ങള്‍ക്കും യാതൊരു കുഴപ്പവുമില്ലെന്ന് കണ്ടെത്തി. ജനന സമയത്ത് രണ്ടുകിലോയോളം തൂക്കവുമുണ്ടായിരുന്നു കുഞ്ഞിന്. ഡെൻവർ കോൾമാൻ എന്നാണ് തങ്ങളുടെ പെൺകുഞ്ഞിന് ഡെറിക്കും കെൻയാറ്റയും പേരിട്ടിരിക്കുന്നത്.