ദിവസവും രാവിലെ കുതിർത്ത ബദാം കഴിക്കൂ; അറിയാം ഈ ആരോഗ്യ ഗുണങ്ങൾ…

Advertisement

ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ പെടുത്താവുന്നവയാണ് നട്‌സ്. അതിൽ പോഷകങ്ങളുടെ കലവറയാണ് ബദാം. പ്രോട്ടീൻ, വിറ്റാമിനുകൾ, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ബദാം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ബദാം ഹൃദയാഘാതസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പോലും പറയുന്നത്. പ്രമേഹരോഗികൾക്കും ബദാം നല്ലതാണ്.

ബദാം വെറുതേ കഴിക്കുന്നതിലും നല്ലതാണ് കുതിർത്ത ബദാം കഴിക്കുന്നത്. ഇത് ബദാമിൻറെ ഗുണങ്ങൾ കൂട്ടും. ഇതിനായി രാത്രി വെള്ളത്തിൽ കുറച്ച് ബദാം ഇട്ടുവയ്ക്കുക. രാവിലെ ഈ വെള്ളം കളഞ്ഞതിന് ശേഷം തൊലി കളഞ്ഞ ബദാം കഴിക്കാം.

അറിയാം കുതിർത്ത ബദാമിൻറെ ഗുണങ്ങൾ…

ഒന്ന്…

ഒന്നിലധികം പോഷകങ്ങൾ നിറഞ്ഞതാണ് ബദാം. നാരുകൾ, പ്രോട്ടീൻ, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവ അടങ്ങിയ കുതിർത്ത ബദാം രാവിലെ കഴിക്കുന്നത് ഒരു ദിവസത്തെ പോഷകങ്ങൾ ലഭിക്കാൻ സഹായിക്കും. കുതിർത്ത ബദാം ദിവസവും കഴിക്കുന്നത് ഊർജ്ജനില നിലനിർത്താനും സഹായിക്കുന്നു.

രണ്ട്…

കുതിർത്ത ബദാം ദഹിക്കാൻ എളുപ്പമാണ്. കുതിർത്ത ബദാം ദഹനം വർധിപ്പിക്കുകയും ചെയ്യും. ഇത് പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കും. ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന എൻസൈമിന്റെ ഉൽപാദനത്തെയും ഇവ പ്രോത്സാഹിപ്പിക്കുന്നു.

മൂന്ന്…

കുതിർത്ത ബദാം ദിവസവും കഴിക്കുന്നത് തലച്ചോറിൻറെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ഓർമശക്തി മെച്ചപ്പെടുത്താൻ സഹായിക്കും.

നാല്…

ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാനും നല്ല കൊളസ്‌ട്രോളിന്റെ ആരോഗ്യകരമായ അളവ് പ്രോത്സാഹിപ്പിക്കാനും കുതിർത്ത ബദാം സഹായിക്കും. ഇത് ഹൃദയാരോഗ്യം വർധിപ്പിക്കും. കുതിർത്ത ബദാം രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും, ഇതും ഹൃദയാരോഗ്യത്തിന് നല്ലതാണ്.

അഞ്ച്…

വിറ്റാമിൻ ഇ ധാരാളം അടങ്ങിയ ബദാം കുതിർത്ത് കഴിക്കുന്നത് ചർമ്മത്തിൻറെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്. ബദാമിലെ വിറ്റാമിൻ ഇ നിങ്ങളുടെ ചർമ്മത്തെ മിനുസമാർന്നതും മൃദുലവുമാക്കും. തലമുടി കൊഴിച്ചിലിനെതിരെ പോരാടാനും ഇത് നിങ്ങളെ സഹായിക്കും.

ആറ്…

ഉയർന്ന പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉള്ള കുതിർത്ത ബദാം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പ്രോട്ടീൻ, നാരുകൾ, കൊഴുപ്പ് എന്നിവ ഉൾപ്പെടുന്ന ബദാം കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നുകയും അങ്ങനെ കലോറി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഏഴ്…

ബദാമിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിൻറെ ഉത്പാദനം നിയന്ത്രിക്കുന്നു. അതുവഴി നല്ല ഉറക്കം ലഭിക്കാനും ഇവ സഹായിക്കും.