നടുവേദന വരുന്നവരുടെ എണ്ണം വർധിക്കുമെന്ന് ലാൻസെറ്റ് പഠനം

Advertisement

2050–ാടു കൂടി ലോകമാസകലം 840 ദശലക്ഷം പേർക്ക് നടുവേദന പോലുള്ള പ്രശ്‌നങ്ങൾ അനുഭവപ്പെടാമെന്ന് ഓസ്‌ട്രേലിയ സിഡ്‌നി സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലാകും ഇതിന്റെ പ്രത്യാഘാതം കൂടുതലുണ്ടാകുകയെന്നും ലാൻസെറ്റ് റുമാറ്റോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.

വർധിക്കുന്ന ജനസംഖ്യ, കൂടുതൽ പേർക്ക് പ്രായമാകുന്ന അവസ്ഥ എന്നിങ്ങനെ പലവിധ കാരണങ്ങൾ പുറം വേദനയ്ക്ക് പിന്നിലുണ്ടാകാമെന്ന് ഗവേഷകർ പറയുന്നു. ഈ മോഡലിങ് പഠനത്തിന്റെ ഭാഗമായി 204 രാജ്യങ്ങളിൽ നിന്നുള്ള ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് ഡേറ്റ ഗവേഷകർ പരിശോധിച്ചു.

2020ലെ കണക്കനുസരിച്ച് ലോകത്തിൽ 619 ദശലക്ഷം പേർക്കാണ് പുറം വേദന അനുഭവപ്പെടുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ പുറം വേദന കൂടുതലാണെന്നും ഗവേഷകർ പറയുന്നു. പുറം വേദന കേസുകൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ സ്ഥിരതയില്ലെന്നും പഠനറിപ്പോർട്ട് കൂട്ടിച്ചേർത്തു.

ശസ്ത്രക്രിയ, ഒപ്പിയോയ്ഡുകൾ എന്നിങ്ങനെ പുറം വേദനയ്ക്ക് ശുപാർശ ചെയ്യപ്പെടുന്ന ചികിത്സരീതികൾ പലതും കാര്യക്ഷമമല്ലെന്ന അഭിപ്രായവും റിപ്പോർട്ട് ഉന്നയിക്കുന്നു. പുറം വേദന അനുഭവിക്കുന്ന പ്രായമായവർ ഉൾപ്പെടെയുള്ളവർക്ക് സമയത്തിന് ചികിത്സ ലഭിക്കുന്നതിനുള്ള കാര്യക്ഷമമായ നടപടികൾ വിവിധ രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളിൽ നിന്നുണ്ടാകണമെന്നും ഗവേഷകർ ശുപാർശ ചെയ്യുന്നു.

Advertisement